ആശുപത്രിയുടെ ഈ വിളറിയ വരാന്ത
പലതരം നിലവിളികൾ കൂടിമുട്ടുന്ന ഇടമാണ്.
മരിക്കുന്ന ആളുടെ, മരിച്ചവന്റെ ബന്ധുക്കളുടെ,
പ്രസവിക്കുന്ന സ്ത്രീയുടെ, പ്രസവിച്ച കുഞ്ഞിന്റെ.
മരണം മാത്രം പല്ലിറുമ്മി കരയാതെ നിൽക്കുന്നു.
ഓരോ നിലവിളിക്കും ഓരോ നിറമാണ്,
കറുപ്പിൽനിന്ന് അവ വെളുപ്പിലേക്ക് സഞ്ചരിക്കുന്നു,
അഥവാ മറിച്ച്, അനേകം നിറങ്ങൾ താണ്ടി.
നിലവിളികൾക്കിടയിലെ മുഷിഞ്ഞ
ഇടവഴികളിൽ മാത്രമേ നാം കണ്ടുമുട്ടുന്നുള്ളൂ.
ജനനത്തിനും മരണത്തിനും ഇടയിൽ എന്ന പോലെ.
ഓരോ ശവമഞ്ചത്തിനു മുകളിലും
ഓരോ പനിനീർപ്പൂവുണ്ട്.
