ലിയോ ടോൾസ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ എന്ന നോവലിലെ നിമിഷങ്ങൾ ആവിഷ്കരിക്കുന്ന ‘യുദ്ധവും സമാധാനവും ഒരു ചിന്താകാവ്യം’ എന്ന നീണ്ട കവിതയിലെ തെരഞ്ഞെടുത്ത ഭാഗങ്ങൾ. നോവലിലെ ഏഴു കഥാപാത്രങ്ങളുടെ വീക്ഷണങ്ങളിലൂടെയുള്ള ഏഴു ഭാഗങ്ങളായി ക്രമീകരിച്ച എൺപത്തൊന്ന് കവിതകൾ ചേർന്നതാണ് നീണ്ട കാവ്യം. ആദ്യ നാലു ഭാഗങ്ങളിൽ നോവലിലെ നാലു കഥാപാത്രങ്ങൾ നടാഷ എന്ന കഥാപാത്രത്തെ സ്വന്തം ബോധധാരയിലൂടെ ആവിഷ്കരിക്കുന്നു. അഞ്ചാം ഭാഗം നടാഷയുടെ വീക്ഷണത്തിലുമാണ്. ഓരോ ഭാഗത്തുനിന്നും തെരഞ്ഞെടുത്ത കാവ്യഖണ്ഡങ്ങളാണിത്.
▮
ഭാഗം ഒന്ന്: ആന്ദ്രെ
നടാഷ
പാടുന്നു നീ
തുറന്ന ജാലകം, അരികെയായ്
അണുവോരോന്നുമുണർന്നുനിൽക്കുന്നു ഞാൻ.
ഉയർന്നുയർന്ന് നിൻ ഗതി –
ഏകാന്ത ഗമകമൊന്നിൻ നടുമധ്യം (1) –
ഉയർന്നുപിടയുന്നെന്തെന്റെ പ്രാണനിൽ
ഉള്ളം കടഞ്ഞുപൊങ്ങുന്ന രോദനം?
കലരുന്നുണ്മയിൽ
ഒരേ മാത്രയിൽ
പുരുമോദവും
പീഡയും –
പ്രണയിച്ച മുഖമോ?
പിഴകളോ?
നഷ്ടഭൂതങ്ങളോ?
ഇനിയും സ്വപ്നങ്ങളോ?
കരയുന്നെന്തിനായ് ഞാൻ?
തുറക്കുന്നെത്ര ജാലകങ്ങൾ –
നിന്റെ വെട്ടങ്ങൾ
പൊട്ടിച്ചിരികൾ
സദാ ചലിയ്ക്കും മാന്ത്രികത്തോപ്പിലെ
രഹസ്യസന്തോഷങ്ങൾ.
ചുറ്റും ചുഴലും ചിരിച്ചിലകൾ പൂക്കൾ
പൂണ്ടുപിടിയ്ക്കും വള്ളികൾ –
കൈപിടിച്ചുനടത്തുന്നു നീ
നിന്റെ മൊഴിവഴികളിൽ
തുറസ്സിൽ നദി പെരുകുന്ന നാദമോ? (2)
ആരോ വിളിക്കുന്നതോ?
കൺമിഴിക്കുന്നു ഞാൻ –
എങ്ങും വെളിച്ചം! ആനന്ദം!
നിറന്നുനിൽക്കുന്നു ഞാൻ
നിറഞ്ഞൊഴുകുന്നു ഞാൻ.
തുറന്ന ജാലകം, ഇപ്പുറം
അതേ നിലയിൽ ഞാൻ –
അതേ വേതാളഭാരങ്ങൾ
വർത്തുളഗമനങ്ങൾ
അതേയുടൽ
ഉൾക്കടൽത്തിരകൾ,
അതേ നിലയിൽ നീ –
അടുക്കുമ്പോൾ
അനാകർഷക വിടവുകളൊന്നൊന്നു വെളിപ്പെട്ട്
അതിസാധാരണമായ്.
