ഒരു നീണ്ട മഞ്ഞച്ചരടുകൊണ്ട്
എന്നെ തളച്ചിടാമെന്നാണോ
നീ കരുതിവെച്ചിരിക്കുന്നത്?!
അരികെ നീയുറങ്ങുന്ന പാതിരാവുകളിൽ
കണ്ണുതുറന്നു വെച്ച്
ഞാനെന്റെ ഗന്ധർവന്മാരെ
കിനാവുകാണുകയാവും.
അർദ്ധരാത്രിയിൽ
എന്റെ ജനാലയ്ക്കൽ വന്നുവിളിയ്ക്കുന്ന
ഗന്ധർവനരികിലേക്ക്
നിന്നെ മറികടന്ന്
ഞാനോടിച്ചെല്ലും.
നിലാവെളിച്ചത്തിൽ
പ്രണയബദ്ധരായി ഞങ്ങൾ
കെട്ടിപ്പിടിക്കുകയും
ചുംബനങ്ങൾ കൈമാറുകയും ചെയ്യും.
നീ പേടിക്കുന്ന ഉൾക്കാട്ടിലൂടെ
കൈകൾ കോർത്തുകൊണ്ട്
അലറിപ്പായും.
കാവിനരികിലെ പച്ചക്കുളത്തിന്റെ
പടിക്കെട്ടിൽ ചെന്നിരുന്ന്
ലോകത്തെ എണ്ണമറ്റ പ്രണയികളുടെ
കഥകൾ പറയും.
നീയെന്റെ ഷഹ്റാസാദാണെന്നവൻ
കൊഞ്ചുമ്പം
ഞാൻ
മുഖംനോക്കിയൊരടി കൊടുക്കും.
എന്റെ കീഴ്ച്ചുണ്ടിലെയും
കൈത്തണ്ടകളിലെയും
കല്ലിച്ച ചോരപ്പാടുകൾ നോക്കി
അവൻ കണ്ണുനിറയ്ക്കും.
നിനക്കെന്നെ
തൊടാനേയറിയില്ലെന്ന രഹസ്യം
ആദ്യമായെന്നപോലെ
ഞാനവനോട് വീണ്ടും പറയും.
പിന്നെ
അന്നെഴുതിയ കവിതകളൊക്കെയും
മറക്കാതെ ചൊല്ലിക്കേൾപ്പിക്കും.
എല്ലാത്തിലും ഞാനല്ലോ പെണ്ണേയെന്ന്
വിഷമം മറന്നവൻ
പതിയേ ചിരിയ്ക്കും.
നീ കരുതുമ്പോലെ എന്റെ ഗന്ധർവന്
സ്വർണ്ണക്കിരീടമോ മയിൽപ്പീലിയോ
തലയ്ക്കു പിറകിൽ
വശ്യമായ പ്രഭാവലയമോ
ഉണ്ടാവില്ല.
അയാൾക്ക്
മായാജാലവും വശമില്ല.
ഒരു പച്ചമനുഷ്യനാണ്.
ഒരുപക്ഷേ
നീ ഊറ്റം കൊള്ളുന്ന സൗന്ദര്യമോ
നിന്റേതുപോലെ
ചുരുണ്ട കട്ടിത്താടിയോ പോലും കാണില്ല.
എങ്കിലും ഞാനയാളെ
ഗന്ധർവനെന്നു വിളിക്കും,
കാരണം
അയാളുടെ വിരലുകളിൽ
സംഗീതമുണ്ടായിരുന്നു.
കണ്ണുകളിൽ
എന്നോടുള്ള
ഗാഢമായ പ്രണയവും.
ഒരിക്കൽമാത്രം
അകമേ
പിടയുന്ന പുതിയൊരു കവിതയുടെ
ഭ്രൂണവും പേറി
ഞാനോടിയെത്തുമ്പഴേക്കും
നീ ഉണർന്നുകഴിഞ്ഞിരിക്കും
എന്റെ നീളമുള്ള മുടിച്ചുരുളുകൾ
കുത്തിപ്പിടിച്ച്
'തേവിടിച്ചീ'യെന്ന്
നീ അലറിവിളിക്കും.
തേവിടിച്ചിയോട് കിടക്ക പങ്കിടുന്നവനെ
എന്താണ് വിളിക്കേണ്ടത്?
അതാവുമെന്റെ
കവിതയുടെ പേര്!