ആർഷ കബനി

മുള്ളൽ

ഒന്ന്​

നിയത്തിയെ കാലുകളിലിരുത്തി -
മുത്തശ്ശി മുള്ളിപ്പെണ്ണേയെന്ന് കൊഞ്ചിക്കുന്നു.
വലിയ സ്വാതന്ത്ര്യത്തിന്റെ അർത്ഥം പേറുന്ന -
ആ വിളി
വീടിനെ കുതിർക്കുന്നു.
അവളൊഴിച്ച മൂത്രം ഉമ്മറത്ത് കെട്ടി നിൽക്കുന്നു.

രണ്ട്​

വേനലിലെ വീടിന്
അവന്റെ മൂത്രമണം.
വീശിയടിക്കുന്ന കാറ്റിനും,
നടന്നു പോവുന്ന പാതകൾക്കും,
ഇടവഴികൾക്കും
കാലുകളെ വിലങ്ങിടുന്ന അതേ മണം.

മൂന്ന്​

യാത്ര തുടങ്ങും മുൻപേ -
വെള്ളംകുടി ഒഴിവാക്കുന്നു.
ദാഹമെന്ന വാക്കിനെ
അൽപ്പം മാത്രം കണ്ടെടുക്കുന്നു.
നിനക്കുമുൻപിൽ -
ലോകമൊരു മൂത്രപ്പുരയെന്നോർത്ത്
ഭക്ഷണശാലകളുടെ പിന്നാമ്പുറങ്ങളിലേയ്ക്ക് ഞാനോടിപ്പോവുന്നു.

നാല്​

കുട്ടിക്കാലത്ത് -
എല്ലാ പ്രഭാതങ്ങളിലും
ഞാൻ മുള്ളിയിരുന്നത്
ആ മുരിങ്ങാച്ചുവട്ടിൽ.
ആഹാ, മൂത്രമൊഴിപ്പിനും നൊസ്റ്റാൾജിയയോയെന്ന്
നീയും കത്തുന്ന സൂര്യനും
നിസാരതയുടെ മുഖമണിയുന്നു.

അഞ്ച്​

മുള്ളാൻ നേരം
കുറ്റിയിടാൻ മറന്ന വാതിൽ,
എത്ര അപകടങ്ങളെയാണ് വിളിച്ചുവരുത്തുന്നത്.
എന്താ എല്ലാവരും ഒഴിക്കുന്നതല്ലേയെന്ന് പുഞ്ചിരിച്ച്,
ചില പെണ്ണുങ്ങൾ മാത്രം നടന്നുപോവുന്നു.

ആറ്​

കോളേജ് ട്രിപ്പിൽ
രാത്രി ബസ്സിൽ നിന്ന് ഇറങ്ങിയോടി,
ഒരു പാലത്തിൽ
ഒരുമിച്ചിരുന്ന് മൂത്രമൊഴിച്ചത്
അവളുമ്മാരെക്കുറിച്ചുള്ള ഓർമ്മകളെ എക്കാലവും തളിർപ്പിക്കുന്നു.

ഏഴ്​

വൈകുന്നേരങ്ങളിൽ കുന്നിൻ മുകളിലേയ്ക്ക്
നമ്മൾ നടക്കാൻ പോകുന്നു.
മടങ്ങുമ്പോൾ തെരുവപ്പുല്ലുകൾക്കിടയിൽ മൂത്രമൊഴിക്കുന്നു.
കൂടുകളിലേക്ക് പറക്കുന്ന പക്ഷിയുടെ
തൂവലുകൾപോലെ നമ്മൾ വീട്ടിലേക്കുള്ള ഇറക്കമിറങ്ങുന്നു.

എട്ട്​

കാടിനോട് അതിർത്തി പങ്കിടുന്ന വീട്ടിൽ -
മൂത്രപ്പുരകളുടെ ജനലുകൾ തുറന്നിട്ട്,
ഒരുവൾ സിഗരറ്റ് വലിച്ചുകൊണ്ട് മൂത്രമൊഴിക്കുന്നു.
കരിമ്പച്ച ഇലകൾക്കിടയിൽ -
മിന്നാമിനുങ്ങുകൾ തിളങ്ങുന്നത് കാണുന്നു.

ഒമ്പത്​

മൂത്രമൊഴിപ്പിനെക്കുറിച്ചുള്ള ഒരു കവിതയ്ക്ക് -
ഏറെനേരം പേറേണ്ടി വരുന്ന
ആ അസ്വസ്ഥതയ്ക്ക് -
മുള്ളിത്തെറിച്ച തളിർപ്പച്ച ഓർമകൾക്ക്,
ജലമെന്ന് പേരിടാൻ
കഴിയാതെയാവുന്നു.
​▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments