അവൾക്ക്
പതിനെട്ടു വയസ്സുള്ളപ്പോൾ
അവളെ കാണുവാൻ
ഒരാൾ വന്നു
അയാൾ ചോദിച്ചു
എന്നെ ഇഷ്ടമായോ
അവൾ പറഞ്ഞു
ചിരുതയോട് ചോദിക്കണം
ചിരുത പറഞ്ഞു
അത് വേണ്ട...
പലർ
പല കാലങ്ങളിൽ വന്നു
അവരെല്ലാം ചോദിച്ചു
എന്നെ ഇഷ്ടമായോ
അവൾ പറഞ്ഞു
ചിരുതയോട് ചോദിക്കണം
ചിരുത പറഞ്ഞു
അത് വേണ്ട...
പിന്നീടാരും
വരാതെയായ്
അവൾക്ക്
നാൽപ്പതു വയസ്സുളളപ്പോൾ
ഇനിയാരും വരാനില്ലെന്ന്
അവളും വിചാരിച്ചു
ചിരുത പറഞ്ഞു
ഒരാൾ വരും...
പുഴയിൽ
വെള്ളം കുറഞ്ഞ മാസം
അക്കരെ നിന്നും
ഒരാൾ വന്നു
അയാളൊരു
കള്ളുകുടിയനും
ചീട്ടു കളിക്കാരനുമായിരുന്നു
ആൾക്കാരോട് വഴക്കു കൂടി
തല്ലുണ്ടാക്കുന്നയാൾ
ചിരുത പറഞ്ഞു
ഇത് നടക്കട്ടെ...
അവളെ
അയാൾ വിവാഹം ചെയ്തു
അവളുടെ വീട്ടിലേക്ക്
താമസം മാറി
കുറഞ്ഞ മാസങ്ങൾക്കുള്ളിൽ
കുടിച്ചു വന്ന്
അവളെ
ചീത്തവിളിക്കുവാൻ തുടങ്ങി
ചോദിക്കുവാൻ വന്നവരോടെല്ലാം
വഴക്കുകൂടി
അക്കാര്യങ്ങളൊന്നും
അവൾ
ചിരുതയെ അറിയിച്ചിരുന്നില്ല
ചിരുത പറഞ്ഞു
എല്ലാം മാറും...
പെട്ടെന്നൊരു ദിവസം
കള്ളുകുടിയും
ചീട്ടുകളിയും നിർത്തിയ
അയാൾ
രാവിലെ എണീറ്റ്
കുളിക്കുവാൻ തുടങ്ങി
ആരോടും
വഴക്കിനു പോവാതെയായ്
കാടുമൂടിക്കിടന്ന
അവരുടെ വീട്ടുപറമ്പ്
വെട്ടി വൃത്തിയാക്കി
ചെടികൾ നട്ടുപിടിപ്പിച്ചു
അവളും അയാളും
ചെടികൾക്ക് വളമിടുകയും
വെള്ളം നനയ്ക്കുകയും ചെയ്തു
അതിൽ നിറയെ പൂക്കളുണ്ടായി
ചുറ്റുപാടും സുഗന്ധം പടർത്തി
പല നിറങ്ങളിൽ
ആ വീട് പൂത്തു നിന്നു
അപ്പോഴും
ആഴത്തിലൊരു വേദന
അവളിൽ
മൂടിക്കെട്ടി നിന്നിരുന്നു
അവർക്ക് കുട്ടികളുണ്ടായിരുന്നില്ല
ചിരുത പറഞ്ഞു
ഒരു കുഞ്ഞ് പിറക്കും ...
അവൾക്ക്
നാൽപ്പത്താറ് വയസ്സുള്ളപ്പോൾ
അവൾ പ്രസവിച്ചു
ഒരു പെൺകുട്ടി.
അവൾക്കിപ്പോൾ
നാലു വയസ്സായിരിക്കുന്നു
ഇന്നലെ വൈകുന്നേരം
പൂക്കളെയും നോക്കി
അവരുടെ വീടിനു മുന്നിലൂടെ
ഞാൻ നടന്നു വരുമ്പോൾ
ചെടികൾക്കിടയിൽ
ആ നാലു വയസ്സുകാരി
നിൽക്കുന്നത് കണ്ടു.
ചെറിയ കാറ്റിൽ
വേറൊരു പൂവ് പോലെ.
ഞാൻ ചോദിച്ചു
നിന്റെ പേരെന്താ
ഇളകുന്ന
പൂവുകൾ പറഞ്ഞു
ചിരുത...
▮