ഒരു മാത്ര – കാണുന്നു ഞാൻ
നിന്റെ പാട്ടിന്റെ പാതയിൽ
ഒളിദേഹങ്ങളായ് നമ്മൾ.
കരയുന്നെന്തിനായ് ഞാൻ?
പാടുന്നു നീ.
▮
ഭാഗം രണ്ട്: പിയർ
നടാഷ
നടക്കുന്നു നടക്കുന്നുറക്കമില്ലാത്ത രാത്രി
ഇടയ്ക്കു ചിരിക്കുന്നു ചിന്തയിൽ വിറയ്ക്കുന്നു
അസൂയപ്പെടുന്നവൾക്കാന്ദ്രേയോടുള്ള സ്നേഹമോർത്ത്
അതിൽ സ്വയം ശാസിയ്ക്കുന്നു മാപ്പേകുന്നു,
ഒന്നുമില്ലിനി ചെയ്യാൻ – ഇതു കൂടിയേ തീരൂ!
ഒന്നൊഴിയാതെയെല്ലാം ചെയ്യണ,മീയാനന്ദം
വിചിത്രമെങ്കിലു, മെത്രയസാധ്യമെങ്കിലും
ഞങ്ങൾ പുരുഷനും പത്നിയുമാകണമെന്നേ തീരൂ.
പറയേണ്ടതാരോട്?
അലിവോടെ ചിരിക്കും പരിചാരകപ്പഴമൻ,
അവളെക്കുറിച്ചുള്ള സൂചനയോരോന്നുമറിയാത്ത ഭാവത്തിൽ ബന്ധുജനം,
അറിയുമോയേവർക്കും?
അറിയില്ലെനിക്കിപ്പോളവളല്ലാതീവാഴ് വിലൊന്നും
ഒഴുകുന്നു കത്തിയമർന്ന മോസ്കോ
ഒഴുകുന്നു ചിമ്മിനിക്കുഴലുകൾ ചുമരുകൾ
ഒഴുകുന്നവളിലേയ്ക്കീ തെരുവുകളാകെയിപ്പോൾ,
തിരിഞ്ഞുനോക്കുന്നെന്നെ വഴിയിലെല്ലാവരും
ചിരിക്കുന്നെല്ലാവരും – ചിരിക്കുന്നോ ഞാനും?
അവളുണ്ടായിരുന്നോ അവിടെയിന്നലെ?
അതു ഞാൻ കണ്ട സ്വപ്നമായിരിക്കുമോ?
അവിടെയുണ്ടായിരുന്നോ ഞാനും?
അവളോടു പറഞ്ഞതും കേട്ടതുമുള്ളതാണോ?
പടികടന്നുകയറുന്നീ മുറിയിൽ ഞാൻ
പരക്കുന്നുടലിലാകെയാമോദത്തിര
പടമുരിയുന്നു പുറംലോകവേഷങ്ങൾ
പരതന്ത്രി പൂണ്ടുപിടിയ്ക്കുന്നുണ്മയിൽ.
അവളിരിയ്ക്കുന്നു വെളിച്ചം വെളിച്ചമായ്
അവളുയർത്തുന്നു കൃഷ്ണകാന്തക്കൺകൾ (3)
അവളെന്നെയൊന്നു നോക്കുന്നു ചിരിക്കുന്നു –
അവളിന്നലത്തെപ്പോലെയെങ്കിലും പുതിയൊരാൾ
അവളെ ഞാനാദ്യമായ് കണ്ട നാളെന്നപോൽ
അവളെ ഞാനെപ്പൊഴും കണ്ടുകണ്ടിരുന്നപോൽ.
▮
ഭാഗം മൂന്ന്: മരിയ
നടാഷ
നീ വിളിക്കുന്നെന്നെ, “മാഷാ”
നീ കെട്ടിപ്പിടിക്കുന്നു
നീയുമ്മവെയ്ക്കുന്നു.
