നീർമാതളത്തിന്റെ വരവ്​ - സ്​മിത സൈലേഷിന്റെ കവിത

ട്ടു വിളുമ്പിലൂടെ
രാത്രി ചോരുന്ന
ഒരു കുഞ്ഞുവീടായിരുന്നു
ഞാനുമവരും മാത്രമായിരുന്നു

അനുരാഗാഭിചാരങ്ങളെ പൂട്ടിയിട്ട
അവരുടെ മുഗ്ദ്ധനേത്രങ്ങൾ
അതേ ചുരുൾമുടി
നെറ്റിയിലെ
ചരമസൂര്യൻ

കാലിലാകെ
കാർമുകിലിന്റെ
നീലപ്പൊടി പുരണ്ടെന്ന്
അവരെന്റെ
ചുവന്ന കമ്പളത്തിൽ
കാലുകൾ തുടച്ചു...
അസ്തമയാകാശത്തിലൂടെ നടക്കാനിറങ്ങിയതാണെന്നും
നീ മട്ടുമേ എൻ നെഞ്ചിൽ നിൽക്കിറായ്.. എന്ന
ടി. എം. കൃഷ്ണയുടെ പാട്ടിൽ വഴിതെറ്റി വന്നതാണെന്നും അവർ പറഞ്ഞു..

തന്റെ കൈവെള്ളയിൽ
നൂറ്റിപ്പതിനാല് ഋതുക്കളെ
ഒളിപ്പിച്ചുവെച്ച മന്ത്രവടിയുണ്ടെന്നും
മടങ്ങി പോകുമ്പോൾ...
ഞാനത് നിന്റെ അടിവയറ്റിൽ
മറന്നുവെക്കുമെന്നും
അവരെന്നിലേക്കു
തൂവൽ കുടഞ്ഞു..

പൊന്മാനെ പോലെയെന്റെ പിൻകഴുത്തിലേക്കൂളിയിട്ടു
തീവ്രാനുരാഗത്തോടെ
എന്റെ മേലുടുപ്പുകൾ
ഉരിഞ്ഞു കളഞ്ഞു...
നിന്റെ മുലയിടുക്കുകളിൽ
നീർമാതളം പൂക്കുന്നല്ലോയെന്നവർ
എന്റെ നെഞ്ചിലേക്ക്... മുഖം ചേർത്തു
എത്ര കാലമായി പനനൊങ്കുകളുടെ
പ്രണയമൃദുലതയുള്ള
ഒരു നെഞ്ചിലെ ഇളവെയിലേറ്റിട്ടെന്നു
എന്നിലേക്ക് ചാഞ്ഞു

ഇത്ര കാലവും...
പക്ഷികളെ കെട്ടിപ്പിടിച്ചാണ്
ഉറങ്ങിയതെന്ന്
നനഞ്ഞു വിതുമ്പി...

നാളെ നിന്റെ മണവുമായി
നാലപ്പാട്ടെ കാവിലെ
ഇലഞ്ഞിമരത്തിൽ
പോയി പൂത്തുലയുമെന്ന്
പിന്നെയുമെന്നോട്
സ്വകാര്യം പറഞ്ഞു...

ഗ്രീഷ്മം അതിന്റെ സൂര്യനെ കെട്ടിപ്പിടിക്കും പോലെ
എന്തൊരാശ്ലേഷമാണ്
നിന്റേതെന്ന് അവർ മന്ത്രിച്ചു
നിന്റെ ഓരോ ആലിംഗനവും
എന്തൊരു പൂർണ്ണതയാണെന്ന്
എത്ര സൂക്ഷ്മമായ കൊത്തുപണിയാണെന്ന് പിന്നെയും, പിന്നെയും വാചാലയായി

അവരുടെ ശ്വാസത്തിൽ നിന്ന് വേനലും...
അവരുടെ വിരൽത്തുമ്പിൽ
നിന്ന് മഞ്ഞുകാലവും
എന്റെ ഉടലിലേക്ക് വീശി

കീഴ്ചുണ്ടിൽ
ചുംബിച്ചപ്പോൾ...
കവിത കുടിച്ചു വറ്റിച്ചവളേ...
നിന്റെ നാവിലാകെ നിലാവിന്റെ ചുവ
എന്നവർ വിസ്മയപ്പെട്ടു...

പോയ ജന്മത്തിലെ
മുഴുവൻ ചുംബനങ്ങളും നിന്റെ ഉടലിൽ
കാടു പിടിച്ച് കിടക്കുന്നു...
നിന്റെ ഉൾക്കാടുകളിൽ
എന്റെ ചുംബനങ്ങൾക്കു ദിശ തെറ്റുന്നു...
പൂർവ്വ ജന്മത്തിലെ
എല്ലാ പ്രണയമൂർച്ചകളെയും
ഞാൻ നിന്റെ അരക്കെട്ടിൽ നിന്ന് നുണഞ്ഞെടുക്കട്ടേ
എന്നെന്റെ പൊക്കിൾചുഴിയിലേക്കു
അവർ മോഹാലസ്യപ്പെട്ട് വീണു

ഉണർന്നപ്പോൾ
എനിക്കവരെ വീണ്ടും
കെട്ടിപ്പിടിക്കാൻ തോന്നി...
പ്രണയത്തിന്റെ ഒരു കൊടുംകാറ്റ്
എന്റെ ഉടലിൽനിന്നുമപ്പോൾ
കെട്ടഴിഞ്ഞുപോയിരുന്നു

ജനാല തുറന്നപ്പോൾ
കാറ്റിലാകെ പൂമണം.
നാലപ്പാട്ടെ ഇലഞ്ഞിയെ
പ്രണയത്തിന്റെ ഋതുകന്യക വാരി പുണർന്നതാവും...

എന്റെ കൈവെള്ളയിൽ
നൂറ്റിപ്പതിനാല് ഋതുക്കളുടെ
തേര് തെളിച്ചുവരുന്ന
ഒരു നീർമാതളപ്പൂവിതൾ..

Comments