ഭൂമിയുടെ സൗന്ദര്യം
ക്രൂരമായ ഒരു നുണയാണ്.
ഞാൻ കണ്ടുമുട്ടുന്ന
ഏറ്റവും കഠിനമായ
സത്യത്തെ മറയ്ക്കുന്ന
ഒരു മുഖംമൂടി.
വിശപ്പ്
എന്നെ കീറിമുറിക്കുന്നു.
നിന്റെ സ്നേഹസ്പർശം
വിദൂരവും അന്യവുമാണെന്ന്
എനിക്കിപ്പോൾ തോന്നുന്നു.
യുദ്ധം എല്ലാം
നശിപ്പിച്ചിരിക്കുന്നു.
നിരാശ മാത്രം അവശേഷിപ്പിച്ചിരിക്കുന്നു.
ബോംബുകൾ രാത്രിയെ
തകർക്കുന്നു.
നഗരങ്ങൾ തകരുന്നു.
എന്നിട്ടും ഞാൻ
സമാധാനമുള്ള
ലോകത്തെ
സ്വപ്നം കാണുന്നു.
നമ്മുടെ അസ്തിത്വം
അതിജീവനം എന്നതിലേക്ക് ചുരുങ്ങിയിരിക്കുന്നു.
ഒരു കഷണം അപ്പമാണ്
ഇപ്പോഴെന്റെ പ്രതീക്ഷ
ആശയും ആശ്രയവും
അറ്റുപോയവന്റെ
വിലാപങ്ങൾ കവിതയിൽ
പകർത്താവാനാവില്ലെന്ന്
ഞാൻ കരുതുന്നു.
കവികളെ ഞാൻ
ഭയപ്പെടുന്നു.
അവർ വാക്കുകൾ കൊണ്ട്
യാഥാർത്ഥ്യത്തെ മറയ്ക്കുന്നു.
വരൂ,
ജീവിതം ഞങ്ങളുടെമേൽ വരുത്തുന്ന
ക്രൂരത കാണുക.
എന്നിട്ടും നിങ്ങൾക്കിപ്പോൾ
കവിത എഴുതാൻ തോന്നുന്നുണ്ടെങ്കിൽ
ഞാൻ നിങ്ങളുടെ
മനുഷ്യത്വത്തെയും
ഹൃദയത്തിന്റെയും
രൂപകൽപ്പനയെയും
ചോദ്യം ചെയ്യുന്നു.
നിങ്ങളുടെ കവിത
ഞങ്ങളോടുള്ള കരുതലാണെന്ന്
ഞാൻ വിശ്വസിക്കുന്നില്ല.
