ബിബിൻ ആന്റണി

‘നഷ്ടപ്പെട്ട ആടിന്റെ ഉപമ’
എന്നു​ പേരായ കവിത

റുമ്പുകളുടെ വഴിയേ നടന്നെത്തുമ്പോൾ
പഴയകാലം പൊതിഞ്ഞുവെച്ച തടിപ്പെട്ടിക്കുള്ളിൽ
ചത്തുമലച്ചൊരനാഥപ്രേതം:
വെറും വാക്കുപഞ്ജരമെങ്കിലും
കാവ്യശരീരം എന്നലങ്കാരം!

എവിടെയോ കണ്ടിട്ടുണ്ടല്ലോ
എന്നൊരാലോചന;
ഒരുമട്ടിൽ ആശങ്ക.

ദിവസത്തിന് 24 മണിക്കൂറില്ലാതിരുന്നൊരു കാലത്ത്,
വാടകയും ഭക്ഷണവും കഴിഞ്ഞാൽ
നൂറുരൂപാ തികച്ചെടുക്കാൻ
കഴിയാതിരുന്ന കാലത്ത്,
ഞാനിട്ട ഉടുപ്പാണ്
അത്‌ ഇട്ടിരിക്കുന്നത്.

ഉടുപ്പിന്റെ പോക്കറ്റിൽ
മഷി പടർന്നിട്ടുണ്ട്.
അസ്തിത്വദുഃഖം മുഖത്തുണ്ട്.
വിരഹവേദന നീലിച്ച ഞരമ്പുകൾ
എഴിച്ചിരുപ്പുണ്ട്.
പ്രതീക്ഷയുടെ അടിവസ്ത്രമാകെ
ഉറുമ്പരിച്ചിട്ടുണ്ട്.

സൂചകങ്ങൾ പൊതിഞ്ഞെടുത്തത്
ഇടത്തെക്കൈയിൽ
ഇറുക്കിപ്പിടിച്ചിട്ടുണ്ട്;
വീടിനെപ്പറ്റി, അമ്മയെപ്പറ്റി, മരിച്ചുപോയ
ഫ്രണ്ടിനെപ്പറ്റി
ഓർമ്മകൾപ്പോലെ
പുഴകൾ വറ്റിപ്പോകുന്നതിനെപ്പറ്റി,
കവിതയിൽനിന്നെപോലെ കെട്ടഴിഞ്ഞുപോയ
കുറേ വാക്കുകൾ
ചുറ്റിലും ചിതറിക്കിടപ്പുണ്ട്.

ഉറുമ്പുകളുടെ കാൽപ്പെരുമാറ്റം തീരുന്ന ഇവിടെ ഇപ്പോൾ ഞാനാരാകുന്നു?

അന്വേഷണോദ്യോഗസ്ഥനോ?
മരിച്ചതിന്റെ ചോരബന്ധമോ?
വഴിപോക്കനോ?
സ്വപ്നത്തിന്റെ മാധ്യമമോ?
ഭാഷാഭ്രഷ്ടനോ?

പെട്ടെന്ന്,
പഴക്കംചെന്ന പദദേഹത്തിന്റെ വാടയിൽ
എനിക്ക് ഓക്കാനംവന്നു;
ദഹിക്കാത്ത കവിതയുടെ ചുവയുള്ള വെള്ളം പുളിച്ചുതികട്ടി.

ഈ രംഗം
പൊടുന്നനെ മാറുന്നു...

മരിച്ചത് ചെറിയ കക്ഷിയല്ലന്ന് ജാതകവിവരണങ്ങളോടൊപ്പം
വാർത്തയിൽ പറഞ്ഞുകേൾക്കുന്നു.

നാർണിയത്തിലേതുപോലെ പെട്ടിതുറക്കുമ്പോളത് ‌
മനുഷ്യർക്ക് കിന്നരരുടേതുപോലെ മാട്ടിൻകാലുള്ള മറ്റൊരു ലോകമാകുന്നു.
"ഇവിടെയെല്ലാം കവിതയാണെ"ന്ന്
കാറ്റുപറയുന്നു.

അവിടെ മരിച്ചത്
വായനനക്കാർക്കു വേണ്ടപ്പെട്ട,
ഭരിക്കുന്നവരോടു കലഹിച്ചുകൊണ്ടിരുന്ന,
അരികിൽ നിർത്തപ്പെട്ട,
അരികിൽനിൽക്കുന്നവരുടെ കൈമാത്രം പിടിച്ച,
ഭാഷപോരെന്ന പേരിൽ അപ്രകാശിതമായിപ്പോയ
ഒരു കവിതയാണെന്നും
വിപ്ലവത്തിന്റെ തീയാണെന്നും
മാറ്റത്തിന്റെ കാഹളമാണെന്നും
നിരീക്ഷകർ മാറിമാറി സ്ഥിതീകരിക്കുന്നു.

ഉറുമ്പരിച്ച ഈ ഉടലും
ഞാനും തമ്മിൽ ഇനിയെന്ത്?
കടലും ശംഖും പോലെയോ
ചുവപ്പു വെളിച്ചവും അപായസൂചനയും പോലെയോ
വാക്കും അർത്ഥവും പോലെയോ
ആരോപിതമായ ഒരു ബന്ധത്തിൽ
ഞാനൊരു കവിതയെ മറവുചെയ്യാനൊരുങ്ങുന്നു.

ഇനിയാണ് ചോദ്യം:
ഈയൊരു ചെയ്തിയോടുകൂടി
എന്റെ കർതൃത്വം എങ്ങനെയാവും നിർവചിക്കപ്പെടുക?


Summary: Nastapetta aadinte upama ennu peraya kavitha malayalam poem by Bibin Antony Published in Truecopy Webzine Packet 280.


ബിബിൻ ആൻറണി

കവി. ഉത്തർപ്രദേശ് അലിഗഢ് മുസ്​ലിം സർവകലാശാലയിലെ ആധുനിക ഭാരതീയ ഭാഷാ വിഭാഗത്തിൽ ഗവേഷകൻ.

Comments