ഒരു ബർഗ്ഗറിന്റെ കഥ

തി തീവ്രമായ

ഒരു വിശപ്പിന്റെ

നാലാമത്തെ

സൈറൻ വിളിയിൽ

വർക്ക്ഷീറ്റിന്റെ

ചരക്ക് വണ്ടി ചങ്ങല

മുറിക്കിയപ്പോഴാണയാൾ

സ്വിഗ്ഗിയിൽ ഒരു

ചിക്കൻ ബർഗ്ഗർ

ഓർഡർ ചെയ്തത്.

ഡെലിവറി ബോയ്

കൈമാറിയ പാക്ക്

ആസക്തിയോടെ

തുറക്കുമ്പോളയാൾ

വിചിത്രമായ

സാഹിത്യചിന്തകളിൽ മുഴുകി

കിറ്റ് അഴിച്ചു മാറ്റി

ബർഗ്ഗർ ചവച്ചിറക്കുമ്പോൾ

ജീവിതവും ബർഗ്ഗറും

തമ്മിലുള്ള

അതിവിശാലമായ

ബന്ധത്തിന്റെ

ഉൾപ്പരപ്പുകൾ

തേടിയയാൾ അലഞ്ഞു

അധികാരത്തിന്റെയും

സ്വാതന്ത്ര്യത്തിന്റെയും

രണ്ട് റൊട്ടിക്കഷണങ്ങൾക്ക്

നടുവിൽ ഭീതിയുടെ

മസാല പുരണ്ട്

സവാളയുടെ എരിച്ചിലിനൊപ്പം

നുരഞ്ഞ് തീരുന്ന

ഇറച്ചിക്കഷങ്ങൾ.

ആർഭാടം പോരെന്നു

തോന്നുമ്പോൾ മുകൾപരപ്പിൽ

ടൊമാറ്റോ കെച്ചപ്പിന്റെ

സുരക്ഷിതത്വം

അല്പം ചീന്തിനിറച്ചു

ഒടുവിൽ ഉടമസ്ഥതയുടെ

സ്രാവൻ ദംഷ്ട്രകളിലേക്ക്

ദേശാടനം ചെയ്ത്

ആയുസ്സ് വറ്റിത്തീർക്കുന്ന

ബർഗ്ഗർ പീസുകൾ

രണ്ട് ഒറ്റപ്പെട്ട

തുരുത്തുകളെ പോലെ

വിഭജിക്കപ്പെട്ട പാതി മുറിഞ്ഞ

ബൺ പീസുകൾക്കിടയിൽ

തിരമാലകൾ തീർക്കുന്ന

സവാള കഷണങ്ങളുടെ കരച്ചിൽ,

തക്കാളി മുറിച്ചതിന്റെ പിടച്ചിൽ,

ചടിച്ചീരവള്ളികളുടെയും

ഇറച്ചിശകലങ്ങലുടെയും മുരച്ചിൽ.

പരസ്പരം ഞെരിപിരി കൂടുന്ന

ഇവയുടെ ഭൂതകാലം തേടിയുള്ള

ഒരു ജൈത്രയാത്രയിൽ

അയാൾ മുഴുകി

ആ ഇറച്ചിക്കഷണമൊരുപക്ഷേ

ആൽഫാ ചിക്കൻ സെന്ററിലെ

അഞ്ചാമത്തെ അറയിൽ

അരിമണി കൊത്തി

തിന്നുന്നതിനിടയിൽ

ബംഗാളി പയ്യൻ

കൈവള്ളയിൽ കോരിയെടുത്ത

രണ്ടു കിലോ തൂക്കമിട്ട

ബ്രോയ്ലർ കോഴിയുടേതാവും

അറവ് തൂക്കം പോരെന്ന പേരിൽ തിരസ്കരിക്കപ്പെട്ടവരൊക്കെ

ഉറ്റു നോക്കി നിൽക്കെ

ഒറ്റ പിടച്ചിലിൽ രക്തക്കറ കുടഞ്ഞ്

ട്രേയിലേക്കും പിന്നീട്

കറുത്ത പ്ലാസ്റ്റിക് കിറ്റിലേക്കും

കൈമാറി നൂറ്റിയഞ്ചു

രൂപ വിലയിട്ട മാംസം

ആ തക്കാളികളാകട്ടെ

നഗരത്തിന്റെ

തെക്കേമദ്ധ്യത്തിലെ

സമൃദ്ധമായ ഒരു പച്ചക്കറി

തോട്ടത്തിൽ തുടുത്ത് മുഴുത്ത്

തല ഉദ്ധരിച്ചു നിന്നവയാകും

തന്റെ ഇളം ചുവപ്പ് നിറത്തിൽ

വന്ന് പോകുന്നവരെറിഞ്ഞ

ഒളിയമ്പ് നോട്ടങ്ങളിൽ

നെഗളിപ്പ് കൊണ്ട്

ഉഷ്ണക്കാലങ്ങളെ ചുംബിച്ചു

എപ്പിലാക്സ് വണ്ടിന്റെ

പ്രണയലേഖനം നിരസിച്ചു

ചരക്ക് ലോറി കയറി വന്ന

സവാളകളോടും

ചടച്ചീരവള്ളികളോടുമൊത്ത്

സല്ലപിച്ച് ഓളം വെച്ച്

നീങ്ങിയ തക്കാളികൾ

ഇവരൊക്കെ പിന്നീട്

ബർഗ്ഗർ ഹൗസ്സിലെ

മൈക്രോവേവ് താപങ്ങളിൽ

ധ്യാനിച്ച് ലവണ

പ്രവാഹങ്ങളിൽ ലയിച്ചു

കുരുമുളക് ധൂളികളിൽ

സ്നാനം ചെയ്ത്

ഏറ്റവും അനുയോജ്യമായ

വേഷങ്ങളിലേക്ക്

രൂപാന്തരം പ്രാപിച്ചവരായിരിക്കും

ഒടുവിൽ അധികാരത്തിന്റെ

ഒറ്റ വിരൽത്തുമ്പിൽ

ജന്മപരിണാമങ്ങളുടെ

അദ്ധ്യായത്തിന്

തിരശീലയിട്ടവർ

ആൽഫാ ചിക്കൻ

സെന്ററിലെ

മറ്റു നാൽക്കാലികളും

പച്ചക്കറി

തോട്ടങ്ങളിലെ

സസ്യങ്ങളും

ഇപ്പോൾ എന്ത്

ചെയ്യുകയായിരിക്കും?

തിരസ്കരിക്കപ്പെട്ടതിന്റെ

നീരസത്തിൽ വെന്തുരുകി

ശിഷ്ടകാലങ്ങളുടെ

കുന്തിരിക്കം പൊകച്ച്

നാളെ തങ്ങളെ

തേടിയെത്തിയേക്കാവുന്ന

പ്രതീക്ഷയുടെ

ചൂണ്ടകൊളുത്തുകൾക്കായി

കാത്തിരക്കയായിരിക്കുമോ?

പെട്ടെന്നയാൾ

കൊടുംകാട്

കയറിയ തന്റെ

ചിന്തകൾക്ക്

കടിഞ്ഞാൺ മുറുക്കി

വർക്ക്‌ഷീറ്റിലേക്ക് മടങ്ങി.

ഡെഡ്ലൈനിന് മുന്നെ

സബ്‌മിറ്റ് ചെയ്തില്ലെങ്കിൽ

സംഭവിക്കാവുന്ന

സസ്‌പെൻഷൻ

ലെറ്ററിന്റെ ഭയങ്ങൾ

അയാളെയും വേട്ടയാടി

തുടങ്ങിയിരുന്നു!!


Comments