നിധിൻ വി.എൻ

ഒടിച്ചുകുത്തി

രുട്ട് ചേലചുറ്റിയ,
ഒടമ്പിൽ എണ്ണതേച്ച്
അപ്പനിറങ്ങുന്നു.
പുലരും മുമ്പ്
വീട്ടിലെത്തുന്നു.
തിളച്ചവെള്ളത്തിൽ
തുണിമുക്കി തടവുന്നു.

ഉടലിൽ
വിശപ്പ്,
ബൂട്ടമർത്തുന്നു.

കണ്ണുപൊത്തി
കളിക്കുംപോലെ
ഉറങ്ങുന്നു,
ഉണരുന്നു,
ഒരു പാള
വെള്ളം മോന്തുന്നു.

അരങ്ങിൽ
‘പശിയില്ലെന്ന'
ഏകാഭിനയ നാടകം.
ഒരേ നടി,
അമ്മ.

പാടം
കളിക്കളക്കുപ്പായമിടുമ്പോൾ
തെങ്ങേറിയും
തേവിയും
വിശപ്പിനോട് പന്തയം വെക്കുന്നു.
തളരാതോടുമ്പോഴും
അതിരുമാന്തി
പോരിന് വരുന്നു.

കുളക്കടവിലെ
മൂവാണ്ടൻ മാവിൽ
ഒറ്റക്കയറിൽ ഊഞ്ഞാലാടുന്നപ്പനെ,
തോട്ടിൽ കരയിലെ വീട്ടിലേക്ക്
അഴിച്ചു കിടത്തി.

ഉടലിൽ
ചുവന്ന നക്ഷത്രങ്ങൾ
തിളങ്ങും,
അപ്പനെ നോക്കിനോക്കി
അമ്മ, തോടിനുറവയായി.
ഒരൊറ്റ വീഴ്ചയിൽ
കിടന്നുപോയ വൃദ്ധനായി,
വീട്.

വേനലിൽ മെലിഞ്ഞുപോയ
നദിയുടെ ഉടലുപോലെ,
അമ്മ.

തെങ്ങേറുമ്പോഴും
തേവുമ്പോഴും
ഒടിച്ചുകുത്തിയിൽ പിടിയിട്ട
നോട്ടമെത്തുന്നു.
അപ്പനിൽ നിന്ന്
ഗ്രാമം എന്നെ
ഒടിച്ചുകുത്തുന്നു,
അകറ്റി നിർത്തുന്നു.

അതിരിൽ ടയറുരഞ്ഞ്,
കണ്ണുരുട്ടി,
പോലീസ് ജീപ്പ് നിൽക്കുന്നു,
വാക്കിനാൽ കുരിശ്ശിലേറ്റുന്നു.

കള്ളൻ മാത്രമാകുന്ന
കളിയിടങ്ങിൽ നിന്ന് കുതറി,
തോൽക്കില്ലെന്നുറപ്പിച്ച്
മുങ്ങാം കുഴിയിടുന്നു.
വിജയശേഷവും
പൊന്തിവരാൻ തോന്നാതെയല്ല,
ജലത്തിനടിയിലേക്ക്

ചവിട്ടിത്താഴ്​ത്തിയ
കാൽ, ഉടലിലേക്ക്
​ഒടിച്ചുകുത്തുന്നു, ചാവ്!
​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments