കന്നി എം.

നന്നായി നീന്തുന്നവർ

നീന്തൽ പഠിക്കാൻ വീട്ടിൽ നിന്നിറങ്ങി.
കൂട്ടുകാരെക്കൂടി വിളിച്ചോളാൻ കൂട്ടത്തിലാരോ പറഞ്ഞു.
തിരികെ വീട്ടിൽക്കയറി ഫിഷ്ടാങ്കെടുത്ത് ഒക്കത്തുവെച്ചു
നീന്തൽ പഠിക്കാൻ കുളത്തിലേക്കോടി.

പച്ചനിറത്തിൽ പ്രതിബിംബം കണ്ട്
വെള്ളത്തിൽ കാലിട്ട്
കുമിളകളുടെ തലപ്പാവ് ഊരിവാങ്ങിച്ച്
കുറേനേരം മറ്റുള്ളവരെ നോക്കി മടിച്ചിരുന്നു.

മടി കഴുകിക്കളഞ്ഞ്
ആ തലപ്പാവ് വെച്ചപ്പോളൊരു ഗമ
ഒക്കത്തൊരു പറ്റം മീനുകൾ
ഉള്ളിൽ നനവിന്റെ കനം.

തുഴഞ്ഞുനീങ്ങുന്നവരിലാരോ ഒരാൾ
കാലുകളെ തൊട്ടു.
കാപ്പിനിറമുള്ള മണ്ണിന്റെ വഴുക്കലിൽ ഊഞ്ഞാലാടി
ഞങ്ങളൊന്നിച്ചു വെള്ളത്തിലേക്കമർന്നു.
ശ്വാസം നിറയെ വെള്ളം കയറുന്നേരം
ആരോ പൊക്കി പുറത്തിട്ടു.

എന്റെ കൂട്ടുകാർ നന്നായി നീന്തുന്നവരായിരുന്നു
അവർ വാലുകളടിച്ച് നീന്തിപ്പറക്കുന്നത് കണ്ട്
ഒക്കത്തൊരു ഫിഷ്ടാങ്കുമായി ഞാനിരുന്നു.
തിരിച്ചുവരുമ്പോൾ ഒറ്റയ്ക്കാണെന്ന് തോന്നിയില്ല
കൈയ്യിലും തുടയിലും
ഓരോ ജോഡി മീൻചിറക് കിളിർത്തിട്ടുണ്ട്.


Summary: Nannayi Neenthunnavar malayalam poem written by Kanni M


കന്നി എം.

കവി, ചിത്രകാരി. ചാരനിറമുള്ളൊരാൾ ചുവന്ന പൊട്ട് കുത്തുന്നു എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments