നരകത്തിലേക്ക്

ട്രക്കുനിറയെ പാപികളുമായി
നരകത്തിലേക്ക് പുറപ്പെട്ടു.

നഗരങ്ങൾ, ഗ്രാമങ്ങൾ പിന്നിട്ട് വണ്ടി
മണൽപരപ്പിലേക്കുകയറി
പൊടിപടലങ്ങൾ പടർത്തി
പാഞ്ഞു

വഴിയിൽ ഒരു ചെകുത്താൻ
വണ്ടിക്കു കൈകാണിച്ചു.
അവൻ ചോദിച്ചു:
ഈ നാറികളെല്ലാം ആരാണ്?

ഞാൻ പറഞ്ഞു,
ഇവർ പുരോഹിതന്മാരും
നടന്മാരും
രാഷ്ട്രീയക്കാരും
സ്വർണക്കടത്തുകാരും
നീതിപാലകരും
നർത്തകികളും
ലഹരിവില്പനക്കാരും
പിമ്പുകളുമാണ്.
കൊടും പാപികളാണ്.
ബാലഘാതികളും
ഗണശത്രുക്കളും
സ്ത്രീവിനാശകരുമാണ്.

നമ്മൾക്കും വ്യത്യാസമൊന്നുമില്ലല്ലോ,
അതും പറഞ്ഞ്
അവൻ ഒരു മരത്തിൻ്റെ തണലിലിറങ്ങി
മറ്റൊരു വഴിയിലേക്ക് വണ്ടി തിരിച്ചു
ഗിയർ മാറ്റി
ആക്സിലേറ്ററിൽ
ആഞ്ഞ് കാലമർത്തി.

വണ്ടി ഇരച്ചുകൊണ്ട്
അനന്തതയിലേക്ക് പാഞ്ഞു.


എസ്. ജോസഫ്

കവി. എറണാകുളം മഹാരാജാസ്​ കോളേജിൽ മലയാളം അധ്യാപകനായിരുന്നു. കറുത്ത കല്ല്, മീൻകാരൻ, ഐഡന്റിറ്റി കാർഡ്, ഉപ്പന്റെ കൂവൽ വരയ്ക്കുന്നു, ചന്ദ്രനോടൊപ്പം, വെള്ളം എത്ര ലളിതമാണ് തുടങ്ങിയവ പ്രധാന കൃതികൾ.

Comments