മിഷ്‌ക്കിൻ കവിതകൾ

പ്രമുഖ തമിഴ് സിനിമ സംവിധായകൻ മിഷ്‌ക്കിൻ എഴുതിയ രണ്ട് ഇംഗ്ലീഷ് കവിതകളുടെ വിവർത്തനം

കാറ്റിന്റെ അതിർത്തികൾ

എന്റെ പേര് രവി കാർമേഘം
താമസം ഈറോഡ്, തമിഴ്നാട്, ഇന്ത്യ
സുഖമില്ലാത്ത അമ്മയോടൊപ്പം വാടകവീട്ടിൽ ജീവിതം
ബേക്കറിപ്പണിയാണ്
കല്ല്യാണം കഴിച്ചിട്ടില്ല

കമ്രാൻ അഷ്റഫിന്റെ താമസം
ലഖു റോഡ്, റാവൽപിണ്ടി, പാക്കിസ്ഥാൻ
ചെറിയ വാടകവീടാണ്
വയസ്സായ അച്ഛനും വിധവയായ പെങ്ങളുമുണ്ട്
ഒരു മുല്ലപ്പൂക്കടയിലാണ് പണി
ഇരുപത്തിമൂന്ന് വർഷമായി ഞങ്ങൾ കൂട്ടുകാരാണ്
ഇതുവരെ നേരിൽ കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല
സത്യത്തിൽ ഞാൻ എന്നൊരാൾ ഭൂമിയിൽ ഉണ്ടെന്ന് അയാൾക്കറിയില്ല
അയാൾ ഉണ്ടെന്ന് എനിക്കും

എങ്കിലും ഞങ്ങൾ അടുത്ത മിത്രങ്ങൾ
രണ്ടുപേർക്കും ഒരേ ഇഷ്ടങ്ങൾ
മെഹ്ദി ഹസ്സൻ ഗസലുകൾ
നാരങ്ങാഅച്ചാർ
ഫിൽറ്റർ കാപ്പി
റൂമി
ഇഷ്ടപ്പെട്ട സിനിമ 'അൺഫൊർഗിവൺ'
മോർഗൻ ഫ്രീമാൻ ഇഷ്ടനടൻ

ഇന്നലെ രാത്രി ഞാനൊരു സ്വപ്നം കണ്ടു
എന്നെ പട്ടാളത്തിലെടുത്തു
എസ് 16 മേഖലയിലെ യുദ്ധമുഖത്താണ്
സൈറണുകൾ... ആജ്ഞകൾ... ആക്രോശങ്ങൾ...
കോലാഹലങ്ങൾ... ഉത്തരവുകൾ...
വെടി... പുക... തലങ്ങും വിലങ്ങും ഓടുന്ന മനുഷ്യർ...
മുഴുശവങ്ങൾ... പാതി മരിച്ചവർ...
ആയുധങ്ങളും അവയവങ്ങളും ചിതറിക്കിടക്കുന്നു...
വെറി... ഭ്രാന്ത്...
ഒരു ശത്രുവിനെ ഞാനും വെടിവെച്ചിട്ടു...
ചരിഞ്ഞുകുത്തി വീഴുമ്പോൾ അവന്റെ മുഖം ഞാൻ തിരിച്ചറിഞ്ഞു
മിച്ചമുള്ള ജീവൻ കയ്യിലെടുത്ത് അവൻ എന്റെ അടിവയറ്റിൽ വെടിയുതിർത്തു
കാറ്റിന്റെ അതിർത്തികൾ എന്റെ നട്ടെല്ല് തുളച്ചു കടന്നുപോകുന്നത് ഞാനറിഞ്ഞു
വായിൽ തുരുമ്പ് ചുവയ്ക്കുന്നു
അവനും ഞാനും അടുത്തടുത്ത് ചുരുണ്ടു കിടന്നു
അവന്റെ ദേഹത്തിന് സേലത്തെ മുല്ലപ്പൂക്കളുടെ മണം
‘അമ്മേ...' അവൻ ദയനീയമായി കരയുന്നു
ഞാൻ മേലേ തിളയ്ക്കുന്ന സൂര്യനെ നോക്കി
പിന്നെ അവന്റെ തവിട്ടു തലമുടിയിൽ വെറുതെ തലോടി
പെട്ടെന്ന്...
എവിടെനിന്നോ ഒരു കട്ടിക്കമ്പളം ഞങ്ങൾക്കുമേൽ വന്നു വീണു
സ്വപ്നത്തിൽനിന്ന് ഞെട്ടിയുണരുമ്പോൾ
ഞാൻ മരിച്ചിരുന്നു.

