മൊസാബ് അബു തോഹ

പോയ വർഷം അലമാറയിൽ വെച്ച പുസ്തകങ്ങൾ അവിടെത്തന്നെയുണ്ട്
പക്ഷേ വാക്കുകളെല്ലാം മരിച്ചിരിക്കുന്നു.
എന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകം ഞാൻ തിരഞ്ഞു,
Out of Place*.
ഒരു വലിപ്പിൽ അത് ഒറ്റപ്പെട്ടു കിടക്കുന്നു,
ഫോട്ടോ ആൽബത്തിനും എന്റെ പഴയ നോക്കിയ ഫോണിനുമടുത്ത്.
പുസ്തകത്തിനുള്ളിലെ പേനയ്ക്ക് കേടൊന്നുമില്ല,
കുറച്ച് മഷിത്തുള്ളികൾ ചോർന്നിട്ടുണ്ട്.
ഒരു ഡസൻ രോഗികൾക്ക്
വെൻറിലേറ്റർ പോലെ, പേന.
ചില വാക്കുകൾ ആ മഷി ശ്വസിക്കുന്നു:
വീട്, ജെറൂസലേം, കടൽ, ഹൈഫ,
പാറ, ഓറഞ്ചുകൾ, മണൽ,
പ്രാവ്, കയ്റോ, എൻറെ ഉമ്മ,
ബെയ്റൂത്, പുസ്തകങ്ങൾ, പാറ, കടൽ, കടൽ‍.

(*Out of Place – എഡ്വർഡ് സയിദിന്റെ ആത്മകഥ).


Summary: Palestinian poet and writer Mosab Abu Toha's poem 'My Library' translated by Jayasree Kalathil.


മൊസാബ് അബു തോഹ

പലസ്തീനിയന്‍ കവി, ലൈബ്രേറിയന്‍. 1992-ല്‍ അല്‍-ഷാതി അഭയാര്‍ഥി ക്യാമ്പില്‍ ജനനം. 2017-ല്‍ ബെയ്ത് ലാഹ്യയിലും 2019-ല്‍ ഗാസയിലും പലസ്തീനിയന്‍ ചിന്തകന്‍ എഡ്വര്‍ഡ് സയിദിന്‍റെ പേരില്‍ ഇംഗ്ലീഷ് ഭാഷാ പബ്ലിക് ലൈബ്രറികളുടെ സ്ഥാപകന്‍. 2023 നവംബർ 19ന് ഗാസ മുനമ്പിൽ നിന്ന് കുടുംബത്തോടൊപ്പം റഫ അതിർത്തി കടക്കുന്നതിനിടെ അബു തോഹയെ ഇസ്രായേൽ പ്രതിരോധസേന അറസ്റ്റ് ചെയ്ത് മർദ്ദിക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. ആദ്യത്തെ കവിതാസമാഹാരം Things You May Find Hidden in MY Ear (2022) പലസ്തീനിയന്‍ ബുക്ക് അവാര്‍ഡും അമേരിക്കന്‍ ബുക്ക് അവാര്‍ഡും നേടി. രണ്ടാമത്തെ കവിതാസമാഹാരം Forest of Noise 2024ല്‍ പുറത്തിറങ്ങി. ‘My Library’ എന്ന ഈ കവിത പാരിസ് റിവ്യൂ സമ്മര്‍ 2024 പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.

ജയശ്രീ കളത്തില്‍

വിവർത്തക, എഴുത്തുകാരി. മാനസികാരോഗ്യ ഗവേഷക.

Comments