ആദി⠀

മുർഖീമാതാ

ആദി⠀

ഒന്ന്

കോഴിപ്പുറത്തെഴുന്നള്ളും
മാതയെ സ്തുതിക്കാൻ
പൂക്കളും പഴങ്ങളും
താലത്തിൽ പൊന്നും പണം
കൂടെയുണ്ടാട്ടും പാട്ടും

രണ്ട്

"മാതാ
മാതാ
മുർഖീമാതാ
സന്തോഷിമാതാ
ജയ് ജയ്
മാതാ".

കൈകൊട്ടിത്തുള്ളുന്നൂ
ചേലകൾ
മാതയ്ക്ക് മുന്നേ
കുമ്പിട്ടേ ചേലകൾ

"തുണയരുളാൻ നീയേ
തണലേകാൻ നീയേ
താണു ഞങ്ങൾ
പാട്ടുപാടി ചുവടുവെച്ചേ
കൈ തൊഴുന്നേ മാതാ".

മൂന്ന്

മാതയ്ക്ക് നേദിക്കാൻ
പൂമലരുകൾ, പൊന്മണികൾ
ചെമ്പട്ടിൻ പൂഞ്ചോല
ചെന്താരപ്പൂമാല
കുങ്കുമക്കറത്താലം.

നാല്

മുറുക്കിതുപ്പിയെ മാതാ
മാനം ചുവപ്പിച്ചേ മാതാ
കണ്ണടച്ചതും മാതാ
മാനം ഇരുട്ടിച്ചേ മാതാ
താരങ്ങളെല്ലാം തലയിലും.

ചൂടീട്ട്
മാനം കുലുക്കിയെ മാതാ
വലതുകൈയ്യിൽ പൊൻവാള്
ഇടതുകയ്യിൽ പൊൻശൂലം
ചെന്താമര കണ്ണു രണ്ടും
മിന്നും അധരം
പൊന്നു ഹൃദയം
കുങ്കുമാരുണ പട്ട് മേലേ
പൂവനൊന്ന് കൂട്ടിനെന്നും.

അഞ്ച്

ചേലകൾക്ക് വരമരുളാൻ
പട്ടുടുത്തെ മാതാ
ചെന്താമരപ്പൂമാല ചാർത്തി
പൂക്കളേഴും ചൂടിനിന്നേ
കൊക്കിനിൽക്കും
പൂങ്കോഴി മേലാർത്തിരുന്നെ
മാതാ

"മുലമുറിച്ചു വാഴുമീശ്വരി
ജീവനേകിയ ദേവി നീ
ചെന്തീയിൽ നൃത്തമാടി
തുണയരുളൂ ദേവീ
പെരിയ നോവുകൾ
മാറ്റു നീ
എളിയ ഞങ്ങളെ കേൾക്കൂ
ഉള്ളു നിറയെ വിളങ്ങണമ്മേ
മണ്ണിലിഴയും ചേലകൾക്കായി
രക്ഷ നീയേ, കാത്തിടേണേ"

കൈകൊട്ടിത്തുള്ളുന്നൂ
ചേലകൾ
മാതയ്ക്ക് മുന്നേ
കുമ്പിട്ടേ ചേലകൾ.

(ഇന്ത്യയിൽ ഹിജ്റ, ട്രാൻസ് സമുദായം ആരാധിക്കുന്ന ദേവതാസങ്കല്പമാണ് മുർഖീമാത / സന്തോഷിമാതാ.)


Summary: Moorkhimatha - A Malayalam poem written by aadhi


ആദി⠀

കവി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാലയിൽ റിസർച്ച് സ്കോളർ. പെണ്ണപ്പൻ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments