‘നാരാണന്‍’ എന്നാല്‍ നാരായണന്‍കുട്ടി.
സ്‌കൂള്‍ പഠനകാലത്ത് അയാള്‍
കെ.എസ്.യു നേതാവായിരുന്നു.
ചെരട്ടരാമചന്ദ്രനായിരുന്നു
എസ്.എഫ്.ഐ നേതാവ്.
അയാളുടെ അച്ഛന് ചെരട്ടക്കവടമായിരുന്നു.
അക്കാലത്ത് 'നാരാണനും' 'ചെരട്ടയും'
കടുത്ത വര്‍ഗ്ഗശത്രുക്കളായിരുന്നു.
സ്‌കൂള്‍തെരഞ്ഞെടുപ്പുകാലത്ത് എസ്.എഫ്.ഐക്കാര്‍
നാരാണനെ 'നാറീ നാറീ നാറാണാ'
എന്ന് പരിഹസിച്ചു മുദ്രാവാക്യം വിളിച്ചു.
'ചെരട്ടേ ചെരട്ടേ' എന്ന് കെ.എസ്.യുക്കാര്‍
രാമചന്ദ്രനെ തിരിച്ചും വിളിച്ചു.
ഇടക്കുനിന്നു പ്രോത്സാഹിപ്പിക്കാന്‍
അധ്യാപകരുണ്ടായിരുന്നു.
അങ്ങനെ രണ്ടുപേരും പത്തില്‍ തോറ്റു.
നാരായണന് അമ്മ മാത്രമേ
ഉണ്ടായിരുന്നുള്ളൂ- അവര്‍ക്ക്
ടൗണിലെ ഹോട്ടലില്‍
പാത്രം കഴുകലായിരുന്നു ജോലി.
അവരുടെ മരണശേഷം
തീര്‍ത്തും ഗതിമുട്ടിയ നാരായണന്‍
ജീവിതത്തിലേക്കു തെറിച്ചു:
അയാള്‍ കമ്യൂണിസ്റ്റായി!
അച്ഛന്റെ മരണത്തോടെ
ചെരട്ട കോണ്‍ഗ്രസ്സിലേക്കു ചേക്കേറി,
ചെരട്ടക്കച്ചവടം നിര്‍ത്തി
ബസ്സു വാങ്ങി- അതില്‍ കണ്ടക്ടറായി
നാരാണന്‍ ജോലി ചെയ്യുന്നു.
അവര്‍ക്കുതമ്മില്‍ ഇപ്പോള്‍
ശത്രുതയൊന്നുമില്ല.
എങ്കിലും അവരുടെ കുറ്റപ്പേരുകള്‍
തമ്മില്‍ മത്സരിക്കുന്നു!
