മീസാങ്കാടിന്നകമതു കാണാൻ,
മേഞ്ഞുനടക്കാനാഞ്ഞും
വേനലിഴഞ്ഞുടലാകെയിറുമ്മും
കറ്റക്കെട്ടു വിടർത്തീ
മീറുകളാടും
മുള്ളിൻ കൂടുകൾ നൂണ്ടു മറഞ്ഞെട, പോന്നു
കാടതു കൂടാൻ, പൊള്ളലൊതുക്കും
തണുവതിനുള്ളമുരുമ്മാൻ.
കല്ലുകൾ പച്ചകൾ തണ്ടുകൾ മൂടിയ
മീസാങ്കാടിന്നകമും
തൂളികൾ പാറി വരുന്നുണ്ടാരോ
ന്നിലകളുരുമ്മിയറിഞ്ഞൂ
ഓതി സലാമും നീട്ടി കൈയ്യും,
മീസാങ്കാട് തുറന്നൂ
മീസാങ്കല്ലുകൾ മൂടിയ കാടുടൽ
കാലമിതെത്ര കടന്നൂ!
പൂവുകൾ കായകൾ തുമ്പികൾ
പച്ചപ്പയ്യുകൾ കുരുവികളും
നോട്ടം കണ്ടൊരു
ചാണതു ചാടും മുള്ളൻ പന്നികളും
ഉപ്പൻ തേടി നടന്നു കൊറിക്കും
കീടത്തരികളതും
വരിതെറ്റാതുയിർ മണി തേടുന്നൊരു
കടിയനുറുമ്പുകളും
തേനട കൂട്ടാൻ മൂളി നടക്കും
തേനഴകീച്ചകളും
തത്തകളൊരുമയിലൊറ്റിപ്പോരും
കതിരതു കരുതും കതിരുകളും
പാറി നടക്കും മലരുകളും വഴി
പേടിപ്പിക്കും പൊത്തുകളും
പൊന്തകൾ മേലേ മുള്ളുകൾ കെട്ടി
വേലി മെടഞ്ഞോരീങ്ങകളും
വള്ളിയിലാടും പാമ്പിന്നുറകൾ
വെള്ളിയരഞ്ഞാൺ മാതിരിയും
വേടോ പാമ്പോ കണ്ടറിയാതെയാധി കുടുക്കും ഞാണുകളും
കനകം തടവിന നൂലുടലാകെ
ക്കൂർപ്പിച്ചൊക്കും കീരികളും
കണ്ണുകൾ ചോന്നു കുറുക്കൻ
പെരിയൊരു മാളം മാന്തിപ്പാർക്കുവതും
താനികൾ ചേരുകൾ ഞാവൽത്തടികൾ
പാലയിലഞ്ഞിപ്പൂമരവും
മരതകമാലെപ്പന്തലൊരുക്കും
മരുതുപിലാവുകളുങ്ങുകളും
ചില്ലകളിലകൾ വിടർത്തിയ
തണലായ്ക്കൂടും കൂടും പല മരവും
മണ്ണിൽ,വീണോരിലയുടെ മറുകായ്
മഞ്ചാടിച്ചെറു കുത്തുകളും
പണ്ടൊരു യൗവ്വനമോർമ്മയിലാടും
മയിലതു തന്നിണയരികിലതും
മൈലാഞ്ചിപ്പൂഞ്ചെടിയുടെയടിയിൽ
കല്ലുകൾ നാട്ടിയ മണ്ണറയും
ആടുകൾ മേയും
കുന്നതു നീന്തും നീരിന്നുറവയിറക്കും
ആരാരെന്നങ്ങൊരുയിട നോട്ടം
ആമയുറങ്ങും കുളവും
കാണെക്കാണെ കെട്ടൂരുന്നു,
കാടതു മേഞ്ഞു നടന്നും
കുറ്റിച്ചെടിയിൽ കായകൾ, നൊട്ടി,
പല്ലിലിറുക്കി രുചിച്ചും
ഉന്നക്കായകൾ പൊട്ടിയുയർന്നൊരു
കാറ്റതുരുമ്മിക്കൊണ്ടൂ
കാറ്റിൻ കൈയ്യാൽ വഴുതിപ്പോരും
