ചവുട്ടിത്തേച്ചരച്ചപ്പോൾ
കത്തുന്ന കണ്ണുകൾ
അല്ല, മങ്ങുന്ന കണ്ണുകൾ പോലും
നോക്കിയില്ല
മുട്ടുകാൽ കഴുത്തിലമർന്ന
മനുഷ്യനെപ്പോലെ ഞരങ്ങി
ഞരങ്ങി മിണ്ടാതായി
എന്നും പറയാനാവില്ല.
ഞരങ്ങിയെങ്കിൽ തന്നെ
കേട്ടുമില്ല
വെറും ഉറുമ്പല്ലേ
എന്നാൽ
അത് കടിച്ച വേദന
ഇന്നും
നീറുന്നു ചോരയിൽ
അവസാനശ്വാസം വിടും വരെ
പുകഞ്ഞ് കത്തും
തന്നിലെളിയതിനോടു കാണിച്ച ക്രൗര്യം
തത്വം പാടിയാലും വീടാത്ത
ചില്ലറ കടം
സൂര്യൻ മറ പറ്റി
പോക്കുവെളിച്ചമോ
നീട്ടുന്നു
ഒരു കോപ്പ
കരിറാന്തൽ സന്ധ്യ
സിറ്റിസൻ
ആരോക്കെയോ ആകണം
എന്നായിരുന്നു ആഗ്രഹം
വോട്ട്, ജോലി
അപമാനങ്ങൾ
ജോലി, വോട്ട്
അപമാനങ്ങൾ
ഇടിച്ചിറക്കി ജീവിതം
തീ പിടിക്കാതെ
കഷ്ടി രക്ഷപ്പെട്ടു
രണ്ടു പിള്ളരെ ഉണ്ടാക്കി
മഹത്തായ
കളി തുടർന്നു.
ചെടികൾ പുവുകൾ തുമ്പികൾ
പേരമക്കൾ
എല്ലാറ്റിനെയും പെട്ടകത്തിൽ
കൃത്യമായ് കയറ്റിവിട്ടു
ഒന്നും ആകാനില്ല
എന്നു മനസ്സിലായി
ഫിറ്റായി
മനസ്സമാധാനത്തോടെ
തെങ്ങിന്റെ കടക്കൽ
മൂത്രമൊഴിച്ചു നിൽക്കെ
അവളും കൊമ്പൻമീശക്കാരൻ മൂത്തവനും
അച്ചന് ബാത്‌റൂമിൽ ആയിക്കൂടെ
തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു
ഏതാണ്ട് ഒരാഴ്ച
ആൾ കുഴഞ്ഞു വീണു.
തെങ്ങിന്റെ കടക്കൽ
മൂത്രമൊഴിച്ചു നിൽക്കെ തന്നെ
എല്ലാം സാധാരണം ആയി
ഏവരും സന്തുഷ്ടരായി
▮