അർത്ഥം ചോർന്നുപോയ വാക്കുകൾക്കിടയിലെ
ആരും കാണാത്ത വിള്ളലുകളിൽ
അള്ളിപ്പിടിച്ചു കഴിയുന്നൊരാളുണ്ട്
എന്റെയുള്ളിൽ.
ഹൃദയതാളങ്ങൾക്കിടയിലെ ശൂന്യതയിൽ,
പൂർത്തിയാക്കാത്ത വാചകങ്ങൾ ബാക്കിവെച്ച
വിളർത്ത മൗനങ്ങളിൽ,
തളക്കപ്പെട്ടൊരാൾ.
നിശ്ശബ്ദതയുടെ വ്യാകരണം
അവന് വഴക്കം.
അടക്കിപ്പിടിച്ച ശ്വാസത്തിന്റെ
അഗാധമുഴക്കം, ഹൃദിസ്ഥം.
ഉരിയാടാത്ത വാക്കുകളുടെ
ഘനമേറിയ മൗനങ്ങൾ
കനത്ത ശവപ്പെട്ടികളിൽ
അടുക്കിയടുക്കി വെച്ച്
താഴിട്ടുപൂട്ടിയ മുറികളെ
അവനൊരു സ്വകാര്യ സെമിത്തേരിയാക്കുന്നു.
വാക്കുകളിപ്പോൾ ആയുധങ്ങളല്ല,
പാഴായ സ്വകാര്യ ശേഖരങ്ങൾ മാത്രം,
ഉമ്മറപ്പടിവരെ വന്ന്
വായുവിന്റെ ഭാരമറിഞ്ഞ്
ഭയന്ന് പിന്തിരിയുന്നവ.
നിശ്ശബ്ദതയുടെ മേച്ചിൽപുറങ്ങളിൽ
അവൻ വെറുമൊരു വാക്കല്ല.
ഉത്തരത്തിന്റെ മൂർച്ചയല്ല.
സംശയത്തിന്റെ അഗാധതയ്ക്ക് മുകളിൽ
തിടുക്കത്തിൽ കെട്ടിയ പാലവുമല്ല.
ആ അഗാധത തന്നെയാണ്.
പേരുമറന്ന കൊടുങ്കാറ്റിന് ശേഷമുള്ള
കനത്ത ശാന്തത.
അവിടെയവൻ
മുളയ്ക്കാൻ വെമ്പുന്ന വിത്തിന്റെ
സ്വയം പ്രഖ്യാപനത്തിനുള്ള കലഹമല്ല,
അനാദിയായ മണ്ണിന്റെ അനക്കമറ്റ നിത്യത മാത്രം.
വിശദീകരണങ്ങളുടെ അടിക്കുറിപ്പുകളാവശ്യമില്ലാത്ത
ആ ശൂന്യതയുടെ വിസ്തൃതി
അവന് എന്തൊരാശ്വാസം!
അവിടെയവൻ സംഭാഷണങ്ങളുടെ
കൈവരികളിൽ പിടിച്ച്
ഇടറി നടക്കുന്ന സ്വന്തം അപരനെ നോക്കിനിൽക്കുന്നു,
മൗനം ഒരു മുറിവാണെന്നു കരുതി
അതിനെ തുന്നിച്ചേർക്കാൻ
തിടുക്കം കൂട്ടുന്നവനെ.
ചോദ്യങ്ങൾ കൊണ്ടും
വസ്തുതകൾ കൊണ്ടും
തമാശകൾ കൊണ്ടും
ഉപമകളും ഉൽപ്രേക്ഷകളും കൊണ്ടും
ചുറ്റുമുള്ള ഇടത്തിന്റെ
അന്തസ്സാരശൂന്യത നികത്താൻ പാടുപെടുന്നവനെ.
എന്തിനെയെങ്കിലും കൊണ്ട്,
ആ സ്ഥലം ആൾപ്പാർപ്പുള്ളതാണെന്ന്
തെളിയിക്കാൻ തിടുക്കപ്പെടുന്നവനെ.
പക്ഷേ ഇവിടെ, ഈയിടത്തിൽ
ആൾപ്പാർപ്പിന്റെ ആവശ്യമില്ല.
ആ സ്ഥലകാലം തന്നെയാണ് ഉണ്മ.
നമുക്കിവിടെ കണ്ടുമുട്ടാം
പുതുക്കിക്കൊണ്ടിരിക്കുന്ന വേഷങ്ങളായല്ല,
അടിത്തട്ടിലെ നിശ്ശബ്ദതയായി.
ഒടുവിൽ
രണ്ട് ഇടങ്ങളും
പരസ്പരം തിരിച്ചറിയട്ടെ,
ഒന്നും മിണ്ടാതെ.
പരസ്പരം
ഒന്നും മിണ്ടാനില്ലാതെ...
