ബിനു ആനമങ്ങാട്

മൂന്ന് തട്ടുകളുള്ള ഒരു സ്വപ്​നം

മൂന്നുതട്ടുകളുള്ള ഒരു വീട് വേണം.

ആദ്യത്തെ തട്ട് നമുക്ക് പ്രണയിക്കാനാണ്.

വെച്ചുണ്ടാക്കാനും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനും രണ്ടുപേർക്കും
ഒരുപോലെ പ്രിയപ്പെട്ടവർക്ക് വന്നു പോകാനും
കെട്ടിപ്പിടിച്ചു കിടക്കാനും
സിനിമ കാണാനും
അങ്ങനെയങ്ങനെ ഒന്നിച്ചു ചെയ്യേണ്ടുന്ന
ഒട്ടനവധി കാര്യങ്ങൾക്കു വേണ്ടിയാവും അവിടം.

പാട്ടുകേട്ടുകൊണ്ടും നൃത്തംചെയ്തുകൊണ്ടും
ഉമ്മവെച്ചുകൊണ്ടും നമ്മൾ ഭക്ഷണമുണ്ടാക്കും.

അകമുറിയിലെ ചുമരലമാരയിൽ
നിന്റെ വെള്ളക്കുപ്പായങ്ങളും
എന്റെ കറുപ്പുടുപ്പുകളും അടുക്കിവെച്ചിരിക്കും.

വെള്ളാരങ്കല്ലുകൾ പാകിയ നടുമുറ്റത്തേക്ക്
മൂന്നാം തട്ടിനും മുകളിൽ നിന്ന്
അരിച്ചു വരുന്ന സൂര്യവെളിച്ചത്തിൽ
നമ്മൾ കുരുമുളകു വള്ളികളാകും.

നക്ഷത്രങ്ങളുള്ള രാത്രിയിൽ,
ആകാശത്ത് വേട്ടക്കാരന്റെ അരയിലെ ബെൽറ്റിന്റെ തെളിച്ചം നോക്കിക്കിടക്കാൻ നീളൻ വരാന്തകളുണ്ടാവും അവിടെ.

മിന്നിമായുന്ന വാൽ നക്ഷത്രങ്ങളെ നോക്കിക്കൊണ്ട് നമ്മൾ ഉമ്മവെയ്ക്കും.

മുറ്റത്തെ മാവിലെ ഊഞ്ഞാലിലിരുന്ന്,
തൊട്ടു മുൻപത്തെ വേനൽക്കാലത്ത്
പാകമാക്കി വെച്ച ചാമ്പക്ക വൈൻ കുടിക്കും. (ഇടക്ക് ഞാവലും)

നിന്റെ ശബ്ദത്തിന്റെയും
ആറടിപ്പൊക്കത്തിന്റെയും ഇഷ്ടക്കാരെക്കുറിച്ച് ഞാനും
എന്റെ നുണക്കുഴിയുടെയും
എഴുത്തിന്റെയും ഇഷ്ടക്കാരെക്കുറിച്ചു നീയും
അസൂയ ഒളിപ്പിച്ചുകൊണ്ടു പുച്ഛം പ്രകടിപ്പിക്കും.

അവിടെവെച്ചു നമ്മളൊന്നിച്ച്
ചെഗുവേരയുടെ പ്രണയഗീതങ്ങളും
പെഡഗോഗി ഓഫ് ദി ഒപ്രെസ്ഡും വായിക്കും.

വലിയ ജനാലകളിൽ വെള്ളയിൽ നീല പൂക്കളുള്ള കർട്ടനുകളുണ്ടാവും.
അവിടെ വെച്ചായിരിക്കും നമ്മൾ രതിയിലേർപ്പെടുക.

രണ്ടാമത്തെ തട്ട്, ഞാനില്ലാത്ത നിന്റെ സന്തോഷങ്ങൾക്കും കൂടിച്ചേരലുകൾക്കുമായി മാറ്റിവെച്ചതാണ്.

അങ്ങോട്ട് എത്തിനോക്കുകയേയില്ല
എന്നൊക്കെ പറയുമെങ്കിലും
ആരുമില്ലാത്തപ്പോൾ ഒരു മോഷണക്കാരിയെപ്പോലെ കടന്നു ചെന്ന്
ആ സന്തോഷങ്ങളുടെ ബാക്കിപത്രങ്ങൾ നോക്കി
നിഗൂഢ ചിന്തകളിലേക്ക് പോകും.

