അതുൽ പൂതാടി

മിശറിന്റെ
സൂഫിനൃത്തം

ഞ്ഞടിക്കുന്ന ചട്ടിപ്പന്തുകൾ കൈവീശിപ്പിടിച്ച് കക്ഷത്തിലും മുണ്ടിനിടയിലും തിരുകി
കൊഞ്ഞനം കുത്താറുള്ള
മുതുക്കൻ പ്ലാവിന്റെ അരയിൽനിന്ന്
ശലഭമാവിന്റെ അരയിലേക്കുള്ള തൂക്കുപാലത്തിൽ
പപ്പടം പരുവത്തിൽ തുണി
വരിക്ക് തുന്നുന്നു മിശറെറുമ്പ്.
‘ഉറുമ്പരിക്കുന്ന സൂര്യനെ കാണണോ നിനക്ക്?
ദാ ഇവിടുന്ന് കണ്ണ് കൂർപ്പിച്ച് നോക്യേ’ന്ന്
അമ്മച്ചി

വാരിപ്പൊത്തി
കൊണ്ടുപോയകത്തിട്ടു.
കാപ്പി വച്ചു.

ഒറ്റയ്ക്കു തെറ്റി പൂത്ത വീട്
ചുറ്റിലും
തുപ്പലും തേനും ഇറ്റിയ
കുഞ്ഞു കുപ്പായം പോലെ
വെയിലിൻ കറിത്തുള്ളികൾ പുരണ്ട്
മുഷിഞ്ഞ കാപ്പിപ്പൂക്കൾ.

ലോകത്തെ തരിതരിയായ് ചുമന്ന്
ഹാളിലും പുതപ്പിനടിയിലും
അടുക്കളയിലും കക്കൂസിലും
തിരിച്ചും എത്തിക്കുന്ന
ഒപ്റ്റിക്കൽ കേബിളിൽ
ഇതൊന്നും ബാധകമല്ലാതിരിക്കുന്ന
കമ്പിവാലൻ കത്രിക കിളി
വാലൊന്ന് വെട്ടിച്ചപ്പോൾ
ആകാശം ഫിൽട്ടർ മാറ്റി
താനേ ഡാർക്ക് തീം ആയി.
ഇരുട്ടപ്പന്റെ കൈലിമുണ്ടിൽ കേറിവന്നു
ഒറ്റനക്ഷത്രക്കൊഴുക്കട്ട
അകത്ത് ചമ്മന്തിയിൽ
നിലാവിന്നൊലിവെണ്ണ
അപ്പന്റെ കലമ്പു കേട്ട്
തിന്നാതെ ചിറി തൂത്ത്
മുടിച്ചായം മുറിക്കാനായ്
ഒറ്റയ്ക്കു പോകും വെയിൽ
റിയർവ്യൂ മിററിൽ
വേട്ടപ്പന്നിക്കറിയും പിടിയുമായ്
വാട്ടയില വീശിവീശി
കടവാവൽ,
പാറച്ചാത്തൻ.
അതുകണ്ടു വേഗം കൂട്ടി
അക്കരെ തെരുവിലെത്തും
പകൽ.

പണ്ടൊരിക്കൽ
ആദ്യത്തെ പഴങ്ങളാൽ
കമ്മലിട്ടു കാപ്പിത്തോട്ടം
രണ്ടുപേർ കവാത്തുന്നു
എളിയിലെ കത്തി നീർത്തി
മൂർച്ച കൂട്ടാൻ വെക്കം.
അവരെല്ലാ പ്രേമങ്ങൾക്കും
ആദിയിൽ തീ ഊട്ടിയോർ
കത്തി കടയവേ
അടിനടുവിൽ മിശറിന്റെ സൂഫിനൃത്തം.

നിറങ്ങൾ കലരുന്നു
വിശ്വത്തിന്റെ പിക്ചർ ട്യൂബിൽ
പക്ഷികൾ ചേക്കേറുന്നു
നുരയും പാറക്കല്ലിൽ
പറ്റി നിൽക്കും മുരി പടി
ശലഭമാവിൽ ധ്യാനിക്കുന്ന
നീലക്കടുവ പുഴുക്കളെ
നിലാവിന്റെ വീര്യം കൂട്ടാൻ
പറത്തുന്നു എറുമ്പുകൾ

ആറിയ കാപ്പിക്കപ്പിലെ പാടയിൽ
ഞാൻ തല ചായ്ച്ചു
ആറിയ കാപ്പിക്കപ്പിലെ പാടയിൽ ഞാൻ
തല ചായ്ച്ചു
സൂര്യനൊരീന്തപ്പഴം പൊരി
നാളെ തിന്നാം.


Summary: അവരെല്ലാ പ്രേമങ്ങൾക്കും ആദിയിൽ തീ ഊട്ടിയോർകത്തി കടയവേഅടിനടുവിൽ മിശറിന്റെ സൂഫിനൃത്തം.


അതുൽ പൂതാടി

കവി. ഗവ. ബ്രണ്ണൻ കോളേജ് മലയാള വിഭാഗത്തിൽ ഗവേഷകൻ.

Comments