നിനക്ക്
(മാത്രം)

കാന്തതയുടെ ഗാഢാലിംഗനത്തിൽ ഞെരിഞ്ഞമരുമ്പോൾ മാത്രമാണ്
പ്രണയത്തിന്റെ
രഹസ്യലിപികൾ തെളിഞ്ഞുകിട്ടുന്നത്.

കാട്ടുതീ പോലെ വന്യമായ് പ്രണയം
എനിക്കുചുറ്റും ആളിപ്പടരുന്നു.
കണ്ണുകളിൽ പ്രണയത്തിന്റെ ഭ്രാന്ത് ജ്വലിക്കുന്നു.

ഹൃദയമിടിപ്പ് ക്രമാതീതമായി കൂടുന്നു.
നിൻ്റെ ഓരോ ചുംബനത്തിലും ഞാൻ പുനർജനിക്കാറുള്ളതോർമ്മയിൽ.

പ്രണയത്തിന്റെ പൂന്തോട്ടത്തിൽ
ഇടിവെട്ടിപ്പൂക്കൾ വിരിയുന്നു.

ആത്മാവിന്റെ രഹസ്യലിപികൾ
മുഴുവനായി വെളിപ്പെടുത്താതെ നീ
അപ്രത്യക്ഷമായതെങ്ങോട്ട്?

നിഴലുകൾ എനിക്കും അപ്പുറത്തേക്ക്,
ഇപ്പുറത്തേക്കും സഞ്ചരിക്കുന്നു.
രാവും പകലും വേദനയുടെ തടവുകാർ,
നമ്മെപ്പോലെ...

കരയുമ്പോൾ ഞാൻ
കണ്ണുനീർ പുഴ പോലെ ഒഴുകുന്നു,
എന്റെ തോണിക്കാരാ…

വിഷാദത്തിന്റെ ഇരുണ്ട മൂടുപടം എന്നെ മൂടുന്നു. ഓരോ ശ്വാസവും എനിക്ക് ഭാരമായി അനുഭവപ്പെടുന്നു.
ഒടുവിൽ ഞാനാ വഴി വീണ്ടും തിരയുന്നു.
ജീവിതത്തിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി.

പക്ഷേ, ഇരുട്ടിലൂടെയുള്ള അലച്ചിൽ തുടരുന്നതെങ്ങനെ?
വയ്യ, ആത്മാവ് ക്ഷീണിച്ചിരിക്കുന്നു.

എങ്കിലും പ്രതീക്ഷ കൈവിടാതെ
അന്വേഷണം തുടരാൻ നീയെന്നോട്
മന്ത്രിക്കുന്നു.

എത്ര ക്രൂരം
എത്ര സൗമ്യം
നിനക്കു (മാത്രം)
കഴിയുംവിധം...

മറ്റാർക്ക്

റ്റാ

ക്ക്?


റാഷിദ നസ്രിയ

കവി. ഉടലുരുകുന്നതിന്റെ മണം (കവിത), വിഷാദം (എഡിറ്റര്‍) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments