ഒന്ന്
മധുരം നുരയുമലയാഴിയിൽ
കളിയോടം തുഴഞ്ഞെത്തി എറുമ്പണി
മിന്നൽപുഴകൾ തിരിച്ചൊഴുകി കളംകളം
ഒടിവിദ്യയിൽ അനന്തത യക്ഷനായി
ഓടിഓടിമറയും തരുനിര
ദൂരെ മാമലകൾ ചേക്കേറുമാരവം
പച്ചക്കുതിരയായി കാറ്റ്
ദീപാവലി വരിവരയായി നീന്തിമറയും
തിരതെളിയുന്ന സീമ
പായ്ക്കപ്പലേ, നങ്കൂരമിടുക
അതിർത്തിക്കടക്കുമ്പോൾ എല്ലാമെല്ലാം
ഞൊടിയിടയിൽ മാറിമറിയും
ചെളിമണ്ണ് പിൻതള്ളിയിട്ടൊട്ടേറെയായി
കാലടിയിലെ നിശ്ചലതയല്ലോ ചലനം
എങ്ങുമെങ്ങും നിൽക്കാത്ത നീലാകാശം
പുസ്തകതാളിൽ വിടർന്നു നീലത്താമര
കൊഴിഞ്ഞു മയിൽപ്പീലി തുണ്ടുകൾ
പാറിപ്പറന്നു വെൺകൊറ്റികൾ തൂവെൺമയിൽ
കൂകിപ്പായുന്ന വേഗമേ, തിരിച്ചെണ്ണിയെണ്ണി-
യെത്തി ഒടുവിലെ തുടക്കത്തിൽ
ഒരൊറ്റ നക്ഷത്രം പച്ചക്കൊടി കാട്ടി.
രണ്ട്
കാലത്തുണർന്നാൽ
ആദ്യം കാണുന്നതെന്തെന്ന് ചോദ്യം
വളഞ്ഞ ചോദ്യത്തെ
വലിച്ചുനീട്ടിയാലാശ്ചര്യചിഹ്നം
എങ്ങനെയെന്ന നിഴൽ
ചോദ്യത്തെയമൂർത്തം പിൻതുടരും
മുമ്പിൽ പതിയിരിക്കുന്നു,
ത്തരങ്ങളെങ്ങുമസംഖ്യം
സംശയമസന്നിഗ്ദ്ധം
തിക്കിലും തിരക്കിലും പെട്ടു
കണ്ടതെല്ലാം കണ്ടുകണ്ടങ്ങ്
കണ്ണു നിറഞ്ഞല്ലോ
കണ്ണടച്ചാലോ
കാണുകയായ്
കാണാത്തതെല്ലാം
ജനലിൽ തലയിടുന്നു ദിനോസർ
പുഴകടത്തുന്നു മത്സ്യഗന്ധി
അലക്സാണ്ടറാക്രമിക്കുന്നു മഗധയെ
കുഞ്ഞുമാലാഖ ചിറകുകളരികിൽ
തൂണുപിളർന്നെത്തുന്നു നരസിംഹം
നൃത്തശാലയിൽ തിലോത്തമ
കണ്ണുതുറന്നാലോ-
കാണുന്നില്ലയൊന്നും
കാലടിയിൽ ചതഞ്ഞത് നെയ്യുറുമ്പ്
കാറ്റിനെ കണ്ടതില്ലിതേവരെ
ചിത്രശലഭമോ പാറിമറഞ്ഞു
വീണതു രാജമല്ലി,യതോയിന്ദുപുഷ്പമോ?
പൊടിയേറ്റ് കാമന്റെ കണ്ണിണ തുടുത്തു
വെള്ളപ്പൊക്കത്തിലൊലിച്ചുപോയ് പേടമാൻ
കണ്ണുവേണമെന്നില്ല കാണാൻ
ചെവിയോ മൂക്കോ വാലോ
വായോ വിരലോ മതി
ആനയെഴുന്നള്ളും
ഉത്സവം കൊടിയേറും
എന്നും കാണുന്നവ കണിയല്ല
സുഭഗസന്ദേശകാവ്യങ്ങളേയല്ല
ഭിത്തി, ക്ലോക്ക്, വാതിൽ, കട്ടിൽ, ഭാര്യ
കണ്ണിൽ പതിയില്ല തെല്ലും നിശ്ശബ്ദത
നിത്യപരിചയം ജടാധരം
കൊടുംകാടുകയറും
മായാശില്പങ്ങൾ
നീലനിശ്ചലഹ്രദത്തിൽ മുങ്ങിമറയും
കണ്ണിൽ വിളങ്ങാൻ അഭംഗികൾ വേണം
അടിത്തട്ടിലെ ചെളിയിലെഴുതി
പെൺകൊടി പ്രേമലേഖനം
ഭക്തിമുക്തിയ്ക്ക് സ്വയതർപ്പണം ചെയ്വാൻ
ഘോരനിർഗുണവിരൂപദുർവിഭക്തി തന്നെ സർവ്വാധാരം
നഗ്‌നത കാണണം
രഹസ്യങ്ങളറിയണം
നവരസങ്ങൾ ഓടയിലൊഴുകണം
നിത്യനിത്യതയ്ക്കായി
നിത്യവും മരിക്കണം
വീടൊരന്തരിന്ദ്രിയം,
ദിവാസ്വപ്നങ്ങളടയിരിക്കും ധാന്യപ്പുര,
കീഴെ, യറപ്പുരയിൽ കുഴിച്ചിട്ട
മുന്തിരിലഹരികൾ,
മേലെ, മേഘരാജിയിൽ
പടർന്നേറും മൺവാസന,
ഇടയിൽ വെൺകൊറ്റികൾ പാറും
ഭാവാവേശലീലാകാരം,
നിരാകാരമസത്ഭ്രമം,
പ്രതീകങ്ങൾ നീന്തും
നിലയറ്റ നീലജലാശയം,
വൃത്തലഹരിയിലഴിഞ്ഞുലയും
ഭൂതാസക്തഭ്രാന്തിചക്രം,
ഇരുളിൽ ഭൂഖണ്ഡങ്ങൾ താണ്ടും
ഉപബോധനിത്യസഞ്ചാരിണി
ഉണരണം,
വാതിൽ തുറന്നു പുറത്തുവരണം
വെള്ള കീറണം
ആദ്യത്തെ കിളി പറക്കണം
കോലമിടുന്ന നിറങ്ങളൊരുങ്ങണം
അടഞ്ഞ ഷട്ടർ തുറക്കണം
മണിയൊച്ച കേൾക്കണം
വഴിപോക്കനാരായാലും കടന്നു പോകണം.