നാല് കുറുങ്കവിതകള്‍

ഒന്ന്​

ഞാനും അവളും
ആദ്യമായി പിണങ്ങി.
അത് എന്തിനായിരുന്നു
അതിന്റെ കാരണം
അതിന്റെ തുടക്കം
കടല്‍ പെരുകുന്നു

കലങ്ങിയ കണ്ണില്‍
ഒരു ജഢം നീന്തുന്നു

രണ്ട്​

ഇത്രയും കാലം
അവളോടൊപ്പം
കഴിഞ്ഞിട്ടും
മാറാത്ത
എന്റെ നിഴലിനെ ചവിട്ടി
അവള്‍ക്കാശ്​ചര്യം.

ചങ്കിലെ
ചോര തുടച്ച്
ഞാന്‍
ബുദ്ധനാകാന്‍
നോക്കുകയായിരുന്നു.

മൂന്ന്​

അല്ലികളാണവള്‍
ഓറഞ്ചല്ലികള്‍
എന്നിട്ടും
ഒരിതളിന്റെ
അര്‍ത്ഥമറിയാതെ
വഴിതെറ്റി, തെറ്റി.

നാല്​

നീ വരാതായപ്പോള്‍
ഞാന്‍ കരഞ്ഞില്ല
കിണറിലെ വെള്ളം
വറ്റിവരണ്ടു
ചെടികള്‍ വാടി
ഭൂമിയുടെ നിലവിളി
രാത്രിയുടെ
മൗനത്തില്‍ കിടന്ന്
മുഴങ്ങി.

എന്റെ കണ്ണാടി ഉടഞ്ഞു.
പതിനെട്ട് മുറിവുകളില്‍
ഇപ്പോള്‍ ഞാന്‍.

Comments