ഈശോയെ കുരിശിലെന്നതു പോലെ,
നിറങ്ങളിൽ തറച്ചിട്ടിരിക്കുന്ന-
അയാളെ നിങ്ങൾക്കറിയില്ലേ?
അതെ, അയാൾ തന്നെ...
എന്നാൽ, ഞാൻ അയാളെ കുറിച്ചല്ല-
അയാളുടെ ഷൂസുകളെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
അതെ, നിങ്ങൾ കണ്ടതായേക്കാവുന്ന-
അതേ ഷൂസുകൾ.
അതെ, അതേ പോലുള്ള
അയാളുടെ കുറച്ചേറെ ഷൂസുകൾ.
ഒട്ടനേകം ഋതുക്കളിൽ-
ഒരു മനുഷ്യൻ ഇട്ടലഞ്ഞ്
ഊരിവെച്ച വിഭ്രാന്തി പടർന്ന ഷൂസുകൾ.
പൂമ്പൊടിയാലും,
ഗോതമ്പ് കതിർപൊട്ടുകളാലും,
കാട്ടുചെടി വിത്തുകളാലും
അലങ്കരിക്കപ്പെട്ടവ.
വേശ്യയുടെ കണ്ണീരും,
പ്രേമരസവും,
ഖനിത്തൊഴിലാളികളുടെ-
വിയർപ്പും വീണവ.
ആകാശത്തിന്റെ ചെരുവുകളിലൂടെ-
ചിറക് വിരിച്ച് പറക്കാൻ പഠിച്ചവ.
സൂര്യകാന്തി പൂക്കളുടെ ഞരമ്പുകളുള്ളവ.
അതെ, അതെ ഷൂസുകൾ,
അസൈലത്തിലെ (Asylum) ജനലിലൂടെ,
അയാൾ കണ്ട-
വിദൂര ഗ്രാമങ്ങളിലെ-
അനേകായിരം വീടുകളിലേക്ക്-
നടന്നുകയറിയ അതേ ഷൂസുകൾ.
മഞ്ഞ വീട്ടിൽ-
മുറിഞ്ഞ ചെവിയിൽ നിന്ന്-
ഇറ്റിയ പ്രേമത്തിന്റെ ചോര വീണ അതേ ഷൂസുകൾ.
1888- ലെ പൊഴിയുന്ന മഞ്ഞ നക്ഷത്രങ്ങൾക്ക് സാക്ഷിയായ അതേ ഷൂസുകൾ.
ഐറിസ് (Irises) ചെടികൾക്കൊപ്പം-
നിറങ്ങളിറ്റുന്ന വിഷാദത്തെയും
തൊട്ടറിഞ്ഞ ഷൂസുകൾ.
കെട്ടുപിണഞ്ഞ മേഘങ്ങൾക്ക് കീഴിൽ
സൈപ്രസ് (Cypress) മരങ്ങളിൽ
തട്ടിത്തടഞ്ഞുവന്ന കാറ്റേറ്റ് നിന്ന
അതേ ഷൂസുകൾ.
1890- കളിലെ ആർത്തിരമ്പുന്ന
ആൽമണ്ട് വസന്തത്തിനൊപ്പം പൂത്തുലഞ്ഞ
അതേ ഷൂസുകൾ.
കനംവെച്ച വേദനയുടെ
ഉപ്പുകല്ലുകളിലൂടെ നടന്ന് മുറിഞ്ഞ
ഷൂസുകൾ...
▮
നൂറ്റാണ്ടുകളിലൂടെ അലഞ്ഞ്,
അയാളിന്നലെ ആകാശമിറങ്ങിവന്ന്,
നിലാവ് നോക്കിനിന്ന ഒരുവളോട്,
തന്റെ ഷൂസുകളൊന്ന് തുന്നിത്തരാൻ ചോദിച്ചിട്ടുണ്ടാവുമോ?
അവൾ അയാളെ തുറിച്ച് നോക്കിയിട്ടുണ്ടാവുമോ?
അതോ അയാളുടെ ഷൂസുകളിൽ മരുന്ന് പുരട്ടിയിട്ടുണ്ടാവുമോ?