നിന്നെ മാത്രം പ്രിയമുള്ളവർക്കും
നിനക്കു മാത്രം പ്രിയമുള്ളവർക്കും
നിന്റെ പൂർവ്വ(ഇപ്പോഴത്തെയും) കാമുകിമാർക്കും
വന്നുപോകാനുള്ളിടം കൂടിയാണ് അത്.

നമ്മൾ കെട്ടിപ്പിടിച്ചു കിടക്കുന്ന/നടക്കുന്ന
മുറിയിലൊന്നും അവരുടെ മണം വന്നു നിറയുന്നത് എനിക്കിഷ്ടമേയല്ല.
മാത്രമല്ല, എന്നെക്കാൾ ആരെങ്കിലും നിന്നെ സ്നേഹിക്കുന്നുണ്ടോ എന്ന ചിന്ത അനല്പമായ അസൂയയോടെ എത്തിനോക്കുമെന്നുറപ്പുള്ളതിനാൽ
ഒരിക്കലും ഞാനവരെ കാണുകയേയില്ല!

അവർ വരുമ്പോഴൊക്കെയും ഞാനെന്റെ മാത്രം ആഴങ്ങളിൽ തപസ്സിലായിരിക്കും.

മൂന്നാമത്തെ തട്ട് എന്റെ ഉന്മാദങ്ങൾക്കുള്ളതാണ്.

എനിക്ക് വള്ളിച്ചെടികൾ പടർത്താൻ,
നഗ്‌നയായി പാചകം ചെയ്യാൻ,
പുസ്തകങ്ങൾക്കൊപ്പം കിടന്നുറങ്ങാൻ അങ്ങനെയങ്ങനെ...

അവിടെ മഴപെയ്താൽ നനയുന്ന കുളിമുറിയുണ്ടാവും.

ആകാശത്തേക്ക് തുറക്കുന്ന വാതിലുകളും ജനാലകളുമുണ്ടാകും.

നിലാവും നക്ഷത്രങ്ങളുമില്ലാത്ത മേഘരാത്രികളിൽ
നിന്നെയോർത്ത് ഞാൻ നനയും.

പച്ചപ്പിനിടയിൽ ഇരുന്നുറങ്ങാൻ, വായിക്കാൻ, സ്വപ്നം കാണാൻ
ഒരാട്ടു കസേരയുണ്ടാവും എന്റെ ബാൽക്കണിയിൽ.

കസൻദ്സാക്കീസ് വായിച്ചു പകുതിയാക്കി
പേജുകൾ അടയാളപ്പെടുത്തി വെച്ച്
പിന്നെ ഞാൻ മെലൂഹയിലെ ചിരഞ്ജീവികളിലേക്കു പോകും.
ഇടക്ക് അതു നിർത്തി, ഏറ്റവും പ്രിയപ്പെട്ട പാട്ടുകൾ മാറി മാറി കേൾക്കും.

അതും നിർത്തിവെച്ച് രണ്ടാമത്തെ തട്ടിൽ അനക്കങ്ങളുണ്ടോ എന്നു കാതോർക്കും.

ഉണ്ടെങ്കിൽ അതുകേട്ട് ആരാവും നിന്റെ പ്രിയപ്പെട്ടവർ എന്നു കഥകൾ മെനയും.

ഇല്ലെങ്കിൽ ഒന്നാമത്തെ തട്ടിലേക്ക്‌ പോകും.

പനിക്കൂർക്കയോ പുതിനയോ ചേർത്ത് കട്ടൻചായ തിളപ്പിക്കും.

നിന്നെ വിളിയ്ക്കും.

ഉന്മാദങ്ങളുടെ വെളിപ്പെടലിൽ ഞാൻ നിനക്ക് കാക്കത്തൊള്ളായിരം ഉമ്മകൾ നൽകും.

എന്നെ ആകെ മറയ്ക്കാൻ പോന്ന
വലിയ നെഞ്ചിലെ രോമക്കാടിൽ ഞാനും
എന്റെ ദേഹത്തെ എണ്ണിയാലൊടുങ്ങാത്ത
കാക്കപ്പുള്ളികളിൽ നീയും അലിയും.​▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ബിനു ആനമങ്ങാട്

കവി, എഴുത്തുകാരി, പ്രസാധക. കുടുംബശ്രീ മിഷനിൽ ജോലി​ ചെയ്യുന്നു. ​​​​​​​മഴ പെയ്യിയ്ക്കാൻ ആരോ വരുന്നുണ്ട്, ഫിഷ് തെറാപ്പി, ക്രഷ് ദ ബോട്ടിൽ ആഫ്റ്റർ യൂസ് അഥവാ ഓർമ്മകൾ ചാവേറുന്ന ആകാശക്കപ്പൽ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments