കാർമേഘങ്ങൾ നൽകിയ ഇരുട്ടിൽ
പക്ഷികളുടെ അനക്കങ്ങൾക്കിടെ
ഇരുമ്പിൻ്റെ ചിറകുകൾ ഉരഞ്ഞു
വീണുകിടന്ന
കനം കുറഞ്ഞ തൂവലുകൾ
വെളിച്ചത്തിന്റെ തുണ്ടുകളായ്
പൊങ്ങിപ്പറന്നു
അതിൽ ഭയപ്പെട്ട്
പക്ഷികളൊതുങ്ങി
കൊക്കുകളിൽ
രക്തത്തിന്റെ മങ്ങൽ
ആരോ കൊത്തിയിട്ട മീൻ
കിടന്നു പിടഞ്ഞപ്പോൾ
ഇരുമ്പിൻ്റെ കൂർത്ത നഖങ്ങൾ
ചെതുമ്പലുകളിലേക്കാഴ്ന്നു
ഇരുമ്പൻ പക്ഷിയുടെ
ചിറകടിയിൽ
തീപ്പൊരി പാറി
ചിറകുകളുടെ അരിക്
തേച്ചു മിനുക്കിയ
മൂർച്ച
അത് പുറപ്പെടുവിച്ച
വിചിത്ര ശബ്ദത്തിൽ
മറ്റ് പക്ഷികൾ
മീനുകളെ ഉപേക്ഷിച്ച്
അടുത്ത പറക്കലിനായി
വരിയൊത്തു
തണുത്ത കാറ്റിൽ
മേഘങ്ങൾ പാറിയപ്പോൾ
ഒരു നിമിഷത്തേക്ക് തെളിഞ്ഞ
സൂര്യന്റെ ഇതളുകളാൽ
പക്ഷികൾക്കു മീതെ
ഒരു മനുഷ്യന്റെ
തണൽ വന്നു വീണു