ആദി

മൂന്ന് ചീത്ത കവിതകൾ

ആദി⠀

ഗോൾഡൻ ഷവർ

ഒന്ന്

ൻ്റെ കാമുകൻ
എനിക്ക് ചുറ്റും

മൂ
മൂത്
മൂത്ര
മൂത്രം
ഒഴിച്ചു

മൃഗങ്ങൾ ഉചിതമായ മുന്നറിയിപ്പ്
നൽകുന്ന പോലെ
അവറ്റകൾ
അതിരുകളെ കുറിച്ച് ബോധവാന്മാരാണ്.

എൻ്റെ ഉടൽ അയാളുടെ രാജ്യം

അതിർത്തികളിൽ
കടികൂടാനായാൾക്കൂട്ടം

പല്ലും നഖവും നീട്ടും
എൻ്റെ പ്രേമം

വിശപ്പ് കൊടും വിഷം പോലും
കൂടുതൽ രുചികരമാക്കി

നീയെനിക്ക് പ്രിയപ്പെട്ടവനായി.
നമ്മുടെ പ്രേമം ആളെകൊല്ലിയായി

വിശപ്പിൽ നമ്മളന്യോന്യം കടിച്ചു
ചോരയീമ്പി
ആരാണ് ഒടുവിൽ മരിച്ചുവീണത്?

രണ്ട്:
പോലീസൊരിക്കലും
ഞങ്ങളെ രക്ഷിച്ചില്ല

രാത്രി
റോട്ടിൽ നിൽക്കുമ്പോഴെല്ലാം
പോലീസ് വരും.

പോലീസിൻ്റെ വണ്ടി
ഒച്ചയുണ്ടാക്കില്ല

പോലീസിൻ്റെ വണ്ടി
നെറ്റിയിൽ
വെളിച്ചം കത്തിക്കില്ല

റോട്ടിൽ നിൽക്കുമ്പോഴെല്ലാം
പോലീസ് വരും.

ചുണ്ടിൽ ഒരു ബീഡിയും
വെച്ച്,
മീശ പിരിച്ച്
പോലീസ് വരും.

‘എടിയെ, ഇങ്ങ് വാ’, പോലീസ്.
‘കുറെയുണ്ടാക്കുന്നുണ്ടല്ലോ നീ’, പോലീസ്.
‘ബാഗിലെന്താ’, പോലീസ്.
‘നീയാകെ ഉരുണ്ടല്ലോ’, പോലീസ്.

പോലീസ് ചിരിക്കും
പോലീസ് ഉറക്കെ ചിരിക്കും
പോലീസ് വീണ്ടും ഉറക്കെ ചിരിക്കും
വീണ്ടും വീണ്ടും.

പോലീസ് മുടി വലിയ്ക്കും
‘നീ പെണ്ണല്ലെടീ’

പോലീസ് തുണി ഉരിയ്ക്കും
‘നിനക്ക് താഴെ എന്തടെ’

പോലീസ് വിലങ്ങുവെയ്ക്കും
‘അകത്തിടും നിന്നെ’
പോലീസ് കുനിച്ചുനിർത്തും
‘പുറത്തിടും നിന്നെ’
പോലീസ് തെറി വിളിക്കും

മുഖത്ത് തുപ്പും - പോലീസ്
പൊതിരെ തല്ലും- പോലീസ്
തെരുവിൽ എറിയും- പോലീസ്

പോലീസ് ഒരിക്കലും
രക്ഷിച്ചില്ല ഞങ്ങളെ

പോട്ടി

ഒന്ന്

ഞ്ഞ എനിക്ക് പ്രിയപ്പെട്ട നിറമല്ല
അതെൻ്റെ കറുപ്പിൽ ചേരാതെ
ഉടലിൽ പിണയാതെ

രണ്ട്

ഞ്ഞയും ഞാനും തമ്മിലുള്ള ബന്ധം
നീ കരുതും പോലെ ലളിതമല്ല

നിനക്ക് മഞ്ഞ വെറുമൊരു പൂവിൻ്റെ നിറം
അല്ലെങ്കിൽ
ഒരു പേര്?
കാറ്റിലെത്തും സുഗന്ധം?

മൂന്ന്

ൻ്റെ അച്ഛൻ
തീട്ടക്കുഴികളിലാണ്
അന്നം കണ്ടെത്തിയത്

മഞ്ഞ
ഞങ്ങളുടെ ചോറ്

നാല്

ൻ്റെ മൂത്തി
ചുമാരാകെ കിടന്നപടി
മഞ്ഞ പൂക്കൾ
വരച്ചു

വീട്ടിലേക്ക് വിളിച്ചില്ല
കൂട്ടുകാരെ

ഒളിച്ചുവെച്ചൂ ചിത്രങ്ങളെല്ലാം

അഞ്ച്

ഞ്ഞ മഞ്ഞ മഞ്ഞ
മഞ്ഞ മഞ്ഞാ മഞ്ഞ മഞ്ഞ
മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞ
മഞ്ഞ മഞ്ഞ
മഞ്ഞ

പൂക്കൾ മഞ്ഞ
പൂപ്പാത്രങ്ങൾ മഞ്ഞ

മഞ്ഞ
ഞങ്ങളെ
വാൻഗോഗാക്കിയില്ല.


Summary: Moonu cheetha kavithakal, Malayalam poem written by Aadhi


ആദി⠀

കവി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാലയിൽ റിസർച്ച് സ്കോളർ. പെണ്ണപ്പൻ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments