1. സിൽവിയ പ്ലാത്ത് ജനിക്കുന്നത്
ഉറക്കം
പുതപ്പിൻ കൂടിനുപുറത്താക്കിയ,
തണുപ്പു തിന്നു മരവിക്കുന്ന
ചെവിക്കുട തുരന്ന്
തലച്ചോറിലൂടെയൊരു തീവണ്ടി പാഞ്ഞു.
ചരിത്രം
ഉപ്പിലിടാതെയുപേക്ഷിച്ച
നെല്ലിക്കത്തുണ്ടിന്റെ ഉപബോധം
കയ്പും ചവർപ്പുമായി
എഴുത്തിനും എഴുത്തില്ലായ്മക്കുമിടയിലെ
പൂപ്പൽ പാടങ്ങൾക്ക് തീവെക്കുന്നു.
ആരാമഭംഗികളെ വിട,
ലഘുവായന്നവഗണിച്ച
‘കള’
വളർന്നു നിന്റെ കഴുമരമായിരിക്കുന്നു!
യക്ഷിണി
ആത്മാവിന്റെ തെക്കിനിയിൽ തളച്ചവൾ
കണ്ണാടിച്ചില്ലുകൾ എറിഞ്ഞുടക്കുന്നു,
പൊട്ടിയ തുണ്ടിൽ മുഖം നോക്കുന്നു.
തലച്ചോറ്
വാക്കിന്റെ അപ്പക്കൂട്ടിൽ വേവുന്നു
പ്ലാത്ത് ജനിക്കുന്നു
2. മനുഷ്യന്റെ മണം
വെറുത്തവരോട് സ്‌നേഹം യാചിച്ച്,
വേഗത കുറഞ്ഞ്,
നിങ്ങൾ നേർത്തുനേർത്തു വരുമ്പോൾ
ചെന്നിക്കുത്തിട്ടു വേവിച്ച സായാഹ്‌നങ്ങൾ മോന്തി കൂരാപ്പ് പൂകാം
ഇരുട്ടിന്റെ കണ്ണാടിയിൽ നിങ്ങളെ കാണുമ്പോൾ,
ഉറക്കം നടിച്ച്, ഉടലഴിഞ്ഞ് കിടക്കാം
പകലിന്റെ നാറാണത്തുഭ്രാന്തുകൾ എണ്ണാം.
മനുഷ്യർക്ക് മണമുണ്ടെന്നും
അത്,
അടുപ്പത്ത് വേകാൻ വച്ച നേന്ത്രപ്പഴം
ആവിയിൽ നീറുമ്പോൾ ഉള്ളതുപോലെ
ഉയിർ പുഴുങ്ങി ഉയരുന്നതാണെന്നും
വെറുതെ ഓർക്കാം
സിഗരറ്റ് പ്രേമിച്ച ചുണ്ടുകൾ
നിരത്തിൽ നിങ്ങളെ ഒറ്റുകൊടുത്തതും
നീട്ടി വളർത്തിയ മുടി നിങ്ങളോട്
നിഴൽയുദ്ധം ചെയ്തതും
നിശ്ശബ്ദമായി നിങ്ങൾ ബഹിഷ്‌കരിക്കപ്പെട്ടതും
അത്തറു പൂശാൻ തുടങ്ങിയതും
പാടിപ്പഴകിയ കഥയിലെ ഈരടികൾ പോലെ മൂളി മൂളി കിടക്കാം
3. സന്ദർശനം
തുരുത്തിലെ വീട്ടിലിരുന്ന്
ശംഖിനു കാതോർക്കുമ്പോഴാണ്
നീ ആദ്യം അവിടേക്ക് വന്നത്;
ഒരു ചെവിയിൽ കടലിരമ്പിയാർത്ത്
മദപ്പെടുമ്പോൾ,
മറുചെവിയിലെ ഇലയനക്കം.
പുറത്ത് നീ അഴിച്ചുവെച്ച ചെരിപ്പു-
രണ്ടിലും കടൽമണ്ണു പുരണ്ടിരുന്നു.
