കുളിമുറിയിൽ, ബക്കറ്റിലെ
വെള്ളത്തിലേക്ക് വീണ പല്ലി
പിടഞ്ഞ് തരുത്ത് എന്നെ നോക്കി.
ഞാനുമിങ്ങനെ തന്നെ
ആദ്യമായ് കുളത്തിലേക്ക്
എടുത്തെറിയപ്പെട്ടപ്പോൾ മുങ്ങി
പാതാളത്തിലേക്കെന്ന മട്ടിൽ
കൂപ്പുകുത്തി
ഒരാണ്ടിൻ്റെ വെള്ളം കുടിച്ചു.
കരയിലുള്ളവർ ചിരിച്ചു പറഞ്ഞു:
കൈയ്യിട്ടടിക്ക്,
കാലുകൊണ്ട് തുഴ,
തവളകളെ കണ്ടിട്ടില്ലേ?
രണ്ടും ഒരേതാളത്തിൽ…
വയറ്റിൽ പലനാളിൻ്റെ പ്രളയം
കയറിയിറങ്ങി കലങ്ങിയ
ഏതോരു നിമിഷത്തിൽ ഞാനും
പൊങ്ങിക്കിടക്കാനുള്ള വിദ്യ പഠിച്ചു.
എനിക്ക് കുളിക്കാനുള്ള തിരക്കില്ല
സമയമെടുത്തോളൂ
ആദ്യം കൈ, കൂടെ കാല്
പിന്നെ ഒരേതാളം
അങ്ങനെ നിനക്കും സാധിക്കും
പതിയെ നിന്നിൽനിന്ന്
ക്ലോക്കിനും കലണ്ടറിനും
പുസ്തക ഷെൽഫിനും
പിറകിലുള്ള നിൻ്റെ കൂട്ടുകാർ,
തുടരെ പറഞ്ഞ് ചെയ്യിച്ച്
നിൻ്റെ വംശം മുഴുവനും…
ഗിന്നസ്സിൽ എൻ്റെ പേര്
ഫ്ലക്സ്, സ്വീകരണം, ഉദ്ഘാടനം.
പല്ലി എന്നെ നോക്കിക്കൊണ്ടിരുന്നു
ഇടയ്ക്ക് ഫോൺ വന്ന്
ഞാൻ മുറിയിലേക്ക് നടന്നു
തിരിച്ചുവന്നപ്പോൾ അത്ഭുതം!
പല്ലി മലർന്നുകിടന്ന് നീന്തുന്നു.
