അദൃശ്യം

1

ചീവീടുകളാണ് കാടുണ്ടാക്കുന്നത്

ചോലകൾ, മീനുകൾ പോലെ

ചീവീടുകളാണ് ഇരുട്ടുണ്ടാക്കുന്നത്

സൂര്യൻ, മേഘങ്ങൾ പോലെ

2

ചീവീടിനുള്ളിലീ-

ച്ചീവീടിനുള്ളിൽ

ഉറങ്ങുന്നു ചന്ദ്രനും

ഉണരുന്നു ചന്ദ്രനും

ഉറങ്ങാച്ചന്ദ്രനും

ഉണരാച്ചന്ദ്രനും

3

ചിറകുള്ളവയുടെയെല്ലാം ചിറകുകൾ

ഈയുടലിൽ നിന്നു

മുളച്ചു

പറന്നത്

ചുഴലിക്കാറ്റ്, പാതിരാ

ശലഭങ്ങൾ,

ചെറിയ വിത്തുകൾ

4

മെല്ലെത്തിരിഞ്ഞു വലം വെക്കുന്നു,

ചിറകുകൾ പൂട്ടി വെച്ച്

ഭൂമി,

ആ മരത്തിന്റെയീമരത്തിന്റെ

യങ്ങേമരത്തിന്റെ

യിങ്ങേമരത്തിന്റെ

യില്ലാമരത്തിന്റെ ചില്ലയിൽ

രാവും പകലുമുണ്ടാവുന്നു

കാലങ്ങൾ പകരുന്നു

5

ചുറ്റിപ്പടർന്ന സ്വരങ്ങൾക്കുമുള്ളിൽ

കാണാതെ കാണാമരങ്ങൾ വളരുന്നു

ഉറയാതെ നെടുമഴക്കാലങ്ങൾ വളരുന്നു

കരുണയുടെ തരികൾ

വളരുന്നു

6

പരാഗങ്ങൾ,

പശി,

പ്രാചീനമായ നിദ്രകൾ,

ഇരുണ്ട ശിഖരങ്ങളിലൊട്ടിയ

കണ്ണാടിച്ചില്ലുപോലവ പാർക്കുന്നു,

വഴുതുന്ന ഗുഹാ -

മുഖത്തിന്റെയീർപ്പമാണെന്നിൽ

വീഴ്ത്തുന്നു

7

വെള്ളം കൊണ്ട്

കഴുകിക്കഴുകിത്തുറന്ന മുറിവിൽ

ഒച്ചയിറ്റുമ്പോൾ

പതുക്കെയുണങ്ങുന്നു

പതുക്കെയുണങ്ങുന്നു ഞാൻ

8

അവയുടെ പ്രാർത്ഥനയിൽ,

എവിടെനിന്നെവിടെനിന്നിതെന്നു

തിരഞ്ഞു തിരഞ്ഞു ദൈവം,

ഓരോ മരച്ചുവട്ടിലും

കാതുകൾ

അഴിച്ചു വെച്ചു.

Comments