കുരുവിക്കൂടതു കണ്ടൂ
കണ്ണുകലങ്ങിക്കവിളിണ വാടി, -
ക്കൂടതു സങ്കടമൊക്കും
തിരികേ വെപ്പതിനായിട്ടുന്തി
മരമതിലൊക്കം ചേർത്തു
കൊമ്പിൽക്കൂടതു ഞാത്തിക്കെട്ടി
ത്തിരികെയിറങ്ങിപ്പോരെ
പച്ചഞരമ്പിരകൈകൾ നീണ്ടൂ
കൊമ്പിൽ തക്കമിരിപ്പാൻ
തമ്മിലുരുമ്മിത്തട്ടം കൂട്ടി -
ക്കളിയായ് വന്നൊരു നാണം
തണ്ടകൾ വാണ്ടൊരു ചോരപ്പൊടികൾ
നീട്ടിയിരുന്നു ചൊടിച്ചൂ
ഞെട്ടങ്ങച്ചെറു പഴമതു,ചില്ലയിൽ,
ചെറുകിളി കൊത്തിയിരുന്നു
പാറിയ താടിപ്പൂക്കളതെല്ലാം
പുല്ലിൽ ചേർന്നു കിടന്നൂ
തൂവൽ മുളച്ചിരുപറവകളാകാനോതി -
ദ്ദിക്ക്റിലിരുന്നു
പൊത്തുമരത്തിൽ കിളികൾ പോലെ
കാട്ടിൽ പാർപ്പതിനായും
ഓടത്തണ്ടുകൾ തട തട താളം
ഓടും കാറ്റിന്നിടയിൽ,
കാടതെടുത്തൊരു മറുവാക്കാവാം ,
മീസാങ്കാടു കിലുങ്ങുന്നൂ
പൊന്തകളുള്ളിൽ,വെട്ടമെറിഞ്ഞു
കതിരവ കണ്ണതിനാലേ
കല്ലുമടക്കിലിരുട്ടതു കൂടി
കണ്ണതു ചിമ്മുകയാലേ
വേനൽമഴയുടെ നൂലുകളാട-
കളുടലിൽ വന്നു കൊരുക്കുന്നു
ഇടിയും മിന്നലുമിണകൾ കൂടി
രതിമഴ നനവുകളാടുന്നു
മഴയുടെ നീർമണി തട്ടിപ്പൊടിയും
കല്ലുമടക്കരു തേടി,
ചിറകു നനഞ്ഞിരു കിളികൾ കണ്ടു
തൂവൽ തമ്മിലൊതുക്കുന്നു
ആറാനിട്ടോരുടലുകൾ മേലെ
ചോണനുറുമ്പു പരന്നു
തമ്മിൽ തമ്മിൽ തട്ടിത്തട്ടി,
പ്പോകാതാകെ ചുറഞ്ഞൂ
ആദിമ കാമനയുള്ളമുണർന്നൂ
ആയിരുൾക്കാടിലുറഞ്ഞൂ
പാറലിഴഞ്ഞൊരു മണ്ണിൻ മണമതു
പാഞ്ഞുടലാകെയലഞ്ഞൂ
കാറ്റൊരു ചെമ്പക മലരിനെ നിന്നുടെ
മുടിയിൽ ഞാത്തിപ്പിന്നുന്നൂ
ഉറവകളൂറിയ പച്ചപ്പുല്ലിൽ
നിഴലും നിഴലുമമർന്നു
കൊങ്ങിണി കെട്ടിയ പൂവുകൾ,
നെഞ്ചിൽ, കന്മദ ഗന്ധം പൂത്തു
ചെമ്പക മലരിൻ നറുമണമാലേ
കുഴലിണ കെട്ടുകളൂർന്നൂ
വേനലുകാണാ തണ്ണീർപ്പന്തലിൽ
വേരുകൾ പാമ്പു പിണഞ്ഞു
ഞാവൽക്കായക്കണ്ണുകളെന്തോ
കൂടിച്ചേർന്നു നിറഞ്ഞു
മാമ്പഴമധുരമിൽ സൃതരായിരുവർ
കാടുടൽ ഹാലിൽ മറഞ്ഞൂ
പൂക്കൾ കോർത്തൊരു മാലയതാലേ
മീസാങ്കാടതു കലയായ്.
(ഓതി സലാമും: അഭിവാദ്യം ചെയ്തു.
ദിക്റിലിരുന്നു: പ്രാർത്ഥനാ കീർത്തനത്തിലിരുന്നു.)