വെറുതേ
റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ
മെഡൂസത്തലമുടിയുള്ള
ഒരു പെൺകുട്ടി
കാറ്റിൽ വിളിച്ചുപറഞ്ഞു
‘‘പ്രേമം ആപൽകരമായ
അന്വേഷണമാണ് സ്ത്രീയേ.. "
അവൾ തലമുടി പറത്തി
പത്തികൾ വിരിച്ച്
അടുത്ത
ജംങ്ഷനിലിറങ്ങിപ്പോവുന്നതുവരേയും
ആപൽകരമെന്ന വാക്ക്
അങ്ങാടിയാകെ
പ്രതിധ്വനിച്ചുകൊണ്ടിരുന്നു..
വെറുതേയുള്ള
എന്റേയീ
മുറിച്ചുകടക്കലിനിടയിൽ
മെഡൂസത്തലമുടിക്കാരിക്ക്
മറ്റെന്തൊക്കെ
പറയാമായിരുന്നു.
പതുക്കെ മുറിച്ചുകടക്കുവെന്നോ
ആരുടെയെങ്കിലും
കൈപിടിക്കൂവെന്നോ
അങ്ങനെയെന്തൊക്കെ..
എന്തിനാണ്
ദിവസം മുഴുവനും
ഞാൻ അലഞ്ഞുനടക്കാറുള്ള
എന്റെ ആഭ്യന്തരമായ
ഒരന്യേഷണത്തിനു പിന്നാലെ
കാറ്റിൽ അവളൊളിച്ചുവന്ന്
ഇത്രയും
പറഞ്ഞിട്ടു പോയത്..
മെഡൂസത്തലമുടിക്കാരിയുടെ
വീട്ടിലേക്കുള്ള
യാത്രയിലാണ് ഞാൻ.
അവളുടെ തലയിൽനിന്ന്
കൊഴിഞ്ഞ പത്തികളുടെ
ദൂരത്തിൽ
സമയത്തിന്റെ മാളത്തിൽ
അവളുറങ്ങുന്നതിനു മുൻപേ
എന്റെ യൗവ്വനം
തീരുന്നതിനു മുൻപേ
അവൾക്കരികിലെത്തണം…
