തെക്കോട്ടെടുക്കും
പാഴ്മണ്ണുടലിൽ
നിലപ്പനച്ചേല ചുറ്റി പുലർച്ചെ
മഞ്ഞിറ്റും നിറുകയിൽ
തൊട്ടിളവെയിലിൻ
തൊടുകുറി.
ചുടുകാടൊരുമ്പെട്ടിറങ്ങി
വരുമന്തിയിൽ പെണ്ണാള്.
പൊഴിയുമിരുളിൻ തൂവല്
പറക്കും കരിയിലക്കാറ്റായ്.
ഉറയൂരിയടുക്കും
തീനാളമൊ,രുശിരൻ
എണ്ണമിനുങ്ങും
പെരുങ്കളിയാട്ടക്കാരൻ.
പതിനെട്ടാമടവിൽ
പൂഴിക്കടകൻ
വാൾത്തലപ്പത്തൊരു
പച്ചപ്പട്ടിൻ ചീന്ത്.
കരിപുരളും
മസ്തിഷ്ക, മൊടുവിലത്തെ
ഓർമ്മതൻ
വറ്റൊഴിയും കരിക്കലം.
പൊട്ടുന്നു കാറിയ തൊണ്ടയിലെ
അവസാനത്തെ പാട്ട്
ഉടയുന്നു നിറഞ്ഞ കണ്ണിലെ
പ്രിയ മുഖം.
ഉഴറുന്നു
വരണ്ട നാവുരുവിട്ട പേര്
ഇടറുന്നു മുൻപേ
നടന്നുപോയവർ, ക്കൊപ്പമെത്താൻ
കുതറിയ കാല്.
അടയുന്നു കടലിരമ്പിയ കാത്
തളരുകയായ് ഊന്നുവടി
അളിയുന്നു പച്ചകുത്തിയ കുഴിനഖം
ഞെരിയുന്നു പുഴുത്ത പല്ല്
കോടുന്നു ചിരിയൂറിയ ചന്ദ്രക്കല.
ചിതറിയ ചിന്തതൻ
ക്കണ്ണാടിച്ചില്ലിൽ മാരണമൊഴിയാ -
ചുടുപാഴ്മണ്ണുടലിൽ
വിളറിവെളുക്കുന്നു
നുണക്കുഴി കുത്തിയ
മരണകപോലം.
പച്ച തൊടുന്നു
നീറും മുറിവിൽ.
ചുറ്റിത്തിരിയുന്നുടുപ്പിൻ
കരിഞ്ഞ മണം.
വെളുപ്പിച്ചെടുക്കയായ്
ചുടുവാതം നീറ്റും
ഉള്ളങ്കാലിനെ മൂടിയ
ഇരുളിൻ മൂടുപടത്തെ.
ദയിതേ,
അശരണപാശം കിട്ടാക്കനിയായ്
പുളയുന്നു
രാത്രിക്കുരിശിൻ
മീതെ.