നൃത്തം, നീലത്തിങ്കൾ; കവിതകൾ

നൃത്തം

ഥയിൽ തുടങ്ങുന്ന പോലെ ദൂരെ,
ദൂരെ ദൂരെയുള്ളോരീ കടൽക്കരയിൽ
നട്ടുച്ച നേരത്തു കണ്ടുമുട്ടി
രണ്ടു പേർ ആത്മാക്കൾ നമ്മൾ പണ്ട്

കടല വറുത്തിടാൻ ചുട്ട മണൽ ക്കരയിലായ് കാലൂന്നി നിന്നു പിന്നെ
പലതും പറഞ്ഞു, പറഞ്ഞ ഭാഷ കടലിനും കാറ്റിനും അന്യമത്രേ!

വെയിൽ വന്നു കുത്തനെക്കുത്തിടുമ്പോൾ
ഫലിതം പറഞ്ഞു രസിച്ചു നമ്മൾ
അടിമുടി ചൂടത്തു ലാത്തിവെച്ച്
തോളത്തു കൈയിട്ടുലഞ്ഞു നമ്മൾ

നീ പറയുന്നത് പാടി നോക്കി
ഞാൻ വരഞ്ഞിട്ടതിലാഴ്ന്നു നീയും
സംയമനത്തിന്റെ കൂട്ടിൽ നിന്നും
തെറ്റിത്തെറിച്ചൂ ചിറകുള്ളവർ

കടലും പതുക്കനെ ചോടു വെച്ചു
കാറ്റും കരം കൊണ്ടു താളമിട്ടു
നമ്മളും കാറ്റും കടലുമെല്ലാം
ഉച്ചവെയിൽ കൊണ്ടു നൃത്തമാടി

ആരുടെയാത്മാക്കളാണു നമ്മൾ
പല്ലിയോ പക്ഷിയോ പന്നഗമോ
പൂവോ പുഴുവോ പഴുതാരയോ
ആണെന്നോ പെണ്ണെന്നോ ആർക്കറിയാം!

നീലത്തിങ്കൾ

വിരൽ വട്ടത്തിലാക്കുന്നു
സൂം ചെയ്യുന്നൊരു ചേഷ്ടയാൽ
മാനത്തെ നീലത്തിങ്കൾ
നിന്റെ കൈവെള്ളയുള്ളത്തിൽ

നീല രാവു പരത്തുന്നു
നിദ്രയില്ലായ്മ, ജാലകം പാതിയേ
ചാരിയുള്ളൂ നീ, പാതി -
രാവിനു സൂചന !

കാർമുകിൽ മാടി നോക്കുന്നു,
ദൂരെ ഭൂമിയിലാരുടെ
നീല നേത്രങ്ങൾ മിന്നുന്നൂ?
ഒരു പാവാടപ്പെൺകൊടി .

രണ്ടു നോട്ടങ്ങളാകാശ
പ്പരപ്പിൽ കണ്ടുമുട്ടിടാം
കൊള്ളിയാൻ പാഞ്ഞിടാം
താരം അർത്ഥഗർഭം ചിരിച്ചിടാം

കോടിയോജന ദൂരത്തും
ഇമവെട്ടുന്നതേകമായ്
ഹൃദയത്തിൻ താളമേകമായ്
ചിന്ത രണ്ടാവതെങ്ങനെ ?

ഒരു കാൽ ആകാശത്തിൽ
ഒരു കാൽ ആമ്പൽപ്പൂവിൽ
മണ്ണിലേക്കെത്തി വാർതിങ്കൾ
നിന്റെ ജാലക വാതിലിൽ

പുല്ലുപായയിൽ നിന്നേറ്റു
തുടിക്കുന്നൊരു ഹൃത്തുമായ്
ആദ്യാനുരാഗ ചാപല്യം
അഴിക്കപ്പുറമിപ്പുറം

നീ വിരൽ കോർത്തു, വെൺതിങ്കൾ
നിന്നെത്തൊട്ടു, പരസ്പരം
പാല പൂത്തു മദിക്കും പോൽ
വാസനിക്കുന്നു നിങ്ങളെ

പാതിരാക്കാറ്റു പാലയിൽ
നിന്നിറങ്ങി പതുക്കനെ
ഉമ്മ വെക്കുന്നു സാമോദം.
ഭൂമി കോരിത്തരിച്ചിതാ!

ഇഷ്ടമുള്ളവരൊന്നാകും പോലെ
യുണ്ടോ മനോജ്ഞമായ്,
സൗരയൂഥത്തിൽ എന്നല്ല
ഇപ്രപഞ്ചത്തിൽ വല്ലതും?

അന്നു ഭൂമി തിരിഞ്ഞില്ല
പിന്നെ നേരം പുലർന്നില്ല
രണ്ടു പെണ്ണുങ്ങൾ പ്രേമിച്ചു
കാലം നിശ്ചലമാക്കിയോ?

Comments