അമ്മു ദീപ

മൂന്ന് കവിതകൾ

ഇല പൊഴിയും കാലത്ത്

ല പൊഴിയും കാലത്ത്
ഞാനൊരു
കാട്ടു പാതയിലൂടെ നടന്നു.

എന്റെ ചുണ്ടിലൊരു
മൂളിപ്പാട്ടുണ്ടായിരുന്നു.

കൈപ്പത്തിയുടെ ആകൃതിയുള്ള
ചുവന്ന ഇലകൾ ചുറ്റിലും
പൊഴിഞ്ഞുവീണുകൊണ്ടിരുന്നു.

കാലുകൊണ്ടവയെ തട്ടിത്തെറിപ്പിച്ചു നടക്കുമ്പോൾ
ഇലയടരുകൾക്കിടയിൽ നിന്ന്
ചോര പുരണ്ടൊരു കൈപ്പത്തി
മുന്നിലേക്ക്
തെറിച്ചുവീണു.

പിന്നീടോർക്കുമ്പോൾ
അതൊരു ഇലപൊഴിയും കാലമോ
കാട്ടുപാതയോ ആയിരുന്നില്ലെന്ന് തോന്നുന്നു.

ഈ രാത്രി

ക്ഷത്രങ്ങളിൽ കാലിറുക്കി
തല കീഴായിക്കിടന്ന്
ഭൂമിയെക്കാണും
വവ്വാലു പോലെ
ഈ രാത്രി,
ഞാനും

ചന്ദ്രബിംബത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്നു.

മിന്നാമിന്നിവെട്ടത്തിൽ

"മിന്നാമിന്നി വെട്ടത്തിൽ
ഇരുട്ടത്തേക്കു തന്നെ സൂക്ഷിച്ചുനോക്കിയാൽ
പുളിങ്കുരുമാലയിട്ട
കുട്ടിക്കുറുമാക്കന്മാർ
ഒരു മിന്നായം പോലെ
തുള്ളിക്കളിച്ചു
പോണ കാണാം"
-മുത്തശ്ശി പറഞ്ഞു

"അവരെങ്ങോട്ടും പോവുന്നില്ല, മുത്തശ്ശീ...
ഇവിടെ ദാ,
എന്റെയരികിൽത്തന്നെയുണ്ട്, നോക്കൂ"

-ഞാനും പറഞ്ഞു.

Comments