തറയിലെ പൊടി കൊണ്ടുള്ള കാൻവാസിൽ
നിന്റെ കല്‌നനവ് ചിത്രം വരച്ചതും,
ആളനക്കം ഭയന്ന് മച്ചിലെ
മരപ്പട്ടി ഇരുട്ടിലൊളിച്ചതും,
തുരുമ്പിച്ച ജനലുകൾ തള്ളി
തുറന്ന്, നിന്റെ നഖമടർന്നതും,
എന്റെ മൗനം വാറ്റിയ മധു
മോന്തി നീ മഞ്ഞിച്ചുപോയതും,
നിന്റെ ചിരിയൊലികൾ പാഞ്ഞു
ചെന്നെന്റെ മച്ചു വിറച്ചതും,
വെള്ളത്തിൽ കീഴ്‌മേൽ നിഴലെന്ന
പോലെ ഉള്ളിൽ തുളുമ്പുന്നു
പിന്നെയെപ്പോഴോ,
തുരുത്തിന്റെ ഒറ്റയാൻ വിഷാദങ്ങളിലേക്ക്
കിതപ്പുകൾ പായിച്ച്,
നിന്റെ ഒറ്റവഞ്ചി മറുകര തേടി
പോകുമ്പോൾ,
ചെരുപ്പിൽനിന്ന് പിണങ്ങിപ്പിരിഞ്ഞ
ഉപ്പുതരികൾ ദാഹിച്ചുണങ്ങി
മുറ്റത്ത് കിടപ്പുണ്ട്.
തിരക്കൊഴിയുമ്പോൾ, തിരിച്ചുപോകാനായി
ഇനിയും വരിക.
എന്റെ ശംഖൊലിക്കിപ്പോൾ
നിന്റെ ചിരിയുടെ പേറ്റുനോവാണ്.
4. ആത്മഹത്യ ചെയ്യുന്ന ജീവി
നടക്കാനിറങ്ങിയ ജീവബിന്ദുക്കളിൽ
ഒന്നുവളർന്ന് ചെമ്പകവും, മറ്റൊന്ന്
ആത്മഹത്യ ചെയ്യുന്ന ജീവിയുമായി മാറി.
ആദ്യത്തെ ജീവബിന്ദു നടപ്പിനിടയിലെ-
പ്പൊഴോ വേരുപൊട്ടി മണ്ണിലുറച്ചു.
നടത്തം നിർത്തി.
മണ്ണും വേരും പ്രണയിച്ചപ്പോൾ
ചോരപ്പൂക്കളെ പ്രസവിച്ചു.
കാറ്റും മഴയും പ്രണയം പറഞ്ഞപ്പോൾ
പിന്നെയും ‘ജാര’സന്തതികൾ ജനിച്ചു.
പിന്നെ മണ്ണൊലിച്ചു,
കൊടുങ്കാറ്റും പേമാരിയും വന്നു.
അതിജീവനത്തിന്റെ തായ്‌വേര്
ഭൂമിയുടെ ഗർഭം തുരന്ന് കുതിച്ചു!
രണ്ടാമത്തെ ജീവബിന്ദു
വേരുറപ്പിക്കാതെ നടത്തം തുടർന്നു,
പൊരുളറിയാൻ അലഞ്ഞു.
നിർത്താനാകാത്തവണ്ണം
വേഗത്തിലും ആയത്തിലും
തീയും പുകയും പാറിച്ചു, ചക്രം ചവിട്ടി.
പുതിയ തുറകൾ, പുതിയാവേഗങ്ങൾ
ഉയരത്തിൽ പറന്നും ആഴത്തിൽ നീന്തിയും
കൊള്ളിമീൻ വേഗത്തിൽ പാഞ്ഞു...
അസ്തിത്വ സമീക്ഷകൾ വാറ്റിയ
ബീജങ്ങൾ വീണു കിളിർത്ത്
നടപ്പുനിർത്താത്ത ജീവികൾ
പിന്നെയും ജനിച്ചു...
ഇടയ്‌ക്കെപ്പോഴോ
നഷ്ടങ്ങളുടെ പറുദീസയാണ്
നടന്നളന്ന ദൂരങ്ങളെന്നും, നിത്യത
ചക്രവാളത്തിന്റെ മറുപുറമെന്നും
പൊരുൾ തികഞ്ഞു,
അതിജീവനത്തിന്റെ ഉപ്പുകാറ്റേറ്റ്
മരണത്തിനും ജീവിതത്തിനും കുറുകെ
ഇരുമ്പുപാലങ്ങൾ പോലെ തുരുമ്പിച്ചടർന്നു.
അന്നുമുതലത്രേ അവർ
വിഷാദത്തിന്റെ അത്തറുകുപ്പികൾ
മണത്തു മദപ്പെട്ട്
ഇഹലോകത്തിന്റെ ചുരമിറങ്ങിയതും,
സുഷുപ്തിയുടെ തണുത്ത താഴ്‌വരകൾ തേടിയതും...