ആദ്യമാദ്യം തളർച്ചയുടെ വക്കിൽ
ഒക്കാനത്തോടെ അവൾ നിന്നു.
വയറ്റീന്നൊരു ധ്വനി തലച്ചോറ് വഴി
വായിലെത്തുമ്പോൾ കെട്ടിക്കിടന്നത്
പ്രളയം പോലെ പൊട്ടിയൊലിച്ചു.
‘ഉം, ഓൾക്ക് വിശേഷായി…’
അയൽക്കൂട്ടത്തിലെ വൈന്നേരചായയിൽ
എല്ലാരും ഓളെ ഓക്കാനം മുക്കികുടിച്ചു.
ക്ഷമിച്ചാൽ ശഹീദിന്റെ കൂലി
സഹിച്ചാൽ കാൽചോട്ടിൽ സ്വർഗ്ഗം
മീൻമണം മൂക്കിലെത്തുമ്പോൾ
അന്നനാളം തളരും.
കൂട്ടാൻ വെച്ചത് കൂട്ടുമ്പോൾ
ഉച്ചത്തിൽ തൊണ്ട പൊട്ടും.
അപ്പോൾ സിങ്ക് വഴിയൊരു
മാംസക്കഷ്ണം ഇറങ്ങിപ്പോകും.
പതിയെ വയറ്റീന്ന് തള്ളും
വയറ് പൊന്തി ബലൂണാകും.
സുഖപ്രസവാട്ടോ- ന്ന് പുറത്ത്ന്ന്
ആരോ പറയും
അത്ര സുഖല്ല്യാട്ടോ -ന്ന്
ചുണ്ടുകൾ മന്ത്രിക്കും.
അന്നേരം കാൽച്ചോട്ടീന്ന് സ്വർഗ്ഗം ഉണരും
എല്ലാം സുഖാവുംന്ന് കാതിലോതും
ഓക്കാനം മുട്ട്മടക്കി യാത്രയാകും.
പൊട്ടിത്തെറിച്ചൊരു മാംസകഷ്ണം
മിഴിതുറന്ന് ചിരിക്കും.
▮
ശഹീദിന്റെ കൂലി: രക്തസാക്ഷിക്ക് ലഭിക്കുന്ന പ്രതിഫലം (ഇസ്‌ലാം മത വിശ്വാസപ്രകാരം ഏറ്റവും വലിയ പ്രതിഫലം).
