ഔതക്കുഞ്ഞിന്റെ
പാറക്കയത്തിനടുത്ത്
മൂരിപ്പങ്കുണ്ടാകും;
നോയമ്പുവീടലിനുമുമ്പാണ്
അപ്പൻ
ഞങ്ങളെയാണ് പറഞ്ഞുവിടുന്നത്
ലേലം വിളി തുടങ്ങിയാൽ
ഈച്ച പിടിച്ചപോലെ
മൂരീടെ
ചോരത്തലക്കു ചുറ്റും
നരപ്പങ്കുകാർ ബീഡി വലിച്ചിരിക്കും
വയ്യാത്ത കൊച്ചുങ്ങൾക്ക്
കരളും പതിരും
വറ്റിച്ചു കൊടുക്കാൻ
മുറുക്കിച്ചെമപ്പിച്ച് അമ്മച്ചിമാരും
പോട്ടിപിടിച്ച്
കാട്ടിൽ പോയി
കൊട്ടിപ്പാടിത്തിന്നാൻ
കട്ട, പട്ടച്ചാരായസെറ്റും
കാലും വാലും കൂട്ടി
സൂപ്പുണ്ടാക്കാൻ
പെറ്റപെണ്ണുങ്ങടെയവന്മാരും
ചുളുവിലയിൽ
പിന്നൊള്ളതൊക്കെ വിളിച്ചെടുക്കാൻ
മറ്റു ചിലോരുമൊക്കെ കരയ്ക്ക്
കൂടീട്ടൊണ്ടാകും
കടശ്ശിയിലാണ്
കരിനാക്ക് ലേലം
പത്തുരൂപ ഒരു തരം ...
പത്തുരൂപ രണ്ടു തരം ...
മൂന്നാംതരമുറപ്പിക്കുംമുമ്പ്
മൂരിത്തലേന്ന്
മുക്രയിട്ടൊരു ചീറ്റൽ
വെള്ളത്തിലേക്ക് വീഴും
ഞെട്ടലു തുടച്ച്
തേക്കിലയിൽ
ഞങ്ങൾക്കുള്ള
പങ്കു പൊതിയുമ്പോൾ കാണാം
പച്ചയ്ക്ക്
കരിനാക്ക് കടിച്ചുതിന്നുകൊണ്ടൊരാൾ
കേറ്റംകേറി പോകുന്നത്.