സഞ്ജയ് നാഥ്

നാമ്പുകുളങ്ങര എന്ന ദേശം

നാമ്പുകുളങ്ങരയിലെ പഴയ ഷാപ്പിൽ നിന്ന്
അന്തിക്കള്ള് കുടിച്ച് മടങ്ങുമ്പോഴാണ്
ഭാസ്കരേട്ടൻ ഭൂതകാലങ്ങളിലേക്ക് ഊളിയിടുന്നത്.

കവലയിൽ നിന്ന് നേരേ കിഴക്കോട്ട് നടന്ന്
മണ്ണാച്ചിരേത്ത് ക്ഷേത്രത്തിന് മുന്നിലെത്തുമ്പോഴേക്കും
ആത്മഗതങ്ങൾ ഉച്ചസ്ഥായിലാവും.

തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമ്മകളിലെ
ചേലക്കോടൻ കുഞ്ഞിരാമനേയും,
വളൂത്തറ രാഘവക്കുറുപ്പിനേയും,
മണ്ണാമ്പറമ്പിൽ ഖാദറിനേയും
പതിവായി പേരെടുത്ത് പറയും.

കലപ്പകയറ്റി തഴമ്പ് വീണ തോളിൽ തൊട്ട്
ഒരു നാടിന്റെ ചരിത്രം പറയും.

ഇരുട്ടുവീണ വഴികളിലൂടെ നാമ്പുകുളങ്ങരയിലെ
അന്തിച്ചന്തയിലേക്ക് പോകുന്നവർ
ഭാസ്കരേട്ടനെ കേൾക്കും
കടന്നുപോകുന്നവർ പരിഹസിക്കാറില്ല
അവർക്കറിയാം ഭാസ്കരനെന്നത്
ഒരു പോരാട്ടത്തിന്റെ പേരാണെന്ന്.

കൽക്കുളത്താൽച്ചാലിലെ മീൻ പിടിച്ചവരിൽ
ഭാസ്കരേട്ടനുമുണ്ടായിരുന്നു.
ത്രീനോട്ട് ത്രീ റൈഫിൾ തീ തുപ്പിയ വേളയിൽ
പോയിന്റ്ബ്ലാങ്കിൽ ഇടത് തുടയിൽ പതിച്ച വെടിയുണ്ടയുമായി പാഞ്ഞത് ഭാസ്കരേട്ടൻ പറയാറുണ്ട്.

മണ്ണാച്ചിരേത്ത് ക്ഷേത്രമുറ്റത്തെ കരിമ്പനയെക്കാൾ
ഉയരത്തിൽ ഭാസ്കരേട്ടന്റെ നിഴല് വളരും.

പാടിയും പറഞ്ഞും അയാളങ്ങനെ നീങ്ങുമ്പോൾ
ഒരു നാടിന്റെ ചരിത്രം ഒപ്പം നീങ്ങും.

ദൂരെ നിന്ന് പാട്ട്കേൾക്കുമ്പോഴെ
വാഴയില മുറിച്ചിട്ട് ഭാരതിചേച്ചി അതിലേക്ക്
ചോറ് വിളമ്പും

പതിയാരത്ത് വിള ലക്ഷംവീടുകൾ കടന്ന്
ഭാസ്കരേട്ടനെത്തുന്നത് ഭാരതി ചേച്ചി
വിളമ്പി വച്ച ചോറിന് മുന്നിലേക്കാണ്.

ഒരു നാടിന്റെ ചരിത്രം വീണ്ടും പറയുമ്പോൾ
ഭാസ്കരേട്ടൻ കരയും.
എന്നും കേൾക്കുന്ന കഥയാണെങ്കിലും
ഭാരതിചേച്ചിയ്ക്ക് മുഷിയാറില്ല.
ആ പറയുന്നത് മുഴുവൻ മനുഷ്യനെ സ്നേഹിച്ചവരുടെ
കഥകളാണെന്നവർക്കറിയാം.

അക്കരെ തേക്കനാഴിപാടത്തുനിന്ന് തവളകൾ
കരഞ്ഞ് തുടങ്ങുമ്പോൾ
ഭാസ്കരേട്ടൻ കഥ പറച്ചിൽ നിർത്തും.

ഉറക്കത്തിലെ സ്വപ്നങ്ങളിൽ കൂമ്പൻ തൊപ്പിയും
അരക്കാലൻ നിക്കറുമിട്ട ത്രീ നോട്ട് ത്രീ റൈഫിളുകൾ
ചുറ്റിലും നൃത്തം വയ്ക്കും.

പുലർച്ചെ ഗുരുമന്ദിരത്തിലെ ഭക്തിഗാനത്തോടൊപ്പം
ഉണർന്ന് ഭാസ്കരേട്ടൻ പണിയ്ക്ക് പോകും.

കാരിയറില്ലാത്ത സൈക്കിളിൽ ഭാസ്കരേട്ടനിടയ്ക്ക്
വള്ളികുന്നത്തേയ്ക്ക് പോകും.

കാലത്തെ പുറകോട്ട് സഞ്ചരിപ്പിച്ച് ശൂരനാട്ടെത്തും.
തോപ്പിലിനെയും, കാമ്പിശ്ശേരിയേയും
പുതുപ്പള്ളി രാഘവനേയും കാണും.
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിലെ
‘പൊന്നരിവാൾ അമ്പിളിയിൽ
കണ്ണെറിയുന്നോളെ’ പാടും
മടങ്ങിവന്ന് നാമ്പുകുളങ്ങരയിലെ പഴയ
ഷാപ്പിലെ അന്തിക്കള്ള് ഒരുപാട് കുടിയ്ക്കും.

നാമ്പുകുളത്തിലിറങ്ങി മുഖം കഴുകി
വായനശാലയുടെ മുറ്റത്തിരിയ്ക്കും.
തോപ്പിൽ ഭാസിയെ ഭാസി കൊച്ചാട്ടാ
എന്നു വിളിച്ച് കരയും.

ഭാരതി ചേച്ചി അന്ന് കൂടുതൽ ചോറ് വിളമ്പും.
മുളകിട്ട അയലക്കറി രുചിയോടെ കൂട്ടി
പഴയ കാലത്തുതന്നെ തുടരും.

അവസാനമായി വള്ളികുന്നത്ത് പോയി വന്ന
ദിവസമാണ് ഭാസ്കരേട്ടൻ കാരിയറില്ലാത്ത സൈക്കിൾ
നാമ്പുകുളത്തിൽ ഉപേക്ഷിക്കുന്നത്.

അന്തിക്കള്ള് കുടിച്ച് ഷാപ്പിന്റെ മുന്നിൽ നിന്ന്
ഒറ്റക്കരച്ചിലായിരുന്നു.
‘എന്റെ ഭാസിക്കൊച്ചാട്ടാ’

Comments