മുഴങ്ങുന്ന കുതിരകൾ

ഒണ്ടാറിയോവിലുള്ള അൽഗോൺക്വിൻ പാർക്കിലേക്കാണ്
ക്യാനഡയിലെ ആദിമനുഷ്യരുടെ പുണ്യഭൂമി
കാറും കാഴ്ചകളും നൂറുമൈൽ വേഗത്തിൽ പായുന്നു
ഏതോ ഫാമിന്റെ വേലിയ്ക്കു മേലേ ഒരു സംഘം കുതിരകൾ തലനീട്ടി
‘പാർക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചിരിക്കുന്നു', ഗേറ്റിനുമുമ്പിൽ ബോർഡ്
മണിക്കൂറുകൾ യാത്രചെയ്തു വന്നതാണ്
നിരാശയോടെ മടക്കം
വഴിയിലേക്ക് കണ്ണുനീട്ടി കുതിരകൾ അവിടെത്തന്നെയുണ്ട്
ബന്ധുവിനോട് ഞാൻ കാർ നിർത്താൻ പറഞ്ഞു
അഞ്ചംഗങ്ങളുടെ സ്‌നേഹമുള്ള ഒരു കുതിരക്കുടുംബം
ഞാൻ ഫോണെടുത്ത് ഫോട്ടോയെടുപ്പ് തുടങ്ങി
കുതിരകൾ എന്നെ തറപ്പിച്ച് നോക്കി
ഞാൻ കാറിൽനിന്നിറങ്ങിയപ്പോൾ അവ ഭീതിയോടെ ചെവിപൊക്കി
സൂത്രത്തിൽ ഓരോ ചുവടും വെച്ച് ഞാൻ അവയ്ക്കരികിലേക്ക്
സംശയത്തോടെ കുതിരകൾ
ലെൻസിലൂടെ നോക്കിക്കൊണ്ട് പടപടാ ഞാൻ ഫോട്ടോ എടുത്തുകൊണ്ടിരുന്നു
കനൽനോട്ടങ്ങളോടെ കുതിരകൾ
അപ്പോഴാണ് എനിക്ക് പിഴച്ചത്
കുതിരക്കൂട്ടത്തിന്റെ ഗാംഭീര്യം ഒരു ലോ ആംഗിളിൽ ഒപ്പിയെടുക്കാൻ
ഞാൻ റോഡിലേക്ക് കിടന്നു
നൊടിയിടയിൽ കുതിരകൾ മറഞ്ഞുകളഞ്ഞു
എന്റെ സംവിധായക ബുദ്ധിയെ ശപിച്ചുകൊണ്ട് ഞാനെഴുന്നേറ്റു
അഞ്ഞൂറുവാര അകലെ മനുഷ്യരാൽ മെരുക്കപ്പെട്ട ആ വനജീവികൾ നിൽക്കുന്നുണ്ട്
രണ്ടുകാൽ മൃഗങ്ങളോടുള്ള പുരാതനമായ ഭയത്തോടെ
അവ ഉരുമ്മിപ്പോയതിന്റെ ചൂട് വേലിക്കമ്പികൾക്കു മേലെ ഇപ്പോഴുമുണ്ട്
പെട്ടെന്ന് കുട്ടിക്കാലത്തുനിന്ന് പൊന്തിവന്ന ഏതോ ഒരോർമ്മയിൽ
രണ്ട് കയ്യും നീട്ടി ഒരു ഭിക്ഷക്കാരനെപ്പോലെ ഞാൻ വിളിച്ചു
ബ്ബാ... ബ്ബാാാാാ... ബ്ബാാാാാ... ബ്ബാാാാാ...
ഒന്നിനോടൊന്ന് ഒട്ടിനിന്നുകൊണ്ട് കുതിരകൾ എന്നെത്തന്നെ തുറിച്ചുനോക്കി
ബ്ബാ... ബ്ബാാാാാ... ബ്ബാാാാാ... ബ്ബാാാാാ...
ആഴക്കിണറ്റിൽനിന്നെന്നപോലെ ഞാൻ വിളിച്ചുകൊണ്ടിരുന്നു
ഒരു ആൺകുതിരക്കുട്ടി എനിക്കുനേരെ നേരിയ കുതിരനട നടക്കാൻ നോക്കി
അമ്മക്കുതിര മിന്നൽപോലെ വന്ന് അവനെ തടഞ്ഞു
കൈകാലുകളിളക്കി ഞാൻ വിളിച്ചുകൊണ്ടേയിരുന്നു
ബ്ബാ... ബ്ബാാാാാ... ബ്ബാാാാാ... ബ്ബാാാാാ...
എന്റെ വിളികൾ ഫാമിനുള്ളിൽനിന്ന് തിരിച്ചുമുഴങ്ങി
കുതിരകൾ അനങ്ങാൻ കൂട്ടാക്കിയില്ല
ഒടുവിൽ തൊണ്ടയടഞ്ഞു മൗനമായി ഞാൻ വേലിയിൽ ചാരിനിന്നു
കാറിന്റെ ഇരുമ്പിനുള്ളിൽ പുറത്തിറങ്ങാൻ കൂട്ടാക്കാതെ അടച്ചുമൂടി ഒരു മനുഷ്യക്കുടുംബം
വേലി ഇരുമ്പുകൾക്കപ്പുറം തുറന്ന വെളിയിൽ ഭയപ്പാടോടെ ഒരു മൃഗക്കുടുംബം
നടുവിലെവിടെയോ ഞാൻ
ഭയപ്പെടുത്തുന്ന നിശ്ശബ്ദത
അപ്പോൾ ആ അത്ഭുതം സംഭവിച്ചു
കുതിരക്കുടുംബനാഥൻ മെല്ലെ എന്റെ നേരെ നടന്നു തുടങ്ങി
പിന്നാലെ അവന്റെ പ്രിയപ്പെട്ടവർ
ഞാൻ ഉറഞ്ഞു നിന്നുപോയി
വാനുയരത്തിൽ കുതിരകൾ ഒറ്റക്കെട്ടായി നടന്നു വന്നു
വേലിപ്പുറത്തേക്ക് തലകൾ നീട്ടി അവ എന്റെമേൽ മുഖമുരുമ്മി
കൈകൾ ഉയർത്തി കടുംതവിട്ടു നിറമുള്ള ആകാശത്തെ ഞാൻ തൊട്ടുതലോടി.

Comments