പൂർണിമ നിഷ

മുറിവുകളുടെ
ഭൂമിശാസ്ത്രം

ലയുടെ പുറംതോടുകൾ
ഒന്നൊന്നായി പൊളിച്ചുകയറി
അകത്തെ പച്ചയുടെ അന്ധകൂപത്തിലേക്ക്
ഓന്ത് കണ്ണുനീട്ടി.

അവിടെ, ഒരു ചുണ്ടലിപിപോലെ
മാഞ്ഞുപോകുന്ന
ഭൂമിയുടെ സ്വകാര്യവേദന ശ്വാസമെടുക്കുന്നുണ്ടായിരുന്നു.

വേരുകളുടെ അധോലോകത്ത്
ആരോ ഉപേക്ഷിച്ചുപോയ
ഒരു പഴയ നിലവിളിയുടെ വിത്ത്
മഴയെത്തും മുമ്പേ
സ്വയം മുളയ്ക്കാൻ പഠിച്ചു.

മണ്ണിന്മേൽ കൈനീട്ടി
കൂട്ടംതെറ്റിയുറുമ്പുകൾക്ക്
തിരിച്ചുപോകാനുള്ള വഴികൾ
വരച്ചു കൊണ്ടിരുന്നു.

അവരുടെ ചെറുകാലുകൾക്കടിയിൽ
എത്രയോ തവണ തകർന്നുവീണിട്ടും മുന്നോട്ടുതന്നെ നടന്നു.
ദിശയില്ലായ്മ‌യെ ദിശയാക്കി മാറ്റുന്ന
സൂക്ഷ്‌മമായ ജൈവവാശിയോടെ.

പെട്ടെന്ന് ഒരു കാറ്റ് കഴുത്തിലൂടെ പാഞ്ഞു.
കാലത്തിന്റെ ക്ഷീണിച്ച വിരൽപോലെ,
നാഡികളിൽ കെട്ടിക്കിടന്ന പഴയ ഇരുട്ടിനെ ഒന്നാകെ തൊട്ടുണർത്തി.

വീണില്ല.

വീഴ്ചയുടെ അരികിൽ
ശരീരം പഠിച്ചെടുത്ത അജ്ഞാതമായൊരു വ്യാകരണം വീണ്ടും നിവർന്നിരുന്നു.

രാത്രി അതിന്റെ കറുത്ത നാഭിയിൽ ഒളിപ്പിച്ചുവെച്ചാലും
പ്രഭാതത്തിന്റെ ഭാഷ അറിയില്ലെങ്കിലും
മണ്ണിന്റെ ഈർപ്പത്തിൽ
ഒരു ചെറുവേരായി
ഇന്നും അവ കെട്ടുപിണഞ്ഞ് കിടന്നുണ്ട്.


Summary: Murivukalude bhoomisasthram malayalam poem by Poornima Nisha Published on Truecopy webzine Packet 296.


പൂർണിമ നിഷ

കവി. കണ്ണൂർ യൂണിവേഴ്സിറ്റി മാനന്തവാടി ക്യാമ്പസിൽ ഒന്നാം വർഷ MA റൂറൽ ആൻഡ് ട്രൈബൽ സോഷ്യോളജി വിദ്യാർത്ഥി.

Comments