ഒക്ടാവിയോ പാസ്

സ്വാമിനാഥന്റെ വീട്ടിൽ
അന്ന് പ്രാതലിനായ് പാസ്
എത്തുമ്പോൾ
ചിത്രകാരൻ
വീട് വീട്ടിരുന്നു.

തലേന്നുകണ്ട മലഞ്ചരിവ്
പുലർച്ചയോടെ
മാഞ്ഞേ പോകുമെന്ന
വിചാരത്തിൽ
ഓടിപ്പോയിരിക്കുന്നു…

വെള്ളിയാഴ്ച, നല്ല ദിവസമല്ല
പാസ് വിചാരിച്ചു:
കാലിലെ പെരുവിരലിൽ
മുറിവേറ്റാൽ,
ചോര പൊടിഞ്ഞാൽ,
രക്തരൂക്ഷിതമായ വിപ്ലവത്തിന്
സാക്ഷിയാകേണ്ടി വരും
മലകൾ ഞൊടിയിൽ
അപ്രത്യക്ഷമാവും
കവികളെ
കാണാതാകും

ചിത്രകാരനെ കുറിച്ചു
പറയേണ്ടതില്ല.
അയാളിപ്പോൾ ഭൂമിയെ
പരുന്ത് എന്നപോലെ
ഉറ്റുനോക്കുകയാകും…

താങ്കളിരിക്കൂ,
കവിയോട് ചിത്രകാരന്റെ
സഖി പറഞ്ഞു:
ഞാൻ താങ്കൾക്ക് പ്രാതൽ വിളമ്പുകയാണ്.

ആംഗ്യത്തിൽ കോർത്ത
മുദ്രകൾക്കകമ്പടിയായ്
അവളുടെ രണ്ടു കൈകളിലെയും
വളകളുടെ കിലുക്കം
- കവിക്ക്
അവളുടെ കൈകൾ തൊടാൻ തോന്നി.

സ്വാമിയെ താങ്കൾക്കറിയാമല്ലോ
ചിലപ്പോൾ ചിലന്തിവലകൾക്കുള്ളിൽ
സൂര്യനെ നെയ്യുകയായിരിക്കും

അതുമല്ലെങ്കിൽ,
അതിർത്തി കടക്കാനെത്തിയ പശുവിന്
എങ്ങനെ അപ്രത്യക്ഷയാകാം എന്ന്
പറഞ്ഞുകൊടുക്കുകയാകും…

താങ്കൾ മധുരമിട്ട ഈ പാനീയം കുടിക്കൂ:
ഞങ്ങളിതിന് ലെസി എന്നു പറയുന്നു.

ആംഗ്യത്തിൽ കോർത്ത മുദ്രകൾ,
കൂടെ വളകളുടെ കിലുക്കവും
- കവിക്ക്
അവളുടെ കൈകൾ തൊടാൻ തോന്നി.

അവിടെ നിന്നുമിറങ്ങുമ്പോൾ, പാസ്
അവളുടെ കൈയ്യിൽ
ചിത്രകാരനു കൊടുക്കാൻ ഒരു കുറിപ്പ് നൽകി
ഇത് സ്വാമിയ്ക്ക് കൊടുക്കണം എന്നു പറഞ്ഞു.

കടലാസ് വാങ്ങി അവൾ
എളിയിൽ തിരുകിവെച്ചു.
ഇരുണ്ട നിറമുള്ള ഉടലിന്റെ ഒരു നിമിഷം
കടലാസ് മറച്ചുപിടിച്ചു.

ഒരു നിമിഷം, പാസ്
അവളെത്തന്നെ നോക്കിനിന്നു.

ഇപ്പോൾ കവി ശ്വസിക്കുന്നത്
ഇന്ത്യൻ മസാലകളുടെ മണം
മൺപാതകളുടെ മലയിറക്കം

പുറത്ത് തന്നെ കാത്തുനിൽക്കുന്ന
കുതിരവണ്ടിക്കാരനോട്, പാസ്
ആവശ്യപ്പെടുന്നത് കുതിരസവാരിയല്ല
പകരമായി:

അറബിക്കടലിൽ ശമിക്കുന്ന
സൂര്യാസ്തമനം…
കടലിനടിയിലെ
കല്ലിന്റെ കിടപ്പ്…

അതുവരെ ഇതേ വണ്ടിയിൽ
കണ്ണുകളടച്ച് ഞാൻ
ബുദ്ധനെപ്പോലെ...!

ഇന്ത്യയ്ക്കും മെക്സിക്കോയ്ക്കുമിടയിൽ
അഞ്ചൽക്കാരനായിരുന്ന വെള്ളിമേഘം,
വടക്കൻ മലകളിലെ പാർപ്പുകാരൻ,
ആ ദിവസങ്ങളിൽ കവിയെ
കാണാൻ വരുമായിരുന്നു
കവികൾ കവികളെ പരിഭാഷ ചെയ്ത
ദിവസങ്ങളായിരുന്നു
മഹായുദ്ധത്തിനും പിറകെ വന്ന
ഒരേയൊരു വസന്തവുമായിരുന്നു,

പിന്നെയാണ്
വിപ്ലവകാരികൾപോലും വരുന്നത്
ഇന്ത്യയിലും മെക്സിക്കോവിലും.

നീ കാത്തിരിക്കുക, സ്വാമിനാഥൻ
തന്റെ സഖിയോട് പറഞ്ഞു:
അയാൾ നാളെയും പ്രാതലിനെത്തും
ഇന്നു വന്നതുപോലെതന്നെ
സുന്ദരനായ യക്ഷന്റെ രൂപത്തിൽ…

കുതിരയും വെള്ളിമേഘവും തെളിവ്
നാളെ ഞാൻ സമ്മാനമായ് നൽകുന്നത്
ചിലന്തിവലകളിൽ ധ്യാനംപൂണ്ട
പ്രഭാതമാകും…

ഇന്നയാൾ കടലിൽ സൂര്യനെ വാഴ്ത്തുന്ന
കല്ലായ് തന്നെ കഴിയട്ടെ!

നാളെയാവട്ടെ!


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments