നെരൂദ

I love you as certain dark things are loved,
secretly, between the shadow and the soul.
- Pablo Neruda

നാലു മണിയോടെ,
പട്ടണത്തിന്റെ
തെക്കേ അതിരിലെ
സെമിത്തേരിയിൽ, ഞാൻ
കവിയെ കാണാനെത്തി.
മുന്നേ നിശ്ചയിച്ച പ്രകാരം.

പൂക്കളുടെയോ
പൂമ്പാറ്റകളുടെയൊ കൂടെ, അതോ
മധുരിയ്ക്കുന്ന എന്തോ
ഓർക്കുന്നപോലെ, അതോ,
തന്റെ തന്നെ ഏകാന്തതയ്ക്ക്
കൂട്ടുപോയ പോലെയോ
കവി കാത്തു നിൽക്കുന്നുണ്ടായിരുന്നു.

പിറകിലെ കൽബെഞ്ചിൽ 
കവിയുടെ നിഴൽ, ഇപ്പോൾ 
ഭൂമിയിൽ പാർപ്പില്ലാത്ത
പക്ഷി പോലൊരു രൂപത്തിൽ  വിശ്രമിക്കുന്നുണ്ടായിരുന്നു.

ഞാൻ കവിയോട് പറഞ്ഞു:
'താങ്കളെ വളരെ വൈകി മാത്രം
ഞാൻ കാണാനെത്തി, അതാകട്ടെ,
താങ്കൾ മരിച്ചു കഴിഞ്ഞും
വളരെ വർഷങ്ങൾ  കഴിഞ്ഞും.'

കവി എന്നെ നോക്കി പുഞ്ചിരിച്ചു.
ചിരിക്കുമ്പോൾ കവിയ്ക്ക്
എന്റെ അച്ഛമ്മയുടെ ഛായയാണ്
കരുവാളിച്ച കവിളുകൾക്ക്
ഇരുപുറത്തുമായി നിന്ന
വലിയ ചെവികളിൽ
കമ്മലിട്ടാൽ മതി…

പക്ഷെ ഞാനത് പറഞ്ഞില്ല.
വീതിയിൽ വെട്ടിയെടുത്ത
തൂവെള്ള  കൽബെഞ്ചിൽ
കാലുകൾ കയറ്റിവെച്ച്,
കവി ഇരുന്നു.

അരികിൽനിന്നും മാറാത്ത
പക്ഷി പോലുള്ള കവിയുടെ നിഴലിൽ
തൊട്ടോ തൊടാതെയൊ,
ഞാനും ഇരുന്നു.

'പഴയ സെമിത്തേരിയാണ്', കവി പറഞ്ഞു: 'വേറെയും കവികൾ പാർപ്പുമുണ്ട്.
അതിനാൽ താങ്കൾ ശ്രദ്ധിക്കണം,
കവികൾ പ്രച്ഛന്നരായ ഘാതകരുമാണ്,
മാത്രമല്ല, അവരിൽ ചിലർ
കൊല്ലപ്പെട്ടതുമാണ്.’

കവി, എന്നെ നോക്കി ഉദാരമായി ചിരിച്ചു. കയ്ക്കുന്ന എന്തോ ഓർക്കുന്നപോലെ.
എന്നിട്ട് നിത്യമൗനത്തിലാണ്ടു.

വെയിൽ പോയി
ഇരുട്ട് വന്നു
കവി അതേപോലെ ഇരുന്നു.

കൊല്ലപ്പെട്ട കാമുകന്റെ ഭാവത്തിൽ
അല്ലെങ്കിൽ, രാജ്യം നഷ്ടപ്പെട്ട
സ്ഥാനപതി പോലെ.
അതുമല്ലെങ്കിൽ, തന്റെ
വീട്ടുജോലിക്കാരിയുടെ ഉടലിൽ 
കടലോ കാറ്റോ കൊണ്ടുപോയി മുക്കിയ
കപ്പൽ പോലെ…

ഇപ്പോൾ ഇരുട്ട് മുഴുവനും വന്നു
ഇരുട്ട് സെമിത്തേരിയെ മൂടി.
മരിച്ചവരുടെ ശ്വാസം കലരുന്ന കാറ്റ്
കാറ്റിലാടുന്ന നിഴലുകൾ.
നിഴലുകൾ  പെറുക്കിയെടുക്കുന്ന
കാലൊച്ചകൾ
കുറച്ചു നേരംകൂടി ഞാൻ ഇരുന്നു
പിന്നെ എഴുന്നേറ്റു,
വൃദ്ധനെന്നു തോന്നി,
ഒരു തവണ ചുമച്ചു: എന്റെതെന്നു വിചാരിക്കാൻ മാത്രം ഒരാൾ മുമ്പേ നടന്നു…

ഒരു തവണ തിരിഞ്ഞു നോക്കി.


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments