അനൂപ് ഷാ കല്ലയ്യം

ഞങ്ങൾക്കിടയിലൂടൊഴുകുന്ന
രഹസ്യങ്ങളേ…


ണ്ണ് മണ്ണിട്ട് മൂടി
തിരക്കിലേക്കിറക്കി വിട്ടാലും
മണം കൊണ്ടും സ്ഥലം കൊണ്ടും
ഞങ്ങൾ പുതക്കുന്നു.

നോക്കണ്ട…
പറയില്ല.
അത്രക്ക് പ്രിയപ്പെട്ടതായോണ്ടാ
രഹസ്യങ്ങളെയങ്ങനെ ഉള്ളില്
ഊഞ്ഞാലിലിരുത്തിയേക്കണെ,
അതൊരു താക്കോല് സൂക്ഷിക്കണപോലെ-
വാതിലും ഓർമ്മയും വേണ്ടതാ.

എന്ത് രസമാണ് രഹസ്യങ്ങളില്?
രണ്ടാളിൽ തീരുന്ന
മൂന്നാമതൊരാൾക്ക്
കോരാനാവാത്ത
ആലിപ്പഴം.
തൂക്കം കൊണ്ടും മിനുക്കം കൊണ്ടും
പ്രേമമൊക്കെ അതിനെത്രയൊ താഴെയാണെന്നറിയുമ്പഴേ
നിങ്ങടെ കണ്ണിലത് കേറൂ, അപ്പ വരെ
ഔട്ടായ പച്ചപന്ത്
പറമ്പില് തപ്പണ പോലിരിക്കും.

ഇടയിലെത്ര ആള്ക്കാര് കേറിനിന്നാലും
മുഷിഞ്ഞ് മണക്കുമ്പോ
ഞാനവളുടെ കയ്യിൽ ഒട്ടും.
ഇടയിലെത്ര ആള്ക്കാര് തട്ടിനിന്നാലും
സ്റ്റോപ്പെത്തുമ്പോ
അവളെന്റെ കയ്യിലൂടൂർന്നിറങ്ങും.

നിർവചിക്കാത്ത
സ്റ്റാറ്റസാക്കാത്ത
കുടിവെള്ളം.

ശ്വാസം, താള്, മഷി, കാറ്റ്, മഴ, പൂക്കളിലൂടെ
ഞാൻ പറഞ്ഞ രഹസ്യങ്ങൾ.
അറ്റം, അരിക്, വളവ്, ചോടിലൂടെ
അവൾ പറഞ്ഞ രഹസ്യങ്ങൾ.

Comments