പിടിയെടാ... പിടിയെടാ...
അങ്ങനെ കാത്തുകാത്തു നിന്ന്
ഉന്നം വെച്ച് മീശ കൂർപ്പിച്ച്
ഒരൊറ്റച്ചാട്ടമായിരുന്നു.
കൊള്ളാം,
നീയന്നെ ആങ്കുട്ടി.
നീലപ്പുള്ളിയുടുപ്പ് നിസ്സാരമായി കടിച്ചുകീറി
ദൂരെക്കൊരേറു വെച്ചുകൊടുത്തു.
ഇനിയും പറക്കുന്ന കാണട്ടെ.
നോക്കൂ, ഇത്രയേ ഉള്ളൂ നീ, ഹല്ലേ.
നിലയറിഞ്ഞു തുള്ളണം.
പുഴുവായിപ്പിറന്നത്
ഇഴയുന്ന തന്നെ ശേലെന്ന്
അകത്തൂന്നും അശരീരി കേട്ടു.
പിന്നല്ലാതെ!
നിലത്തുനിക്കണം.
പുള്ളിയുടുപ്പിട്ട് ചന്തിതുള്ളിച്ച്
പൂവുകൾ നീളേ കാബറേ കളിച്ചപ്പഴല്ലേ
കണ്ടൻ പിടിച്ചത്.
ഓനെ മയക്കാൻ നോക്കിയതെന്തിന്?
ഉശിരുള്ള കണ്ടനാണ്. അതിശയമെന്ത്?
ഓൻ –
ചാടിപ്പിടിക്കും.
കുടഞ്ഞെറിയും.
ചെലപ്പം കശാപ്പുചെയ്യും.
പുഴുക്കളുടെ ലോകം നിലം.
കാലിന്റടി പരിധി.
എന്നിട്ടാകാശം
കിനാവുകാണുകയോ?
തൊള്ളയിൽനിന്ന്
ചെരിപ്പെറിഞ്ഞ് രക്ഷപ്പെടുത്തിയ
ചില കൂത്തിച്ചികൾ.
‘പ്രാണനാഥ’ന്റെ നഖക്ഷതമേറ്റ ചിറകുമായി
പാതിജീവനും കൊണ്ട് പറന്നുപോയി
ഒക്കെയും പുഴുക്കളായിക്കാണുമോ?
അതോ ഇപ്പൊഴും
ആകാശം കിനാവുകാണുകയോ?
ഇയ്യൊന്നിനെ മാത്രം
രക്ഷിക്കാൻ തോന്നിയില്ല
അറ്റ ചിറകുകളുമായി,
മുക്കാലും മുറിവേറ്റ പ്രാണനുമായി,
ഇനി പുറത്തെടുത്തിട്ടെന്തിന്?
വിട്ടുകൊടുത്തു.
കൊണ്ടോയി കൊന്നുതിന്ന് പണ്ടാറക്കാലാ.
എന്നിട്ടും…
കണ്ണുകളിലതേ വിശപ്പോടെ
നാവുനുണഞ്ഞ്,
മീശവിറച്ച്,
തീരേ പിഞ്ചൊന്നിനെ നോക്കി
പതിയിരിക്കുന്ന കണ്ടപ്പളാണ് –
പള്ളനോക്കിയൊരേറു കൊടുത്തത്.
ചെരിപ്പായിരുന്നില്ല.
‘ഉയ്യെന്റപ്പാ
പൊന്നുമോൻ പോയേ’ന്ന്
അകത്തൂന്ന് പട നിലവിളിച്ചോടിയെത്തിയപ്പം
ഇഴയുന്ന നിറുത്തി,
ചിറകുകൾ നിവർത്തി,
ഞാനും പയ്യനേ പറന്നു പൊന്താന്തുടങ്ങി…
