ഒൻപത് രാത്രികളിലും
തെരുവിലലഞ്ഞുനടക്കുകയായിരുന്നു അവൾ, പത്താമത്തെ പകൽ
അതേ തെരുവിൽ അതേ വെയിലിൽ
അവൾ വീണ്ടുമെത്തി.
പത്താമത്തെ പകൽ. ഓർക്കണേ,
അതേ വെയിൽ.
കൺകളിൽ മോഹവുമായി പട്ടണം
എഴുന്നേറ്റു നിന്നതേയുള്ളൂ, പോയ
ഏതോ രാത്രിയിലെ കുതിരവണ്ടി
കടന്നുപോയതേ ഉളളൂ, കൂടെ കൂട്ടിയ കുളമ്പൊച്ച, പിറകേ
ഓടിപ്പോയതേ ഉളളൂ, എളിയൊരു പക്ഷി മാനത്ത്
കൂപ്പുകുത്തിയതേ ഉളളൂ,
നോക്കണേ
ഇടത്തേ കൈയിൽ, അല്ലെങ്കിൽ
വലത്തേ കൈയിൽ അവൾ
മാറിമാറി പിടിച്ച തൂക്കുപാത്രം
ആടാൻ തുടങ്ങി.
അവളുടെ തൂക്കുപാത്രം ആടാൻ തുടങ്ങി.
ആട്ടം, ആട്ടം, ആട്ടത്തിൽനിന്നുമിറ്റിറ്റു വീഴുന്ന കിലുക്കം, കിലുക്കം…
നോക്കണേ
അവളുടെ കൈകളിലാടുന്നത്
ആരുടെ തല?
എന്നെ മോഹിപ്പിച്ച കെട്ടുകഥ അതാണ്. അവൾ പറഞ്ഞു.
ജട പിടിച്ച എന്റെ മുടിയിഴകൾക്കിടയിൽ ഇളംനഖങ്ങൾകൊണ്ടുള്ള അവളുടെ നടത്തം തുടങ്ങിയിരുന്നു. മുമ്പിലെ വഴികൾ ചിതറാൻ തുടങ്ങിയിരുന്നു. ഞാൻ വെയിലിലേക്ക് നോക്കി. അവളെ നോക്കുന്നതിനു പകരം ഞാൻ വെയിലിലേക്ക് നോക്കി.
ഞാൻ വെയിലിലേക്ക് നോക്കി:
വെള്ളികൊണ്ട് കെട്ടിത്തുടങ്ങുന്ന വെയിൽപ്പാളികകളിൽ ഒരു കാൽപ്പാദം, പിന്നെ മറ്റൊന്ന്.
പിന്നെ മറ്റൊന്ന്...
പ്രാർത്ഥിക്കുന്നത് ഞാൻ എപ്പോഴോ
നിർത്തിയിരുന്നു.
