മൂങ്ങയിൽ നിന്നൊരു പ്രണയഭാഷ

ണ്ടുപേർക്കിടയിൽ
ഭാഷ, തലക്കീഴായി
കെട്ടിതൂക്കപ്പെട്ടിരിക്കുന്നു.

നിശ്ശബ്ദ മന്ത്രോച്ചാരണംപോലെ,
ഉടലിൽ കൊളുത്തിട്ടുപിടിക്കുന്ന
ചൂണ്ടയാകുന്നു.

വീണയുടെ തന്ത്രിപോലെ
കമ്പനം കൊള്ളിക്കുന്ന
ശബ്ദമാകുന്നു.

ഉടലന്വേഷിക്കുന്ന ശബ്ദങ്ങൾ,
ശബ്ദങ്ങളിലുണരുന്ന ഉടൽ.
തർജ്ജമ സാധ്യമാകാത്ത
പ്രണയഭാഷയിലെ കവിത.

രാത്രിയിൽ തിളങ്ങുന്ന
മൂങ്ങക്കണ്ണുകളാണ്
പ്രണയികൾക്ക്.

പ്രണയം മൂങ്ങയെപോലെ,
രാത്രി ഉണർന്നിരിക്കുന്നു.
ഒരു മൂളൽ കൊണ്ട്
ചേർത്തുനിർത്തുന്നു,
ചുംബിക്കുന്നു,
ഒന്നാകുന്നു,
രാത്രി സഞ്ചാരങ്ങളുടെ
അപകടകരമായ
വളവുകൾ മറന്നുപോകാൻ
പ്രേരിപ്പിക്കുന്നു.

മൂങ്ങയുടെ മൂളൽപോലയാണ്
പ്രണയ ഭാഷ.
രാത്രിയിലും അതുണർന്നിരിക്കും.


Summary: Moongayil Ninnoru Pranayabhasha, malayalam poem written by Nidhin V N


നിധിൻ വി.എൻ

കവി, കഥാകൃത്ത്. കടല്‍ച്ചുഴിയിലേക്ക് കപ്പല്‍ ചലിക്കുന്നവിധം എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments