രോഷ്ന ആർ. എസ്.

മൃതശാലയിലെ
സർക്കസ്

കൂടാരം

നോക്കൂ,
കൂടാരത്തിന് അതിന്റെ
ആകാശം നഷ്ടപ്പെടുന്നു.
താരങ്ങൾക്ക്,
ആകാശത്തേക്കുയരാനുള്ള
ചിറകുകൾ.
ഗാലറിയിലിരിക്കുന്നവന്
സാരിമറയും,
തുണിപ്പന്തലും മാത്രം.

ട്രപ്പീസുകളി

ഉയരങ്ങളിൽ,
തീവട്ടത്തിൽ,
നൂൽപ്പാലത്തിൽ-
അവനെയും നോക്കി
ജീവനും ജീവിതവും
രണ്ടറ്റങ്ങളിൽനിന്ന്
ട്രപ്പീസുകളിക്കുന്നു.

ക്ലൗൺ

കുഞ്ഞനും വലിയവനും
കൈകൊട്ടി വിളിക്കുന്നു.
ഗാലറിയിലിരിക്കുന്നവർ
കൽപ്രതിമകൾ.
വായുവിലൊരു കൂട്ടച്ചിരി
മുങ്ങിച്ചാവുന്നു.

മൃഗങ്ങൾ

ജന്തുക്കുപ്പായത്തിനുള്ളിൽ
വഴക്കം തികഞ്ഞൊരഭ്യാസി.
തവളത്തോലിട്ട മനുഷ്യൻ
അസ്ഥി മറന്ന്
തവളയിലേക്ക്
പരിണമിക്കുന്നു.
കുളങ്ങളില്ലാത്ത
ഒരഭയാർത്ഥിയുടെ
ദൈന്യത അവനിലുറഞ്ഞു-
കിടക്കുന്നു.

അവസാനത്തെ കളി

അഭ്യാസങ്ങളെല്ലാം
മൗനത്തിൽ തട്ടുമ്പോൾ
ഒരു ചീട്ടുകൊട്ടാരമുടയുന്നു.
അവസാനയാളും
പുറത്തിറങ്ങുമ്പോൾ,
കൂടാരമതിന്റെ
നിഴൽകൊണ്ട്
താരങ്ങൾക്കുവേണ്ടി
കൈകൊട്ടുന്നു.
അവസാനം,
കൂടാരമൊരു നിശ്വാസമയച്ച്
താഴേക്ക് തൂങ്ങുന്നു.

Comments