നീയെനിയ്ക്കത്ര പ്രിയപ്പെട്ടവളിന്ന്
നീയുടപ്പിറപ്പും കൂട്ടുകാരിയും
നീയും ഞാനുമൊപ്പമെപ്പോഴും.
നീയും ഞാനുമൊപ്പമിരിക്കും നിശ്ശബ്ദരായ്
നീയും ഞാനുമുറങ്ങാതിരിക്കും സംസാരിക്കാൻ.
നിന്നോടു പറയുന്നു ഞാൻ മറ്റാരോടും പറയാത്തവ –
എന്റെ പഴയ കുട്ടിക്കാലം
അമ്മയും അച്ഛനും
എന്റെ വിചിത്രസ്വപ്നങ്ങൾ
പ്രാർത്ഥനകൾ
ശ്രമണജീവിതം നയിച്ചലയുവാനുള്ളാശ,
നിന്റെ കഥ കേൾക്കുന്നു ഞാൻ
ആമോദം തുളുമ്പും നിൻ മൊഴിയിൽ,
അതുവരെയറിയാത്ത ജീവിതാവേഗങ്ങൾ
അടുത്തുവന്നിരിക്കുന്നു, കൂട്ടുകൂടുന്നു.
നീയും ഞാനുമൊട്ടും പറയാതിരിക്കുന്നു
നമുക്കിരുവർക്കുമത്ര പവിത്രമായൊരോർമ്മ –
നമുക്കിടയ്ക്കുതന്നെയുണ്ടെപ്പൊഴുമാന്ദ്രെ,
ഒരിയ്ക്കൽപ്പോലുമുരയ്ക്കാത്ത വാക്കായ്
ഉരുക്കഴിച്ചുകൊണ്ടിരിക്കും പ്രാർത്ഥനയായ്.
▮
ഭാഗം നാല്: നിക്കോളായ്
നടാഷ
നിൽക്കുന്നു മുറിയ്ക്കൊത്തനടുക്കവൾ
ഉയർത്തുന്നു ശിരസ്സ്
തൂക്കിയിടുന്നിരുപുറം കൈകൾ
ഊന്നിനിൽക്കുന്നു ചടുലാവർത്തനമായ്
കാൽമടമ്പുകളിൽ വിരലുകളിൽ,
നിൽക്കുന്നനങ്ങാതിപ്പോൾ
കാതോർക്കുന്നനുരണനത്തിനായ് –
“ഇവിടെയുണ്ടു ഞാൻ” എന്നോ പറയുന്നാ മിന്നൽക്കൊടിരൂപം?
അവൾക്കെന്തിത്രയാനന്ദം?
അലട്ടുന്നേയില്ലേയവളെ വാഴ് വിൻ പീഡകൾ?
ആദ്യ സ്വരം പാടുന്നവൾ –
തൊണ്ടതുറന്ന് നെഞ്ചുയർന്ന്
കണ്ണുകളിലൊരു ഗൗരവം പടർന്ന്
ഒന്നിനേയുമാരെയുമോർക്കാതെ
ഒരുചിരി ചുണ്ടുകളിൽ വിടർന്ന് –
ഒഴുകുന്നാ സ്വരങ്ങൾ.
ആയിരംവട്ടം കേട്ടിരിക്കുന്നതേസ്വരങ്ങൾ
ആയിരം കണ്ഠങ്ങളിൽനി,ന്നതേസമയതാളത്തിൽ,
ആയിരംവട്ടം കേട്ടിരിക്കുന്നനങ്ങാതെ
ആയിരത്തൊന്നാമതായിന്ന് വിറകൊള്ളുന്നു കരയുന്നു.
അവളുടെ പാട്ടിലില്ല പഴയ കുട്ടിത്തരം
അതിലില്ല മിനുസം
അവൾ ശ്വാസമെടുക്കുന്നു നിയമം നോക്കാതെ
ഗതിമാറുന്നൽപ്പം വലിഞ്ഞുമുറുകിക്കൊണ്ട് –
എന്നാൽ – എങ്ങനെ പാടുന്നവൾ!
അതീത ഭദ്രഗുണമായ്
അറിയാത്ത ബലമായ്
അകമനീയ ലോലതയായ്
അതിലൊന്നും മാറ്റാനാവാത്ത സ്വരമായ്
പാടുന്നവൾ പാട്ടുതന്നെയായ്.
ഏതോ കാചത്തിലൂടെ പാഞ്ഞ് കേന്ദ്രിക്കുന്നു ലോകം
കാതോർക്കുന്നടുത്ത സ്വരസ്ഥാനത്തിനായ്,
പാദമറിയാതളക്കുന്നു കാലം ത്രിപുടയിൽ
പാടുന്നവൾക്കൊപ്പമറിയാതെ ഞാനും.
എങ്ങനെ പാടുന്നവൾ!
എങ്ങനെ കമ്പനംകൊള്ളുന്നാസ്വരം!
എങ്ങനെ തൊടുന്നെന്നുണ്മയിലാശ്രുതി.
ഏതു തന്ത്രി കമ്പനംകൊള്ളുന്നെന്നിൽ,
ഏതിൽനിന്നുമന്യമായ്
ഏതിനും മീതെയായ്?
അഴിയുന്നു വാഴ് വിന്നഴലുകൾ
ഒഴുകുന്നൊന്നൊന്നായ്
ചീട്ടുകുത്തുകൾ കള്ളച്ചൂതുകൾ
പൊട്ടിച്ചിരിക്കും ജേതാക്കൾ
കനത്ത കടങ്ങൾ കൊടുത്ത വാക്കുകൾ –
ഒരു വിഡ്ഢി പറഞ്ഞ കഥയായ് ജന്മം (4).
ഉയരുന്നജ്ഞേയമൊന്നിലേയ്ക്കാ ഗാനം
ഉയരുന്നൊപ്പമാനന്ദമായി ഞാൻ.
▮
ഭാഗം അഞ്ച്: നടാഷ
‘നടാഷ’
മിമി കൈപിടിക്കുന്നെൻ്റെ
മിമി നടക്കുന്നു കൂടെ,
എന്തു പൂക്കൾ തുമ്പികൾ!
എന്തു വമ്പൻ മരങ്ങൾ!
ഒരു നീർമാതളപ്പൂ വിടരുന്നു (5)
ഒരു മുന്തിരിച്ചോപ്പു പടരുന്നു,
മിമിക്കുട്ടി പാവക്കുട്ടി
മിമിക്കുട്ടി വാശികാട്ടുന്നു.
ഒരു പാട്ടു മൂളുന്നു ഞാൻ
ഒരീണമോർക്കുന്നു ഞാൻ
ഒരു ശബ്ദം കേൾക്കുന്നെങ്ങോ
ഒരു പേരു വിളിക്കുന്നാരോ.
ഒരു വെട്ടം കാണുന്നു ദൂരെ
ഒരു വഴി തെളിയുന്നു മുൻപിൽ
നടുക്കിലകളൂർന്ന വഴി
നടക്കുന്നു മുന്നോട്ടു ഞാൻ.
വിളിക്കുന്നാരോ- ‘നടാഷ’.
കണ്മിഴിക്കുന്നുണരുന്നു ഞാൻ.
▮
1. നാരായണഗുരുവിൻ്റെ ‘ചിജ്ജഡചിന്തന’ത്തിലെ പ്രയോഗം.
2. നാരായണഗുരുവിൻ്റെ ‘ആത്മോപദേശശതക’ത്തിലെ വരി.
3. ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ ‘സന്ദർശനം’ എന്ന കവിതയിലെ പ്രയോഗം.
4. ഷേക്സ്പിയറുടെ ‘മാക്ബെതി’ ലെ വരി.
5. മാധവിക്കുട്ടിയുടെ ‘നിർമാതളം പൂത്ത കാലം’
