സിറിഞ്ചിൽ
പുകയില ചേർത്ത നിലാവ്
മൂർദ്ധാവിൽ ആരോ കുത്തിവച്ചപോലെ.
ഇനി മതിയെന്ന് അവൾ വിലക്കിയിട്ടും
ഒരു കവിൾ കൂടി
ഒരു കവിൾ കൂടിയെന്ന് പറഞ്ഞുകൊണ്ടിരിക്കെ
പാതിരയായി.
മരിച്ചവന്റെ ചോരയുടെ നിറമുള്ള
ഒരു ഗ്ലാസ് വൈൻ
തീൻമേശയിലെ ലഹരിപുരണ്ട ഉച്ചിഷ്ടങ്ങൾക്കിടയിൽ
ഉപേക്ഷിച്ച്
നെഞ്ചിൽ കൊള്ളാതെ പുറത്തേക്ക് തൂകിയ ഉന്മാദം
വാഷ് ബേസിനിലേയ്ക്ക് തുറന്നുവച്ച്
ഒരു ഗർഭച്ഛിദ്രത്തിൻറെ നിരാശയോടെ
കണ്ണ് ചൂഴ്ന്നെടുക്കുംപോലെയുള്ള
ഉറക്കത്തിലേയ്ക്ക് ഞാനടർന്നുവീണു.
തീൻമേശ
വൈൻ
ലഹരിപുരണ്ട ഉച്ഛിഷ്ടങ്ങൾ
വിളക്കണച്ചെത്തിയ
ചെറുനാരങ്ങയുടെ മണമുള്ള കൂരിരുൾ.
കുപ്പിയിൽ കിടന്ന് പഴകുന്നതുപോലെയല്ല
ഗ്ലാസ്സിലിങ്ങനെ ഒരടച്ചുറപ്പുമില്ലാതെ രാത്രിയിൽ
എന്നോർത്ത് വൈൻ വിറകൊണ്ടു
വള്ളിയിൽ തളിരിട്ട കാലം മുതലേ
ആഗ്രഹിച്ചതായിരുന്നു
അവസാനത്തെ തുള്ളിവരെ
ആസ്വദിക്കുന്ന ഒരു ജീവിതം.
ഇതിപ്പോ വിവസ്ത്രയാകുമ്പോഴേക്കും
മറ്റവന്റെ ആനന്ദഭരണി
ചീറ്റിപ്പോയല്ലോ.
വേനലിനെയും ചുഴലിയേയും വിഷത്തിനെയും
അതിജീവിച്ചത്
ഇങ്ങനെ നരകസമാനമായ ഇരുട്ടിൽ
ഉച്ഛിഷ്ടങ്ങൾക്കുനടുവിൽ
അപമാനിതയായി നിൽക്കാനായിരുന്നോ?
ഇഴമുറിയാതെ പെയ്ത നിരാശയിൽ
വൈൻഗ്ലാസ്സ് കവിഞ്ഞൊഴുകി
തീൻമേശയും
വാർണിഷ് മണക്കുന്ന കസേരകളും നിലതെറ്റി
നിലം കുതിർന്ന് രാത്രിയെ ചുവപ്പിച്ച്
ഉയർന്ന് ഉയർന്ന് ഒഴുകി
വാതിൽപ്പഴുതിലൂടെ ഉടലുലച്ച്
വീടാകെ ഓളം കുത്തി
പുസ്തക ഷെൽഫിൽ
ഓഷോവിന്റെ താടി ചുവന്നു
പി കഴുത്തോളം വൈനിൽ
കുരീപ്പുഴ ഒഴുകി.
നേരംവെളുത്ത് അവളുണർന്നപ്പോൾ
ഉടഞ്ഞ മുന്തിരിത്തോലുകളാൽ മൂടി
പൊട്ടിയ വൈൻ ഗ്ലാസ്സ് കുത്തി ചുണ്ടുകൾ കീറി
പുലരിവെളിച്ചം ചാഞ്ഞ പുറത്തെ വരാന്തയിൽ
ഞാൻ അടിഞ്ഞുകൂടിയിരുന്നു...