മുതിർന്നപ്പോൾ
ഞാൻ നഗരത്തിലും
നീ ഗ്രാമത്തിലുമായി.
പരസ്പരം കാണാതെയും
മിണ്ടാതെയുമായി.
നിൻ്റെ പേരുപോലും മറന്നു ഞാൻ
പക്ഷികൾക്ക് വിളമ്പാൻ മാത്രം
ചോറുണ്ടാക്കിയ
നമ്മുടെ കുട്ടിക്കാലം
ഇപ്പോഴെന്ത് ചെയ്യുന്നുണ്ടാവും.
പതിനെട്ടെത്തിയപ്പോഴേക്കും
കല്യാണം കഴിച്ച്
നീ നമ്മുടെ ഗ്രാമത്തിൽ നിന്ന് മാറി,
മറ്റൊന്നിലേക്ക്…
അവിടെ നീ
വെളിച്ചത്തിനേക്കാൾ മുൻപുണർന്ന്
മുറ്റമടിച്ച്,
കാപ്പി തിളപ്പിച്ച്,
അരി വേവുന്ന നേരം കൊണ്ട്
തുണിയലക്കി,
വേലിക്കലെത്തുന്ന
അയൽക്കാരിയുടെ പായാരം കേട്ട്
മറ്റാരോ ആയി
ദിവസങ്ങൾ തീർക്കുന്നുണ്ടെന്ന്
എനിക്കറിയാം.
ഓണക്കാലത്ത്
ശംഖ് പുഷ്പങ്ങൾ തേടി
പറമ്പായ പറമ്പെല്ലാം ഓടി
കിട്ടാതായ പൂക്കളെ ഓർത്ത്
എത്ര വട്ടം മൂക്കുരുമ്മി
കരഞ്ഞിട്ടുണ്ട് നമ്മൾ
ഒരിക്കലും വളരില്ലെന്നും
പരസ്പരം പിരിയില്ലെന്നും
മുള്ളങ്കായ പറിച്ച്
ചേമ്പിലക്കുമ്പിളിലിടുമ്പോൾ
നമ്മളുറപ്പിച്ചിരുന്നു.
ചുണ്ടിലെത്തുന്ന
മൂളിപ്പാട്ടിനെ
തിളച്ച് തൂവാതെ തുടച്ച്,
നൃത്തച്ചുവടുകളെല്ലാം
കിടക്കയിലഴിച്ച് തീർത്ത്
ഇപ്പോൾ നിനക്ക്
വയസ്സേറുന്നു.
ഞാൻ നഗരത്തിലും
നീ ഗ്രാമത്തിലും
പലമാതിരി പൂക്കൾ കണ്ടുണരുകയും
ഉറപ്പില്ലാത്ത വാക്കുകൾ ശ്വസിച്ച്
ഉറങ്ങുകയും ചെയ്യുന്നു.
ഇന്ന് രാവിലെ
ഫോൺ ചെയ്തപ്പോൾ
തൊണ്ടയിൽ കരച്ചിലിൻ്റെ പതനുരയൊളിപ്പിച്ച്
“അവൾ തീ കൊളുത്തിയെന്ന്”
അമ്മ പറഞ്ഞത് ഞാൻ
വിശ്വസിച്ചിട്ടേയില്ല.
നാണുപ്പണിക്കർ
മരിച്ചന്ന്
അയാളോട് ഒറ്റത്തവണ
മിണ്ടാത്തവരായിട്ടു കൂടി
നമ്മൾ കെട്ടിപ്പിടിച്ച്
കരഞ്ഞത് ഓർക്കുന്നുണ്ടോ?
ഇപ്പോഴെനിക്ക്
കരച്ചിൽ വരുന്നില്ല.
തൂണുകളിൽ പൂപ്പൽ മൂടിയ
നിൻ്റെ ചെക്കൻ്റെ വീട്
ഞാൻ കാണാനാഗ്രഹിച്ചിട്ടേയില്ല.
ബദാം മരങ്ങൾ കൊണ്ടാണതിൻ്റതിരെന്ന് എനിക്കറിയാം.
വീട്ടുകാരുറങ്ങുന്ന നട്ടുച്ചകളിൽ
നീയതിൻ്റെ ചോട്ടിൽ
മുടിയഴിച്ചിരുന്ന്,
നമ്മൾ
പണ്ട് ചോറൂട്ടിയ പക്ഷികളെ
പേരെടുത്ത് വിളിക്കാറുണ്ടെന്നെനിക്കറിയാം.
സൂര്യനോളം ചൂടുള്ളൊ-
രാകാശവൃക്ഷത്തിൽ
നിൻ്റെ വിളി കാത്ത്
പക്ഷികൾ
ചെവി കൂർപ്പിച്ചിരിപ്പുണ്ടെന്നും
എനിക്കറിയാം
ഇപ്പോഴും എനിക്ക് കരച്ചിൽ വരുന്നില്ല.
നീ മരിച്ചതല്ലെന്ന് എനിക്കറിയാം...