മധുരിക്കലും
കയ്ക്കലുമാണ്
ഫലം എന്നുറപ്പിച്ച്
ഒരു വണ്ടിയിലും കയറാത്ത
ഒരുവളുടെ കാത്തിരിപ്പ്
കണ്ണുപുകയ്ക്കുന്നു.
തീ പാറുന്ന എന്തോ
ഇമയനക്കാതെ
ഇരുത്തിയിരിക്കുന്നു,
അവൾ ഇങ്ങനെ
കത്തിനിൽക്കുമ്പോൾ
തീവണ്ടി പോലും
ഒന്നു പതുക്കെയായി.
കരിയെഴുതിയിറങ്ങിയ
നീലമേഘവും
നിമിഷനേരത്തേക്ക്
പെയ്യാൻ മടിച്ചു,
പെട്ടെന്ന്
ഭൂമിയുടെ ഉടുപ്പിൽ വീണ ഉപ്പുമണമുള്ള തുള്ളികൾ
നക്ഷത്രങ്ങളായി ചിതറി.
ഓർക്കാൻ ഒരു നെല്ലിക്ക പോലുമില്ലാത്തവൾ
'അകലെ അകലെ
ഒരു നെഞ്ച്
എനിക്കായി മിടിക്കുന്നുണ്ട്’
എന്ന് മന്ത്രിച്ചുകൊണ്ടേയിരുന്നു.
പരിചിതവഴിയിലെ
ചോലമരങ്ങൾക്കൊപ്പം മിണ്ടുന്ന മീൻകൊത്തികളിൽ
ഓർമകൾ കല്ലിച്ചിരിക്കേ
ഞാവൽരുചിയിൽ
മൗനത്തിൻ്റെ ലഹരി,
പച്ചക്കൊടി
വീശുന്ന ഒരാളിൻ്റെ നിൽപ്പ്
'ഭൂഖ് മാരി സെ ആസാദീ'
എന്നവൾ പലവട്ടം ഉരുവിട്ടുകൊണ്ടിരുന്നു
'നീൽസലാം' വിളിച്ച്
കൂടെ ഒരാൾ
ദിശകളെ ഭേദിക്കേ
മഷിയൊഴിയാത്ത ഹീറോയിൻപേന
കുരിശുപോലെ നെഞ്ചിൽ ചാരി വെച്ച്
മാനം തെളിയുന്നതും നോക്കിക്കൊണ്ടിരിക്കെ
മേഘം നനച്ച
തീവണ്ടി
നീലലിപിയിൽ
മിടിച്ചുതുടങ്ങി.
