പെട്ടെന്നൊരു മാസം
ഒരു റബ്ബർ ശിവനെ
തലകീഴായ്
യോനിയിൽ പ്രതിഷ്ഠിച്ചു
എൻ്റെ ഭാര്യ.
പുറത്തറിഞ്ഞാൽ എന്താവും സ്ഥിതി?
ഭജനക്കാളുകൂടിയാൽ
തടുക്കാൻ ആരെക്കൊണ്ടാവും?
ഞാനെൻ്റെ വികാരത്തെ
കടിച്ചുപിടിച്ചു കിടന്നു
അതുമാത്രമല്ല,
ആരുപണിതു ഇത്ര കൃത്യമായ്
അവൾക്കു ചേരുംപടി
ഈ ലിംഗം?
ഇങ്ങനെയൊരിടത്ത്
ചെന്നിരിക്കാൻ മാത്രം
എന്ത് പാപമാണയാൾ ചെയ്തത്?
പാർവതിയിതറിഞ്ഞാൽ
ചിരിച്ചു സൈഡാവില്ലേ?
നാളിതുവരെയുണ്ടായ
ശിവൻമാരെക്കുറിച്ചും
അയാളുടെ കുടുംബക്കാരെക്കുറിച്ചും
നടത്തിയ സാമൂഹ്യഅടുക്കളകളെക്കുറിച്ചും
തകൃതിയായ് ഞാനാലോചിച്ചു.
ചോദിച്ചപ്പോളവൾ പറഞ്ഞു:
ശിവനും ചാത്തനുമൊന്നുമല്ല
ഇടയ്ക്കിടെ എന്നെയടച്ചുവെക്കാനുള്ള
മൂടിയാണിത്, അല്ലെങ്കിൽ
സ്വാതന്ത്രത്തിൻ്റെ ദൈവകോപ്പ,
നൂറ്റിയൊന്നാമത്തെ അവയവം,
ചോരാതിരിക്കാനായ്
തിരിച്ചുപിടിച്ച കാലില്ലാ കുട,
അതുമല്ലെങ്കിൽ ചോരക്കുഴി.
മാന്താനല്ലാതെ
മറ്റെന്തിനു കൊള്ളും
നിൻ്റെ ഇരുതലയൻ ജെ. സി. ബി?
ഞാൻ കിടന്നു നാണിച്ചു
എത്രയായാലും പള്ളിയല്ലല്ലോ
ആവട്ടെ, ആരും
പൊളിക്കില്ലെന്ന് വിചാരിക്കാം.