പൗർണ്ണമി നാൾ
പാതിരാ നേരം
മുൾവേലിയിൽ വെള്ളിക്കെട്ടന്റെ
ഉറ തിളങ്ങുന്നു
പടിക്കൽ ആരാണ്?
തിണ്ണയിലിരിക്കുമ്പോൾ എനിക്ക് കാണാം
അതിന്റെ അവ്യക്ത രൂപം
അതെന്നെ നോക്കുന്നു
തിണ്ണയിലാരാണ്?
പടിക്കൽ നിൽക്കുമ്പോൾ എനിക്ക് കാണാം
അതിന്റെ അവ്യക്ത രൂപം
അതെന്നെ നോക്കുന്നു
ഭയം പെരുക്കുമ്പോൾ
നെഞ്ചിലെ മാളത്തിൽ
വെള്ളിക്കെട്ടന്റെ മുട്ടകളുമായി
ചന്ദ്രൻ അസ്തമിക്കുന്നു
ഇരുട്ടുന്നു
വീനസ്സുപൂക്കൾ
പാതിരാത്രി
ഭൂമിയിലെ വെളിച്ചെങ്ങളെല്ലാം കെടുമ്പോൾ
വിശന്ന വീനസ്സു പുഷ്പങ്ങളെപ്പോൽ
മെല്ലെ മെല്ലെ വാ പിളർത്തും
എണ്ണമില്ലാത്ത യോനികൾ
അതിൽ വീണു പ്രാണനൊടുക്കാൻ
ചാവേറുകളായ്
മെല്ലെ മെല്ലെയുണർന്നുവരും
എണ്ണമില്ലാത്ത ലിംഗങ്ങൾ
പാതി വിടർന്ന
വീനസ്സു പുഷ്പമീ
സന്ധ്യ
വഴുതി വീഴുന്നു സൂര്യൻ
അടയുന്നു
(* venus fly trap എന്ന മാംസഭോജി പുഷ്പം)
എംബ്രോയ്ഡറി
വെളുത്ത
കിടക്കവിരി
നിന്നിൽ
എന്നെക്കോർത്ത്
തുന്നാൻ തുടങ്ങി
പൂക്കൾ
ഇലകൾ
ശലഭങ്ങൾ
ഒച്ച വയ്ക്കും കിളികൾ
മേഘങ്ങൾ
മലങ്കാറ്റ്
കടലല
അവസാനത്തെ തിരയടിയിൽ നൂല് പൊട്ടി
മെല്ലെ മെല്ലെ
കരയ്ക്കടിഞ്ഞു
ഭൂമി
ഒരു വശത്തൂന്ന് നോക്കുമ്പോ
കാട്ടുമൈന
മറുവശത്തൂന്ന് നോക്കുമ്പോ
നീലപ്പൊന്മ ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.